Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഭരതരാഘവസംവാദം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അന്നേരമാശു ഭരതനും രാമനെ-
ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാൻ:
2
Keep
"രാമരാമ പ്രഭോ! രാമ! മഹാഭാഗ!
മാമക വാക്യം ചെവിതന്നു കേൾക്കണം.
3
Keep
ഉണ്ടടിയനഭിഷേകസംഭാരങ്ങൾ
കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ
4
Keep
ചെയ്കവേണമഭിഷേകവും പാലനം-
ചെയ്ക രാജ്യം തവ പൈത്ര്യം യഥോചിതം.
5
Keep
ജ്യേഷ്ഠനല്ലോ ഭവാൻ ക്ഷത്രിയാണാമതി
ശ്രേഷ്ഠമാം ധർമ്മം പ്രജാപരിപാലനം.
6
Keep
അശ്വമേധാദിയുംചെയ്തു കീർത്ത്യാ ചിരം
വിശ്വമെല്ലാം പരത്തിക്കുലതന്തവേ
7
Keep
പുത്രരേയും ജനിപ്പിച്ചു രാജ്യം നിജ-
പുത്രങ്കലാക്കി വനത്തിനുപോകണം.
8
Keep
ഇപ്പോളനുചിതമത്രേ വനവാസ-
മത്ഭുതവിക്രമ! നാഥ! പ്രസീദ മേ.
9
Keep
മാതാവു തന്നുടെ ദുഷ്കൃതം താവക-
ചേതസി ചിന്തിക്കരുതു ദയാനിധേ!"
10
Keep
ഭ്രാതാവു തന്നുടെ പാദാംബുജം ശിര-
സ്യാദായ ഭക്തിപൂണ്ടിത്ഥമുരചെയ്തു
11
Keep
ദണ്ഡനമസ്കാരവുംചെയ്തു നിന്നിതു
പണ്ഡിതനായ ഭരതകുമാരനും
12
Keep
ഉത്ഥാപ്യ രാഘവനുത്സംഗമാരോപ്യ
ചിത്തമോദേന പുണർന്നു ചൊല്ലീടിനാൻ:
13
Keep
"മദ്വാക്യമത്ര കേട്ടാലും കുമാര! നീ
യത്ത്വയോക്തം മയാ തത്തഥൈവ ശ്രുതം.
14
Keep
താതനെന്നെപ്പതിന്നാലു സംവത്സരം
പ്രീതനായ് കാനനം വാഴെന്നു ചൊല്ലിനാൻ.
15
Keep
പിത്രാ നിനക്കു രാജ്യം മാതൃസമ്മതം
ദത്തമായി പുനരെന്നതുകാരണം
16
Keep
ചേതസാ പാർക്കിൽ നമുക്കിരുവർക്കുമി-
ത്താതനിയോഗമനുഷ്ഠിക്കയും വേണം.
17
Keep
യാതൊരുത്തൻ പിതൃവാക്യത്തെ ലംഘിച്ചു
നീതിഹീനം വസിക്കുന്നിതു ഭൂതലേ
18
Keep
ജീവന്മൃതനവൻ പിന്നെ നരകത്തിൽ
മേവും മരിച്ചാലുമില്ലൊരു സംശയം.
19
Keep
ആകയാൽ നീ പരിപാലിക്ക രാജ്യവും
പോക ഞാൻ ദണ്ഡകം തന്നിൽ വാണീടുവൻ"
20
Keep
രാമവാക്യം കേട്ടു ചൊന്നാൻ ഭരതനും:
"കാമുകനായ താതൻ മൂഢമാനസൻ
21
Keep
സ്ത്രീജിതൻ ഭ്രാന്തനുന്മത്തൻ വയോധികൻ
രാജഭാവം കൊണ്ടുരാജസമാനസൻ
22
Keep
ചൊന്നവാക്യം ഗ്രാഹ്യമല്ല മഹാമതേ!
മന്നവനായ് ഭവാൻ വാഴ്ക മടിയാതെ"
23
Keep
എന്നു ഭരതവാക്യം കേട്ടു രാഘവൻ
പിന്നെയും മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ:
24
Keep
"ഭൂമിഭർത്താ പിതാ നാരീജിതനല്ല
കാമിയുമല്ല മൂഢാത്മാവുമല്ല കേൾ.
25
Keep
താതനസത്യഭയംകൊണ്ടു ചെയ്തതി-
നേതുമേ ദോഷം പറയരുതോർക്ക നീ:
26
Keep
സാധുജനങ്ങൾ നരകത്തിലുമതി-
ഭീതിപൂണ്ടീടുമസത്യത്തിൽ മാനസേ.
27
Keep
എങ്കിൽ ഞാൻ വാഴ്വേൻ വനേ നിന്തിരുവടി
സങ്കടമെന്നിയേ രാജ്യവും വാഴുക"
28
Keep
സോദരനിത്ഥം പറഞ്ഞതു കേട്ടതി-
സാദരം രാഘവൻ പിന്നെയും ചൊല്ലിനാൻ:
29
Keep
"രാജ്യം നിനക്കു,മെനിക്കു വിപിനവും
പൂജ്യനാം താതൻ വിധിച്ചതു മുന്നമേ.
30
Keep
വ്യത്യയമായനുഷ്ഠിച്ചാൽ നമുക്കതു
സത്യവിരോധം വരുമെന്നു നിർണ്ണയം."
31
Keep
"എങ്കിൽ ഞാനും നിന്തിരുവടി പിന്നാലെ
കിങ്കരനായ് സുമിത്രാത്മജനെപ്പോലെ
32
Keep
പോരുവൻ കാനനത്തിന്നതരുതെങ്കിൽ
ചേരുവേൻ ചെന്നു പരലോകമാശു ഞാൻ
33
Keep
നിത്യോപവാസേന ദേഹമുപേക്ഷിപ്പ"-
നിത്യേവമാത്മനി നിശ്ചയിച്ചന്തികേ
34
Keep
ദർഭ വിരിച്ചു കിഴക്കു തിരിഞ്ഞു നി-
ന്നപ്പോൾ വെയിലത്തുപുക്കു ഭരതനും.
35
Keep
നിർബന്ധബുദ്ധി കണ്ടപ്പോൾ രഘുവരൻ
തൽബോധനാർത്ഥം നയനാന്തസംജ്ഞയാ
36
Keep
ചൊന്നാൻ ഗുരുവിനോടപ്പോൾ വസിഷ്ഠനും
ചെന്നു കൈകേയിസുതനോടു ചൊല്ലിനാൻ:
37
Keep
"മൂഢനായീടൊലാ കേൾക്ക നീയെങ്കിലോ
ഗൂഢമായോരു വൃത്താന്തം നൃപാത്മജാ!
38
Keep
രാമനാകുന്നതു നാരായണൻ പരൻ
താമരസോത്ഭവനർത്ഥിക്കകാരണം
39
Keep
ഭൂമിയിൽ സൂര്യകുലത്തിലയോദ്ധ്യയിൽ
ഭൂമിപാലാത്മജനായിപ്പിറന്നിതു.
40
Keep
രാവണനെക്കൊന്നു ധർമ്മത്തെ രക്ഷിച്ചു
ദേവകളെപ്പരിപാലിച്ചു കൊള്ളുവാൻ.
41
Keep
യോഗമായാദേവിയായതു ജാനകി
ഭോഗിപ്രവരനാകുന്നതു ലക്ഷ്മണൻ.
42
Keep
ലോകമാതാവും പിതാവും ജനകജാ-
രാഘവന്മാരെന്നറിക വഴിപോലെ
43
Keep
രാവണനെക്കൊൽവതിന്നു വനത്തിനു
ദേവകാര്യാർത്ഥം പുറപ്പെട്ടു രാഘവൻ.
44
Keep
മന്ഥരാവാക്യവും കൈകേയിചിത്തനിർ-
ബന്ധവും ദേവകൃതമെന്നറിക നീ
45
Keep
ശ്രീരാമദേവനിവർത്തനത്തിങ്കലു-
ള്ളാഗ്രഹം നീയും പരിത്യജിച്ചീടുക,
46
Keep
കാരണപൂരുഷാനുജ്ഞയാ സത്വരം
നീ രാജധാനിക്കു പോക മടിയാതെ.
47
Keep
മന്ത്രികളോടും ജനനീജനത്തോടു-
മന്തമില്ലാത പടയോടുമിപ്പോഴേ
48
Keep
ചെന്നയോദ്ധ്യാപുരിപുക്കു വസിക്ക നീ.
വന്നീടുമഗ്രജൻതാനുമനുജനും
49
Keep
ദേവിയുമീരേഴുസംവത്സരാവധൗ
രാവണൻതന്നെ വധിച്ചു സപുത്രകം"
50
Keep
ഇത്ഥം ഗുരൂക്തികൾ കേട്ടു ഭരതനും
ചിത്തേ വളർന്നൊരു വിസ്മയം കൈക്കൊണ്ടു
51
Keep
ഭക്ത്യാ രഘൂത്തമസന്നിധൗ സാദരം
ഗത്വാ മുഹൂർന്നമസ്കൃത്വാ സസോദരം:
52
Keep
"പാദുകാം ദേഹി! രാജേന്ദ്ര! രാജ്യായ തേ
പാദബുദ്ധ്യാ മമ സേവിച്ചു കൊള്ളുവാൻ.
53
Keep
യാവത്തവാഗമനം ദേവ ദേവ! മേ
താവദേവാനാരതം ഭജിച്ചീടുവൻ"
54
Keep
ഇത്ഥം ഭരതോക്തികേട്ടു രഘൂത്തമൻ
പൊൽത്താരടികളിൽ ചേർത്ത മെതിയടി
55
Keep
ഭക്തിമാനായ ഭരതനു നൽകിനാൻ;
നത്വാപരിഗ്രഹിച്ചീടിനാൻ തമ്പിയും.
56
Keep
ഉത്തമരത്നവിഭൂഷിതപാദുകാ-
മുത്തമാംഗേ ചേർത്തു രാമനരേന്ദ്രനെ
57
Keep
ഭക്ത്യാ പ്രദക്ഷിണം കൃത്വാ നമസ്കരി-
ച്ചുത്ഥായ വന്ദിച്ചു ചൊന്നാൻ സഗദ്ഗദം:
58
Keep
"മന്വബ്ദപൂർണ്ണേ പ്രഥമദിനേ ഭവാൻ
വന്നതില്ലെന്നു വന്നീടുകിൽ പിന്നെ ഞാൻ
59
Keep
അന്യദിവസമുഷസി ജ്വലിപ്പിച്ചു
വഹ്നിയിൽ ചാടി മരിക്കുന്നതുണ്ടല്ലോ"
60
Keep
എന്നതു കേട്ടു രഘുപതിയും നിജ-
കണ്ണുനീരും തുടച്ചൻപോടു ചൊല്ലിനാൻ:
61
Keep
"അങ്ങനെതന്നെയൊരന്തരമില്ലതി-
നങ്ങു ഞാനന്നുതന്നേ വരും നിർണ്ണയം"
62
Keep
എന്നരുൾചെയ്തു വിടയും കൊടുത്തിതു
ധന്യൻ ഭരതൻ നമസ്കരിച്ചീടിനാൻ
63
Keep
പിന്നെ പ്രദക്ഷിണവുംചെയ്തു വന്ദിച്ചു
മന്ദേതരം പുറപ്പെട്ടു ഭരതനും
64
Keep
മാതൃജനങ്ങളും മന്ത്രിവരന്മാരും
ഭ്രാതാവുമാചാര്യനും മഹാസേനയും
65
Keep
ശ്രീരാമദേവനെ ചേതസി ചേർത്തുകൊ-
ണ്ടാരൂഢമോദേന കൊണ്ടുപോയീടിനാർ.
66
Keep
ശൃംഗിവേരാധിപനായ ഗുഹനേയും
മംഗലവാചാ പറഞ്ഞയച്ചീടിനാൻ.
67
Keep
മുമ്പിൽ നടന്നു ഗുഹൻ വഴികാട്ടുവാൻ
പിമ്പേ പെരുമ്പടയും നടകൊണ്ടിതു.
68
Keep
കൈകേയിതാനും സുതാനുവാദം കൊണ്ടു
ശോകമകന്നു നടന്നു മകനുമായ്
69
Keep
ഗംഗകടന്നു ഗുഹാനുവാദേന നാ-
ലംഗപ്പടയോടുകൂടെ കുമാരന്മാർ
70
Keep
ചെന്നയോദ്ധ്യാപുരിപുക്കു രഘുവരൻ-
തന്നെയും ചിന്തിച്ചുചിന്തിച്ചനുദിനം
71
Keep
ഭക്ത്യാ വിശുദ്ധബുദ്ധ്യാ പുരവാസികൾ
നിത്യസുഖേന വസിച്ചിതെല്ലാവരും
72
Keep
താപസവേഷം ധരിച്ചു ഭരതനും
താപേന ശത്രുഘ്നനും വ്രതത്തോടുടൻ
73
Keep
ചെന്നു നന്ദിഗ്രാമമൻപോടു പുക്കിതു
വന്നിതാനന്ദം ജഗദ്വാസികൾക്കെല്ലാം.
74
Keep
പാദുകാം വച്ചു സിംഹാസനേ രാഘവ-
പാദങ്ങളെന്നു സങ്കല്പിച്ചു സാദരം.
75
Keep
ഗന്ധപുഷ്പാദ്യങ്ങൾ കൊണ്ടു പൂജിച്ചുകൊ-
ണ്ടന്തികേ സേവിച്ചു നിന്നാരിരുവരും.
76
Keep
നാനാമുനിജനസേവിതനായോരു
മാനവവീരൻ മനോഹരൻ രാഘവൻ
77
Keep
ജാനകിയോടുമനുജനോടും മുദാ
മാനസാനന്ദം കലർന്നു ചില ദിനം
78
Keep
ചിത്രകൂടാചലേ വാണോരനന്തരം
ചിത്തേ നിരൂപിച്ചു കണ്ടു രഘുവരൻ.
79
Keep
മിത്രവർഗ്ഗങ്ങളയോദ്ധ്യയിൽ നിന്നു വ-
ന്നെത്തുമിവിടെയിരുന്നാലിനിയുടൻ;
80
Keep
സത്വരം ദണ്ഡകാരുണ്യത്തിനായ്ക്കൊണ്ടു
ബദ്ധമോദം ഗമിച്ചീടുക വേണ്ടതും
81
Keep
ഇത്ഥം വിചാര്യ ധരിത്രീസുതയുമ-
ത്യുത്തമനായ സൗമിത്രിയുമായ് തദാ
82
Keep
തത്യാജ ചിത്രകൂടാചലം രാഘവൻ
സത്യസന്ധൻ നടകൊണ്ടാൻ വനാന്തരേ.
Previous
←
ഭരതന്റെ വനയാത്ര
Next
അത്ര്യാശ്രമപ്രവേശം
→