Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സംസ്കാരകർമ്മം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ശ്രുത്വാ ഗുരുവചനം നൃപനന്ദനൻ
കൃത്വാ യഥാവിധി സംസ്കാരകർമ്മവും
2
Keep
മിത്രഭൃത്യാമാത്യസോദരോപാദ്ധ്യായ-
യുക്തനായോരു ഭരതകുമാരനും
3
Keep
താതശരീരമെണ്ണത്തോണിതന്നിൽനി-
ന്നാദരപൂർവമെടുത്തു നീരാടിച്ചു
4
Keep
ദിവ്യാംബരാഭരണാലേപനങ്ങളാൽ
സർവാംഗമെല്ലാമലങ്കരിച്ചീടിനാൻ.
5
Keep
അഗ്നിഹോത്രാഗ്നിതന്നാലഗ്നിഹോത്രിയെ
സംസ്കരിക്കുംവണ്ണമാചാര്യസംയുതം
6
Keep
ദത്വാ തിലോദകം ദ്വാദശവാസരേ
ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാൽ
7
Keep
വേദപരായണന്മാരാം ദ്വിജാവലി-
ക്കോദനഗോധനഗ്രാമരത്നാംബര-
8
Keep
ഭൂഷണലേപനതാംബൂലപൂഗങ്ങൾ
ഘോഷേണ ദാനവുംചെയ്തു സസോദരം
9
Keep
വീണുനമസ്കരിച്ചാശീർവചനമാ-
ദാനവുംചെയ്തു വിശുദ്ധനായ് മേവിനാൻ.
10
Keep
ജാനകീലക്ഷ്മണസംയുക്തനായുടൻ
കാനനം പ്രാപിച്ച രാമകുമാരനെ
11
Keep
മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം
മാനവവീരനായോരു ഭരതനും
12
Keep
സാനുജനായ് വസിച്ചീടിനാനദ്ദിനം
നാനാസുഹൃജ്ജനത്തോടുമനാകുലം
13
Keep
തത്രവസിഷ്ഠമുനീന്ദ്രൻ മുനികുല-
സത്തമന്മാരുമായ് വന്നു സഭാന്തികേ
14
Keep
അർണ്ണോരുഹാസനസന്നിഭനാം മുനി
സ്വർണ്ണാസനേ മരുവീടിനാനാദരാൽ.
15
Keep
ശത്രുഘ്നസംയുക്തനായ ഭരതനെ-
ത്തത്ര വരുത്തിയനേരമവർകളും
16
Keep
മന്ത്രികളോടും പുരവാസികളോടു-
മന്തരാനന്ദം വളർന്നു മരുവിനാർ.
17
Keep
കുമ്പിട്ടു നിന്ന ഭരതകുമാരനോ-
ടംഭോജസംഭവനന്ദനൻ ചൊല്ലിനാൻ:
18
Keep
"ദേശകാലോചിതമായുള്ള വാക്കുകൾ
ദേശികനായ ഞാനാശു ചൊല്ലീടുവൻ
19
Keep
സത്യസന്ധൻ തവ താതൻ ദശരഥൻ
പൃത്ഥ്വീതലം നിനക്കദ്യ നൽകീടിനാൻ
20
Keep
പുത്രാഭ്യുദയാർത്ഥമേഷ കൈകേയിക്കു
ദത്തമായോരു വരദ്വയം കാരണം.
21
Keep
മന്ത്രപൂർവമഭിഷേകം നിനക്കു ഞാൻ
മന്ത്രികളോടുമൻപോടു ചെയ്തീടുവൻ.
22
Keep
രാജ്യമരാജകമാം, ഭവാനാലിനി-
ത്യാജ്യമല്ലെന്നു ധരിക്കകുമാര! നീ-
23
Keep
താതനിയോഗമനുഷ്ഠിക്കയും വേണം
പാതകമുണ്ടാമതല്ലായ്കിലേവനും.
24
Keep
ഒന്നൊഴിയാതെ ഗുണങ്ങൾ നരന്മാർക്കു
വന്നുകൂടുന്നു ഗുരുപ്രസാദത്തിനാൽ"
25
Keep
എന്നരുൾചെയ്ത വസിഷ്ഠമുനിയോടു
നന്നായ് തൊഴുതുണർത്തിച്ചു ഭരതനും:
26
Keep
"ഇന്നടിയനു രാജ്യം കൊണ്ടു കിം ഫലം?
മന്നവനാകുന്നതും മമ പൂർവജൻ.
27
Keep
ഞങ്ങളവനുടെ കിങ്കരന്മാരത്രേ
നിങ്ങളതെല്ലാമറിഞ്ഞല്ലോ മേവുന്നു.
28
Keep
നാളെപ്പുലർകാലേ പോകുന്നതുണ്ടു ഞാൻ
നാളീകനേത്രനെക്കൊണ്ടിങ്ങു പോരുവാൻ
29
Keep
ഞാനും ഭവാനുമരുന്ധതീദേവിയും
നാനാപുരവാസികളുമമാത്യരും
30
Keep
ആന തേർ കാലാൾ കുതിരപ്പടയോടു-
മാനകശംഖപടഹവാദ്യത്തോടും
31
Keep
സോദരഭൂസുരതാപസസാമന്ത-
മേദിനീപാലകവൈശ്യശൂദ്രാദിയും
32
Keep
സാദരമാശു കൈകേയിയൊഴിഞ്ഞുള്ള
മാതൃജനങ്ങളുമായിട്ടു പോകണം.
33
Keep
രാമനിങ്ങാഗമിച്ചീടുവോളം ഞങ്ങൾ
ഭൂമിയിൽത്തന്നെ ശയിക്കുന്നതേയുള്ളൂ.
34
Keep
മൂലഫലങ്ങൾ ഭുജിച്ചു ഭസിതവു-
മാലേപനം ചെയ്തു വല്ക്കലവും പൂണ്ടു
35
Keep
താപസവേഷം ധരിച്ചു ജടപൂണ്ടു
താപം കലർന്നു വസിക്കുന്നതേയുള്ളൂ"
36
Keep
ഇത്ഥം ഭരതൻ പറഞ്ഞതു കേട്ടവ-
രെ"ത്രയും നന്നുനന്നെ"ന്നു ചൊല്ലീടിനാർ.
Previous
←
ഭരതപ്രലാപം
Next
ഭരതന്റെ വനയാത്ര
→