Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ലക്ഷ്മണോപദേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവൻ
തൃക്കഴൽ കൂപ്പി വിനയാനതനായിച്ചൊന്നാൻ:
2
Keep
"മുക്തിമാർഗ്ഗത്തെയരുൾചെയ്യേണം ഭഗവാനേ!
ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം.
3
Keep
ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്നമെല്ലാം
മാനസാനന്ദം വരുമാറരുൾചെയ്തീടേണം.
4
Keep
ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ലാം
നേരോടെയുപദേശിച്ചീടുവാൻ ഭൂമണ്ഡലേ."
5
Keep
ശ്രീരാമനതു കേട്ടു ലക്ഷ്മണൻതന്നോടപ്പോ-
ളാരൂഢാനന്ദമരുൾചെയ്തിതു വഴിപോലെ
6
Keep
"കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം
കേട്ടോളം തീർന്നുകൂടും വികല്പഭ്രമമെല്ലാം.
7
Keep
മുമ്പിനാൽ മായാസ്വരൂപത്തെ ഞാൻ ചൊല്ലീടുവ-
നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ.
8
Keep
വിജ്ഞാനസഹിതമാം ജ്ഞാനവും ചൊൽവൻ പിന്നെ
വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ!
9
Keep
ജ്ഞേയമായുള്ള പരമാത്മാനമറിയുമ്പോൾ
മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ.
10
Keep
ആത്മാവല്ലാതെയുള്ള ദേഹാദിവസ്തുക്കളി-
ലാത്മാവെന്നുള്ള ബോധം യാതൊന്നു ജഗത്ത്രയേ
11
Keep
മായയാകുന്നതതു നിർണ്ണയമതിനാലെ
കായസംബന്ധമാകും സംസാരം ഭവിക്കുന്നു.
12
Keep
ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു
രണ്ടുരൂപം മായയ്ക്കെന്നറിക സൗമിത്രേ! നീ.
13
Keep
എന്നതിൽ മുന്നേതല്ലോ ലോകത്തെക്കല്പിക്കുന്ന-
തെന്നറികതിസ്ഥൂലസൂക്ഷ്മഭേദങ്ങളോടും
14
Keep
ലിംഗാദി ബ്രഹ്മാന്തമാമവിദ്യാരൂപമതും
സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും.
15
Keep
ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ-
താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും.
16
Keep
മായാകല്പിതം പരമാത്മനി വിശ്വമെടോ!
മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു.
17
Keep
രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ.
18
Keep
മാനവന്മാരാൽ കാണപ്പെട്ടതും കേൾക്കായതും
മാനസത്തിങ്കൽ സ്മരിക്കപ്പെടുന്നതുമെല്ലാം
19
Keep
സ്വപ്നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ
വിഭ്രമം കളഞ്ഞാലും വികല്പമുണ്ടാകേണ്ട.
20
Keep
ജന്മസംസാരവൃക്ഷമൂലമായതു ദേഹം
തന്മൂലം പുത്രകളത്രാദി സംബന്ധമെല്ലാം.
21
Keep
ദേഹമായതു പഞ്ചഭൂതസഞ്ചയമയം
ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാൽ.
22
Keep
ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി
മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ലാം
23
Keep
ഓർത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ
ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം
24
Keep
എന്നിവറ്റിങ്കൽനിന്നു വേറൊന്നു ജീവനതും
നിർണ്ണയം പരമാത്മാ നിശ്ചലൻ നിരാമയൻ.
25
Keep
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുള്ള
സാധനങ്ങളെക്കേട്ടുകൊള്ളുക സൗമിത്രേ! നീ.
26
Keep
ജീവാത്മാവെന്നും പരമാത്മാവെന്നതുമോർക്കിൽ
കേവലം പര്യായശബ്ദങ്ങളെന്നറിഞ്ഞാലും.
27
Keep
ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ.
28
Keep
മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം
മാനസേ വെടിഞ്ഞു സന്തുഷ്ടനായ് സദാകാലം
29
Keep
അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ
മന്യുഭാവവുമകലെക്കളഞ്ഞനുദിനം
30
Keep
ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്തു നിജ-
ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്തുകൊണ്ടു
31
Keep
നിത്യവും സൽക്കർമ്മങ്ങൾക്കിളക്കം വരുത്താതെ
സത്യത്തെസ്സമാശ്രയിച്ചാനന്ദസ്വരൂപനായ്
32
Keep
മാനസവചനദേഹങ്ങളെയടക്കിത്ത-
ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ
33
Keep
ജനനജരാമരണങ്ങളെച്ചിന്തിച്ചുള്ളി-
ലനഹങ്കാരത്വേന സമഭാവനയോടും
34
Keep
സർവാത്മാവാകുമെങ്കലുറച്ച മനസ്സോടും
സർവദാ രാമരാമേത്യമിതജപത്തൊടും
35
Keep
പുത്രദാരാർത്ഥാദിഷു നിസ്നേഹത്വവും ചെയ്തു
സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം
36
Keep
ഇഷ്ടാനിഷ്ടപ്രാപ്തിക്കു തുല്യഭാവത്തോടു സ-
ന്തുഷ്ടനായ് വിവിക്തശുദ്ധസ്ഥലേ വസിക്കേണം
37
Keep
പ്രാകൃതജനങ്ങളുമായ് വസിക്കരുതൊട്ടു-
മേകാന്തേ പരമാത്മജ്ഞാനതൽപരനായി
38
Keep
വേദാന്തവാക്യാർത്ഥങ്ങളവലോകനം ചെയ്തു
വൈദികകർമ്മങ്ങളുമാത്മനി സമർപ്പിച്ചാൽ
39
Keep
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും
മാനസേ വികല്പങ്ങളേതുമേയുണ്ടാകൊല്ലാ.
40
Keep
ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി-
ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യഹംകാരം
41
Keep
മാനസാദികളൊന്നുമിവറ്റിൽനിന്നു മേലേ
മാനമില്ലാത പരമാത്മാവുതാനേ വേറേ
42
Keep
നില്പിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം
തൽപദാത്മാ ഞാനിഹ ത്വൽപദാർത്ഥവുമായി
43
Keep
ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീടാം
ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്തുതന്നെ.
44
Keep
ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനം കൊണ്ടു തന്നെ
ഞാനിതെന്നറിവിനു സാധനമാകയാലെ.
45
Keep
സർവത്ര പരിപൂർണ്ണനാത്മാവു ചിദാനന്ദൻ
സർവസത്വാന്തർഗ്ഗതനപരിച്ഛേദ്യനല്ലോ.
46
Keep
ഏകനദ്വയൻ പരനവ്യയൻ ജഗന്മയൻ
യോഗേശനജനഖിലാധാരൻ നിരാധാരൻ
47
Keep
നിത്യസത്യജ്ഞാനാദിലക്ഷണൻ ബ്രഹ്മാത്മകൻ
ബുദ്ധ്യുപാധികളിൽ വേറിട്ടവൻ മായാമയൻ
48
Keep
ജ്ഞാനം കൊണ്ടുപഗമ്യൻ യോഗിനാമേകാത്മനാം
ജ്ഞാനമാചാര്യശാസ്ത്രൗഘോപദേശൈക്യജ്ഞാനം.
49
Keep
ആത്മനോരേവം ജീവപരയോർമ്മൂലവിദ്യാ
ആത്മനി കാര്യകാരണങ്ങളും കൂടിച്ചേർന്നു
50
Keep
ലയിച്ചീടുമ്പോളുള്ളോരവസ്ഥയല്ലോ മുക്തി
ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ.
51
Keep
ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ-
മാനന്ദമായിട്ടുള്ള കൈവല്യസ്വരൂപമി-
52
Keep
തുള്ളവണ്ണമേ പറവാനുമിതറിവാനു-
മുള്ളം നല്ലുണർവുള്ളോരില്ലാരും ജഗത്തിങ്കൽ.
53
Keep
മത്ഭക്തിയില്ലാതവർക്കെത്രയും ദുർലഭം കേൾ
മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരും താനും.
54
Keep
നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി
രാത്രിയിൽ തന്റെ പദം ദീപമുണ്ടെന്നാകിലേ
55
Keep
നേരുള്ള വഴിയറിഞ്ഞീടാവിതവ്വണ്ണമേ
ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ് വരൂ.
56
Keep
ഭക്തനു നന്നായ് പ്രകാശിക്കുമാത്മാവു നൂനം
ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ.
57
Keep
മത്ഭക്തന്മാരോടുള്ള നിത്യസംഗമമതും
മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും
58
Keep
ഏകാദശ്യാദി വ്രതാനുഷ്ഠാനങ്ങളും പുന-
രാകുലമെന്നിയേ സാധിച്ചുകൊൾകയുമഥ
59
Keep
പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല
ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ
60
Keep
മൽക്കഥാപാഠശ്രവണങ്ങൾചെയ്കയും മുദാ
മൽഗുണനാമങ്ങളെക്കീർത്തിച്ചുകൊള്ളുകയും
61
Keep
സന്തതമിത്ഥമെങ്കൽ വർത്തിക്കും ജനങ്ങൾക്കൊ-
രന്തരം വരാതൊരു ഭക്തിയുമുണ്ടായ്വരും.
62
Keep
ഭക്തി വർദ്ധിച്ചാൽ പിന്നെ മറ്റൊന്നും വരേണ്ടതി-
ല്ലുത്തമോത്തമന്മാരായുള്ളവരവരല്ലോ.
63
Keep
ഭക്തിയുക്തനു വിജ്ഞാനജ്ഞാനവൈരാഗ്യങ്ങൾ
സദ്യഃ സംഭവിച്ചീടുമെന്നാൽ മുക്തിയും വരും.
64
Keep
മുക്തിമാർഗ്ഗം താവകപ്രശ്നാനുസാരവശാ-
ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ.
65
Keep
വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ
ഭക്തന്മാർക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ.
66
Keep
ഭക്തനെന്നാകിലവൻ ചോദിച്ചീലെന്നാകിലും
വക്തവ്യമവനോടു വിശ്വാസം വരികയാൽ.
67
Keep
ഭക്തിവിശ്വാസശ്രദ്ധായുക്തനാം മർത്ത്യനിതു
നിത്യമായ് പാഠം ചെയ്കിലജ്ഞാനമകന്നുപോം.
68
Keep
ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു നൂനം
ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും."
Previous
←
പഞ്ചവടി പ്രവേശം
Next
ശൂർപ്പണഖാഗമനം
→