Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · മഹാരണ്യപ്രവേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
പ്രത്യുഷസ്യുത്ഥായ തൻ നിത്യകർമ്മവും ചെയ്തു
നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാൻ.
2
Keep
"പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങൾക്കു മുനി-
മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു
3
Keep
ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം
പണ്ഡിതശ്രേഷ്ഠ! കരുണാനിധേ! തപോനിധേ!
4
Keep
ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ-
ളിങ്ങുനിന്നയയ്ക്കേണം ശിഷ്യരിൽ ചിലരെയും."
5
Keep
ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു
തിങ്ങീടും കൗതൂഹലംപൂണ്ടുടനരുൾചെയ്തു:
6
Keep
"നേരുള്ള മാർഗ്ഗം ഭവാനേവർക്കും കാട്ടീടുന്നി-
താരുള്ളതഹോ തവ നേർവഴി കാട്ടീടുവാൻ!
7
Keep
എങ്കിലും ജഗദനുകാരിയാം നിനക്കൊരു
സങ്കടം വേണ്ടാ വഴികാട്ടീടും ശിഷ്യരെല്ലാം."
8
Keep
"ചെല്ലുവിൻ നിങ്ങൾ മുമ്പിൽനടക്കെ"ന്നവരോടു
ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാൻ.
9
Keep
അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി-
തന്നോടു രാമചന്ദ്രൻ വന്ദിച്ചു ഭക്തിപൂർവം:
10
Keep
"നിന്തിരുവടി കനിഞ്ഞങ്ങെഴുന്നള്ളീടണ-
മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ."
11
Keep
എന്നു കേട്ടാശീർവാദം ചെയ്തുടൻ മന്ദം മന്ദം
ചെന്നു തൻ പർണ്ണശാല പുക്കിരുന്നരുളിനാൻ.
12
Keep
പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോൾ
മുന്നിലാമ്മാറു മഹാവാഹിനി കാണായ്വന്നു.
13
Keep
അന്നേരം ശിഷ്യർകളോടരുളിച്ചെയ്തു രാമ-
"നിന്നദി കടപ്പതിനെന്തുപായങ്ങളുള്ളൂ?"
14
Keep
എന്നുകേട്ടവർകളും ചൊല്ലിനാ"രെന്തു ദണ്ഡം
മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും.
15
Keep
വേഗേന ഞങ്ങൾ കടത്തീടുന്നതുണ്ടുതാനു-
മാകുലം വേണ്ട ഞങ്ങൾക്കുണ്ടല്ലോ പരിചയം.
16
Keep
എങ്കിലോ തോണികരേറീടാ"മെന്നവർ ചൊന്നാർ,
ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാർ.
17
Keep
ശ്രീരാമൻ പ്രസാദിച്ചു താപസകുമാരക-
ന്മാരോടു "നിങ്ങൾ കടന്നങ്ങുപോകെ"ന്നു ചൊന്നാൻ.
18
Keep
ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ-
രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാർ.
19
Keep
ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ
ഘോരമായുള്ള മഹാകാനനമകംപുക്കാർ.
20
Keep
ഝില്ലീഝങ്കാരനാദമണ്ഡിതം സിംഹവ്യാഘ്ര-
ശല്യാദിമൃഗഗണാകീർണ്ണമാതപഹീനം
21
Keep
ഘോരരാക്ഷസകുലസേവിതം ഭയാനകം
ക്രൂരസർപ്പാദിപൂർണ്ണം കണ്ടു രാഘവൻ ചൊന്നാൻ
22
Keep
"ലക്ഷ്മണാ! നന്നായ് നാലുപുറവും നോക്കിക്കൊൾക
ഭക്ഷണാർത്ഥികളല്ലോ രക്ഷസാം പരിഷകൾ.
23
Keep
വില്ലിനി നന്നായ്ക്കുഴിയെക്കുലയ്ക്കയും വേണം
നല്ലൊരു ശരമൂരിപ്പിടിച്ചുകൊൾക കൈയിൽ.
24
Keep
മുന്നിൽ നീ നടക്കേണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം.
25
Keep
ജീവാത്മപരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ
26
Keep
ആവയോർമ്മദ്ധ്യേ നടന്നീടുകവേണം സീതാ-
ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്വരാ."
27
Keep
ഇത്തരമരുൾചെയ്തു തൽപ്രകാരേണ പുരു-
ഷോത്തമൻ ധനുർദ്ധരനായ് നടന്നോരുശേഷം
28
Keep
പിന്നിട്ടാരുടനൊരു യോജനവഴിയപ്പോൾ
മുന്നിലാമ്മാറങ്ങൊരു പുഷ്കരിണിയും കണ്ടാർ.
29
Keep
കല്ഹാരോൽപലകുമുദാംബുജരക്തോൽപല-
ഫുല്ലപുഷ്പേന്ദീവരശോഭിതമച്ഛജലം
30
Keep
തോയപാനവുംചെയ്തു വിശ്രാന്തന്മാരായ് വൃക്ഷ-
ച്ഛായാഭൂതലേ പുനരിരുന്നു യഥാസുഖം.
Previous
←
ആരണ്യകാണ്ഡം
Next
വിരാധവധം
→