Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ജടായുഗതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോൾ
തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയിൽ.
2
Keep
ശസ്ത്രചാപങ്ങളോടും കൂടവേ കിടക്കുന്ന-
തെത്രയുമടുത്തുകാണായിതു മദ്ധ്യേമാർഗ്ഗം.
3
Keep
അന്നേരം സൗമിത്രിയോടരുളിച്ചെയ്തു രാമൻ
"ഭിന്നമായോരു രഥം കാൺകെടോ കുമാര! നീ.
4
Keep
തന്വംഗി തന്നെയൊരു രാക്ഷസൻ കൊണ്ടുപോമ്പോ-
ളന്യരാക്ഷസനവനോടു പോർ ചെയ്തീടിനാൻ.
5
Keep
അന്നേരമഴിഞ്ഞ തേർക്കോപ്പിതാ കിടക്കുന്നു
എന്നു വന്നീടാമവർ കൊന്നാരോ ഭക്ഷിച്ചാരോ?"
6
Keep
ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോൾ
ഘോരമായൊരു രൂപം കാണായി ഭയാനകം.
7
Keep
"ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു-
ധാനനിക്കിടക്കുന്നതത്ര നീ കണ്ടീലയോ?
8
Keep
കൊല്ലുവേനിവനെ ഞാൻ വൈകാതെ ബാണങ്ങളും
വില്ലുമിങ്ങാശു തന്നീടെ"ന്നതു കേട്ടനേരം
9
Keep
വിത്രസ്തഹൃദയനായ് പക്ഷിരാജനും ചൊന്നാൻ
"വധ്യനല്ലഹം തവ ഭക്തനായോരു ദാസൻ
10
Keep
മിത്രമെത്രയും തവ താതനു വിശേഷിച്ചും
സ്നിഗ്ദ്ധനായിരിപ്പൊരു പക്ഷിയാം ജടായു ഞാൻ.
11
Keep
ദുഷ്ടനാം ദശമുഖൻ നിന്നുടെ പത്നിതന്നെ-
ക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാൻ
12
Keep
പെട്ടെന്നു ചെന്നു തടുത്തവനെ യുദ്ധംചെയ്തു
മുട്ടിച്ചു തേരും വില്ലും പൊട്ടിച്ചുകളഞ്ഞപ്പോൾ
13
Keep
വെട്ടിനാൻ ചന്ദ്രഹാസം കൊണ്ടവൻ ഞാനുമപ്പോൾ
പുഷ്ടവേദനയോടും ഭൂമിയിൽ വീണേനല്ലോ.
14
Keep
നിന്തിരുവടിയെക്കണ്ടൊഴിഞ്ഞു മരിയായ്കെ-
ന്നിന്ദിരാദേവിയോടു വരവും വാങ്ങിക്കൊണ്ടേൻ.
15
Keep
തൃക്കൺപാർക്കേണമെന്നെക്കൃപയാ കൃപാനിധേ!
തൃക്കഴലിണ നിത്യമുൾക്കാമ്പിൽ വസിക്കേണം."
16
Keep
ഇത്തരം ജടായുതൻ വാക്കുകൾ കേട്ടു നാഥൻ
ചിത്തകാരുണ്യംപൂണ്ടു ചെന്നടുത്തിരുന്നു തൻ-
17
Keep
തൃക്കൈകൾകൊണ്ടു തലോടീടിനാനവനുടൽ
ദുഖാശ്രുപ്ലുതനയനത്തോടും രാമചന്ദ്രൻ.
18
Keep
"ചൊല്ലുചൊല്ലഹോ! മമ വല്ലഭാവൃത്താന്തം നീ-
യെല്ലാ"മെന്നതു കേട്ടു ചൊല്ലിനാൻ ജടായുവും
19
Keep
"രക്ഷോനായകനായ രാവണൻ ദേവിതന്നെ-
ദ്ദക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും.
20
Keep
ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ
നല്ലതു വരുവതിനായനുഗ്രഹിക്കേണം.
21
Keep
നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ
ബന്ധമറ്റീടും വണ്ണം മരിപ്പാനവകാശം
22
Keep
വന്നതു ഭവൽ കൃപാപാത്രമാകയാലഹം
പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ!
23
Keep
നിന്തിരുവടി സാക്ഷാൽ ശ്രീമഹാവിഷ്ണു പരാ-
നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ
24
Keep
സന്തതമന്തർഭാഗേ വസിച്ചീടുക വേണം.
നിന്തിരുമേനി ഘനശ്യാമളമഭിരാമം.
25
Keep
അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം
ബന്ധവുമറ്റു മുക്തനായേൻ ഞാനെന്നു നൂനം.
26
Keep
ബന്ധുഭാവേന ദാസനാകിയോരടിയനെ-
ബന്ധൂകസുമസമതൃക്കരതലം തന്നാൽ
27
Keep
ബന്ധുവത്സല! മന്ദം തൊട്ടരുളേണമെന്നാൽ
നിന്തിരുമലരടിയോടു ചേർന്നീടാമല്ലോ."
28
Keep
ഇന്ദിരാപതിയതു കേട്ടുടൻ തലോടിനാൻ
മന്ദമന്ദം പൂർണ്ണാത്മാനന്ദം വന്നീടുംവണ്ണം
29
Keep
അന്നേരം പ്രാണങ്ങളെ ത്യജിച്ചു ജടായുവും
മന്നിടം തന്നിൽ വീണനേരത്തു രഘുവരൻ
30
Keep
കണ്ണുനീർവാർത്തു ഭക്തവാത്സല്യപരവശാ-
ലർണ്ണോജനേത്രൻ പിതൃമിത്രമാം പക്ഷീന്ദ്രന്റെ
31
Keep
ഉത്തമാംഗത്തെയെടുത്തുത്സംഗസീമ്നി ചേർത്തി-
ട്ടുത്തരകാര്യാർത്ഥമായ് സോദരനോടു ചൊന്നാൻ
32
Keep
"കാഷ്ഠങ്ങൾ കൊണ്ടുവന്നു നല്ലൊരു ചിത തീർത്തു
കൂട്ടണമഗ്നിസംസ്കാരത്തിനു വൈകീടാതെ."
33
Keep
ലക്ഷ്മണനതുകേട്ടു ചിതയും തീർത്തീടിനാൻ
തൽക്ഷണം കുളിച്ചു സംസ്കാരവും ചെയ്തു പിന്നെ
34
Keep
സ്നാനവും കഴിച്ചുദകക്രിയാദിയും ചെയ്തു
കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം
35
Keep
പുല്ലിന്മേൽവച്ചു ജലാദികളും നൽകീടിനാൻ
നല്ലൊരു ഗതിയവനുണ്ടാവാൻ പിത്രർത്ഥമായ്.
36
Keep
പക്ഷികളിവയെല്ലാം ഭക്ഷിച്ചു സുഖിച്ചാലും
പക്ഷീന്ദ്രനിതുകൊണ്ടു തൃപ്തനായ് ഭവിച്ചാലും.
37
Keep
കാരുണ്യമൂർത്തി കമലേക്ഷണൻ മധുവൈരി-
സാരൂപ്യം ഭവിക്കെന്നു സാദരമരുൾചെയ്തു.
38
Keep
അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു-
സന്നിഭം ദിവ്യരൂപം പൂണ്ടൊരു ജടായുവും
39
Keep
ശംഖാരിഗദാപത്മമകുടപീതാംബരാ-
ദ്യങ്കിതരൂപംപൂണ്ട വിഷ്ണുപാർഷദന്മാരാൽ
40
Keep
പൂജിതനായി സ്തുതിക്കപ്പെട്ടു മുനികളാൽ
തേജസാ സകലദിഗ് വ്യാപ്തനായ് കാണായ് വന്നു.
41
Keep
സന്നതഗാത്രത്തോടുമുയരേക്കൂപ്പിത്തൊഴു-
തുന്നതഭക്തിയോടേ രാമനെ സ്തുതിചെയ്താൻ:
Previous
←
സീതാന്വേഷണം
Next
ജടായുസ്തുതി
→