Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സീതാന്വേഷണം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു
കാമരൂപിണം മാരീചാസുരമെയ്തു കൊന്നു
2
Keep
വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന-
രാഗമക്കാതലായ രാഘവൻതിരുവടി.
3
Keep
നാലഞ്ചു ശരപ്പാടു നടന്നോരനന്തരം
ബാലകൻ വരവീഷദ്ദൂരവേ കാണായ് വന്നു.
4
Keep
ലക്ഷ്മണൻ വരുന്നതു കണ്ടു രാഘവൻതാനു-
മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം.
5
Keep
ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-
മിക്കാലമിവനേയും വഞ്ചിക്കെന്നതേ വരൂ.
6
Keep
രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ
ലക്ഷ്മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു?
7
Keep
അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ
ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നു കൂടാ.
8
Keep
ദുഃഖിച്ചുകൊള്ളൂ ഞാനും പ്രാകൃതനെന്ന പോലെ
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ
9
Keep
രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ-
ത്തൽക്കുലത്തോടും കൂടെ രാവണൻതന്നെക്കൊന്നാൽ
10
Keep
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ
കൈക്കൊണ്ടുപോകാമയോദ്ധ്യയ്ക്കു വൈകാതെ, പിന്നെ
11
Keep
അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ
രക്ഷിച്ചു കിഞ്ചിത്കാലം ഭൂമിയിൽ വസിച്ചീടാം.
12
Keep
പുഷ്കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ-
യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും.
13
Keep
മായാമാനുഷനാകുമെന്നുടെ ചരിതവും
മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും
14
Keep
ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
15
Keep
ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ
പ്രാകൃതപുരുഷനെപ്പോലെയെന്നകതാരിൽ
16
Keep
നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻ:
"പർണ്ണശാലയിൽ സീതയ്ക്കാരൊരു തുണയുള്ളൂ?
17
Keep
എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-
ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും
18
Keep
കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ
കണ്ടകജാതികൾക്കെന്തോന്നരുതാത്തതോർത്താൽ?"
19
Keep
അഗ്രജവാക്യമേവം കേട്ടു ലക്ഷ്മണൻതാനു-
മഗ്രേ നിന്നുടനുടൻ തൊഴുതു വിവശനായ്
20
Keep
ഗദ്ഗദാക്ഷരമുരചെയ്തിതു ദേവിയുടെ
ദുർഗ്രഹവചനങ്ങൾ ബാഷ്പവും തൂകിത്തൂകി.
21
Keep
"ഹാ! ഹാ! ലക്ഷ്മണ! പരിത്രാഹി! സൗമിത്രേ! ശീഘ്രം
ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോൾ
22
Keep
ഇത്തരം നക്തഞ്ചരൻതൻ വിലാപങ്ങൾ കേട്ടു
മുദ്ധഗാത്രിയും തവ നാദമെന്നുറയ്ക്കയാൽ
23
Keep
അത്യർത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു
സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുൾചെയ്തു.
24
Keep
'ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ് വരാ
ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും.
25
Keep
രാക്ഷസനുടെ മായാഭാഷിതമിതു നൂനം
കാൽക്ഷണം പൊറുക്കെ'ന്നു ഞാൻ പലവുരു ചൊന്നേൻ.
26
Keep
എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്താ-
ളെന്നോടു പലതരമിന്നവയെല്ലാമിപ്പോൾ
27
Keep
നിന്തിരുമുമ്പിൽനിന്നു ചൊല്ലുവാൻ പണിയെന്നാൽ
സന്താപത്തോടു ഞാനും കർണ്ണങ്ങൾ പൊത്തിക്കൊണ്ടു
28
Keep
ചിന്തിച്ചു ദേവകളെ പ്രാർത്ഥിച്ചു രക്ഷാർത്ഥമായ്
നിന്തിരുമലരടി വന്ദിപ്പാൻ വിടകൊണ്ടേൻ."
29
Keep
"എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ
ശങ്കയുണ്ടായീടാമോ ദുർവചനങ്ങൾ കേട്ടാൽ?
30
Keep
യോഷമാരുടെ വാക്കു സത്യമെന്നോർക്കുന്നവൻ
ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ?
31
Keep
രക്ഷസാം പരിഷകൾ കൊണ്ടുപൊയ്ക്കളകയോ
ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല."
32
Keep
ഇങ്ങനെ നിനച്ചുടജാന്തർഭാഗത്തിങ്കൽ ചെ-
ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമൻ
33
Keep
ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാൻ
നിഷ്കളനാത്മാരാമൻ നിർഗ്ഗുണനാത്മാനന്ദൻ.
34
Keep
"ഹാ!ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ!
ഹാ!ഹാ! ജാനകീ! ദേവി! ഹാ! ഹാ! മൽപ്രാണേശ്വരി!
35
Keep
എന്നെ മോഹിപ്പിപ്പതിന്നായ് മറഞ്ഞിരിക്കയോ?
ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ."
36
Keep
ഇത്തരം പറകയും കാനനം തോറും നട-
ന്നത്തൽ പൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്
37
Keep
"വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ
വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ.
38
Keep
മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
മൃഗലോചനയായ ജനകപുത്രിതന്നേ?
39
Keep
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം.
40
Keep
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം
പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?"
41
Keep
ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു
സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ.
42
Keep
സർവദൃക് സർവേശ്വരൻ സർവജ്ഞൻ സർവാത്മാവാം
സർവകാരണനേകനചലൻ പരിപൂർണ്ണൻ
43
Keep
നിർമ്മലൻ നിരാകാരൻ നിരഹങ്കാരൻ നിത്യൻ
ചിന്മയനഖണ്ഡാനന്ദാത്മകൻ ജഗന്മയൻ
44
Keep
മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാൻ
കാര്യമാനുഷൻ മൂഢാത്മാക്കളെയൊപ്പിപ്പാനായ്.
45
Keep
തത്ത്വജ്ഞന്മാർക്കു സുഖദുഃഖഭേദങ്ങളൊന്നും
ചിത്തേ തോന്നുകയുമില്ലജ്ഞാനമില്ലായ്കയാൽ.
Previous
←
സീതാപഹരണം
Next
ജടായുഗതി
→