Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · വിരാധവധം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അന്നേരമാശു കാണായ്വന്നിതു വരുന്നത-
ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
2
Keep
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്ട്രാന്വിത-
വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
3
Keep
വാമാംസസ്ഥലന്യസ്തശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാർദ്ദൂലസിംഹമഹിഷവരാഹാദി
4
Keep
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുള്ളിത്തുള്ളി.
5
Keep
പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ-
ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം.
6
Keep
ഉത്ഥാനംചെയ്തു ചാപബാണങ്ങൾ കൈക്കൊണ്ടഥ
ലക്ഷ്മണൻതന്നോടരുൾചെയ്തിതു രാമചന്ദ്രൻ
7
Keep
"കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.
8
Keep
സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു
നിന്നുകൊള്ളുക ചിത്തമുറച്ചു കുമാര! നീ.
9
Keep
വല്ലഭേ! ബാലേ! സീതേ! പേടിയായ്കേതുമെടോ!
വല്ലജാതിയും പരിപാലിച്ചുകൊൾവനല്ലോ."
10
Keep
എന്നരുൾചെയ്തു നിന്നാനേതുമൊന്നിളകാതെ
വന്നുടനടുത്തിതു രാക്ഷസപ്രവരനും.
11
Keep
നിഷ്ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ-
മട്ടഹാസം ചെയ്തിടിവെട്ടീടും നാദം പോലെ
12
Keep
ദൃഷ്ടിയിൽനിന്നു കനൽക്കട്ടകൾ വീഴും വണ്ണം
പുഷ്ടകോപേന ലോകം ഞെട്ടുമാറുര ചെയ്താൻ
13
Keep
"കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും
ദുഷ്ടജന്തുക്കളേറ്റമുള്ള വൻകാട്ടിലിപ്പോൾ
14
Keep
നിൽക്കുന്നതസ്തഭയം ചാപതൂണിരബാണ-
വല്ക്കലജടകളും ധരിച്ചു മുനിവേഷം
15
Keep
കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു-
മുൾക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങൾ.
16
Keep
കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടിൽ
സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊൽവിൻ."
17
Keep
രക്ഷോവാണികൾ കേട്ടു തൽക്ഷണമരുൾചെയ്താ-
നിക്ഷ്വാകുകുലനാഥൻ മന്ദഹാസാനന്തരം
18
Keep
"രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവൾ
വാമലോചന സീതാദേവിയെന്നല്ലോ നാമം.
19
Keep
ലക്ഷ്മണനെന്നു നാമമിവനും മൽസോദരൻ
പുക്കിതു വനാന്തരം ജനകനിയോഗത്താൽ,
20
Keep
രക്ഷോജാതികളാകുമിങ്ങനെയുള്ളവരെ-
ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ."
21
Keep
ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു
വക്ത്രവും പിളർന്നൊരു സാലവും പറിച്ചോങ്ങി
22
Keep
ക്രുദ്ധനാം നിശാചരൻ രാഘവനോടു ചൊന്നാൻ
"ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ?
23
Keep
ഇത്രിലോകത്തിലെന്നെയാരറിയാതെയുള്ള-
തെത്രയും മൂഢൻ ഭവാനെന്നിഹ ധരിച്ചേൻ ഞാൻ.
24
Keep
മത്ഭയം നിമിത്തമായ് താപസരെല്ലാമിപ്പോ-
ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാർ.
25
Keep
നിങ്ങൾക്കു ജീവിക്കയിലാശയുണ്ടുള്ളിലെങ്കി-
ലംഗനാരത്നത്തെയുമായുധങ്ങളും വെടി-
26
Keep
ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്കിലെനിക്കിപ്പോൾ
തിങ്ങീടും വിശപ്പടക്കീടുവേൻ ഭവാന്മാരാൽ."
27
Keep
ഇത്തരം പറഞ്ഞവൻ മൈഥിലിതന്നെ നോക്കി-
സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോൾ
28
Keep
പത്രികൾ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോൾ
ക്രുദ്ധിച്ചു രാമം പ്രതി വക്ത്രവും പിളർന്നതി-
29
Keep
സത്വരം നക്തഞ്ചരനടുത്താനതുനേര-
മസ്ത്രങ്ങൾകൊണ്ടു ഖണ്ഡിച്ചീടിനാൻ പാദങ്ങളും
30
Keep
ബദ്ധരോഷത്തോടവൻ പിന്നെയുമടുത്തപ്പോ-
ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമൻ.
31
Keep
രക്തവും പരന്നിതു ഭൂമിയിലതുകണ്ടു
ചിത്തകൗതുകത്തോടു പുണർന്നു വൈദേഹിയും.
32
Keep
നൃത്തവും തുടങ്ങിനാരപ്സരസ്ത്രീകളെല്ലാ-
മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.
33
Keep
അന്നേരം വിരാധൻതന്നുള്ളിൽനിന്നുണ്ടായൊരു
ധന്യരൂപനെക്കാണായ്വന്നിതാകാശമാർഗ്ഗേ.
34
Keep
സ്വർണ്ണഭൂഷണം പൂണ്ടു സൂര്യസന്നിഭകാന്ത്യാ
സുന്ദരശരീരനായ് നിർമ്മലാംബരത്തോടും
35
Keep
രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
36
Keep
ഇന്ദിരാരമണമിന്ദീവരദളശ്യാമ-
മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
37
Keep
സുന്ദരം സുകുമാരം സുകൃതിജനമനോ-
മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
38
Keep
വന്ദിച്ചു ദണ്ഡനമസ്കാരവും ചെയ്തു ചിത്താ-
നന്ദം പൂണ്ടവൻ പിന്നെ സ്തുതിച്ചുതുടങ്ങിനാൻ
39
Keep
"ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരൻ!
കാരുണ്യമൂർത്തേ! കമലാപതേ! ധരാപതേ!
40
Keep
ദുർവാസാവായ മുനിതന്നുടെ ശാപത്തിനാൽ
ഗർവിതനായോരു രാത്രിഞ്ചരനായേനല്ലോ.
41
Keep
നിന്തിരുവടിയുടെ മാഹാത്മ്യം കൊണ്ടു ശാപ-
ബന്ധവും തീർന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!
42
Keep
സന്തതമിനിച്ചരണാംബുജയുഗം തവ
ചിന്തിക്കായ്വരേണമേ മാനസത്തിനു ഭക്ത്യാ.
43
Keep
വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം
പാണികൾകൊണ്ടു ചരണാർച്ചനം ചെയ്യാകേണം
44
Keep
ശ്രോത്രങ്ങൾകൊണ്ടു കഥാശ്രവണം ചെയ്യാകേണം
നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകേണം.
45
Keep
ഉത്തമാംഗേന നമസ്കരിക്കായ്വന്നീടേണ-
മുത്തമഭക്തന്മാർക്കു ഭൃത്യനായ് വരേണം ഞാൻ.
46
Keep
നമസ്തേ ഭഗവതേ ജ്ഞാനമൂർത്തയേ നമോ
നമസ്തേ രാമായാത്മാരാമായ നമോ നമഃ
47
Keep
നമസ്തേ രാമായ സീതാഭിരാമായ നിത്യം
നമസ്തേ രാമായ ലോകാഭിരാമായ നമഃ
48
Keep
ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം
ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേൻ.
49
Keep
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്കംബുജവിലോചന! സന്തതം നമസ്കാരം."
50
Keep
ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ-
നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും.
51
Keep
"മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ
ഭക്തിയുണ്ടായാലുടൻ മുക്തിയും ലഭിച്ചീടും."
52
Keep
രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരൻ
കാമലാഭേന പോയി നാകലോകവും പുക്കാൻ.
53
Keep
ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു
ദുഷ്കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം.
Previous
←
മഹാരണ്യപ്രവേശം
Next
ശരഭംഗമന്ദിരപ്രവേശം
→