Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഉമാമഹേശ്വരസംവാദം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം
2
Keep
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
നീലലോഹിതം നിജഭർത്താരം വിശ്വേശ്വരം
3
Keep
വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെ:
4
Keep
"സർവാത്മാവായ നാഥ! പരമേശ്വര! പോറ്റീ!
സർവലോകാവാസ! സർവേശ്വര! മഹേശ്വര!
5
Keep
ശർവ! ശങ്കര! ശരണാഗതജനപ്രിയ!
സർവദേവേശ! ജഗന്നായക! കാരുണ്യാബ്ധേ!
6
Keep
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുള്ള ജനം
7
Keep
ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും
ഭക്തന്മാർക്കുപദേശം ചെയ്തീടുമെന്നു കേൾപ്പു.
8
Keep
ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു.
9
Keep
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.
10
Keep
തത്ത്വഭേദങ്ങൾ വിജ്ഞാനജ്ഞാനവൈരാഗ്യാദി
ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
11
Keep
ക്ഷേത്രോപവാസഫലം യാഗാദികർമ്മഫലം
തീർത്ഥസ്നാനാദിഫലം ദാനധർമ്മാദിഫലം
12
Keep
വർണ്ണധർമ്മങ്ങൾ പുനരാശ്രമധർമ്മങ്ങളു-
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
13
Keep
നിന്തിരുവടിയരുൾചെയ്തു കേട്ടതുമൂലം
സന്തോഷമകതാരിലേറ്റവുമുണ്ടായ്വന്നു.
14
Keep
ബന്ധമോക്ഷങ്ങളുടെ കാരണം കേൾക്കമൂല-
മന്ധത്വം തീർന്നുകൂടി ചേതസി ജഗൽപതേ!
15
Keep
ശ്രീരാമദേവൻതന്റെ മാഹാത്മ്യം കേൾപ്പാനുള്ളിൽ
പാരമാഗ്രഹമുണ്ടു, ഞാനതിൻ പാത്രമെങ്കിൽ
16
Keep
കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ-
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊൽവാൻ."
17
Keep
ഈശ്വരി കാർത്ത്യായനി പാർവതി ഭഗവതി
ശാശ്വതനായ പരമേശ്വരനോടീവണ്ണം
18
Keep
ചോദ്യം ചെയ്തതു കേട്ടു തെളിഞ്ഞു ദേവൻ ജഗ-
ദാദ്യനീശ്വരൻ മന്ദഹാസം പൂണ്ടരുൾചെയ്തു:
19
Keep
"ധന്യേ! വല്ലഭേ! ഗിരികന്യേ! പാർവതീ! ഭദ്രേ!
നിന്നോളമാർക്കുമില്ല ഭഗവത്ഭക്തി നാഥേ!
20
Keep
ശ്രീരാമദേവതത്ത്വം കേൾക്കേണമെന്നു മന-
താരിലാകാംക്ഷയുണ്ടായ് വന്നതു മഹാഭാഗ്യം.
21
Keep
മുന്നമെന്നോടിതാരും ചോദ്യം ചെയ്തീല, ഞാനും
നിന്നാണെ കേൾപ്പിച്ചതില്ലാരെയും ജീവനാഥേ!
22
Keep
അത്യന്തം രഹസ്യമായുള്ളൊരു പരമാത്മ-
തത്ത്വാർത്ഥമറികയിലാഗ്രഹമുണ്ടായതും
23
Keep
ഭക്ത്യതിശയം പുരുഷോത്തമൻതങ്കലേറ്റം
നിത്യവും ചിത്തകാമ്പിൽ വർദ്ധിക്കതന്നെ മൂലം.
24
Keep
ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു
സാരമായുള്ള തത്ത്വം ചൊല്ലുവൻ കേട്ടാലും നീ.
25
Keep
ശ്രീരാമൻ പരമാത്മാ പരമാനന്ദമൂർത്തി
പുരുഷൻ പ്രകൃതിതൻ കാരണനേകൻ പരൻ
26
Keep
പുരുഷോത്തമൻ ദേവനനന്തനാദിനാഥൻ
ഗുരുകാരുണ്യമൂർത്തി പരമൻ പരബ്രഹ്മം
27
Keep
ജഗദുത്ഭവസ്ഥിതിപ്രളയകർത്താവായ
ഭഗവാൻ വിരിഞ്ചനാരായണശിവാത്മകൻ
28
Keep
അദ്വയനാദ്യനജനവ്യയനാത്മാരാമൻ
തത്ത്വാത്മാ സച്ചിന്മയൻ സകലാത്മകനീശൻ
29
Keep
മാനുഷനെന്നു കല്പിച്ചീടുവോരജ്ഞാനികൾ
മാനസം മായാതമസ്സംവൃതമാകമൂലം.
30
Keep
സീതാരാഘവമരുൽസൂനുസംവാദം മോക്ഷ-
സാധനം ചൊൽവൻ നാഥേ! കേട്ടാലും തെളിഞ്ഞു നീ.
31
Keep
എങ്കിലോ മുന്നം ജഗന്നായകൻ രാമദേവൻ
പങ്കജവിലോചനൻ പരമാനന്ദമൂർത്തി
32
Keep
ദേവകണ്ടകനായ പംക്തികണ്ഠനെക്കൊന്നു
ദേവിയുമനുജനും വാനരപ്പടയുമായ്
33
Keep
സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു
സത്താമാത്രാത്മാ സകലേശനവ്യയൻ നാഥൻ
34
Keep
മിത്രപുത്രാദികളാം മിത്രവർഗ്ഗത്താലുമ-
ത്യുത്തമന്മാരാം സഹോദരവീരന്മാരാലും
35
Keep
കീകസാത്മജാസുതനാം വിഭീഷണനാലും
ലോകേശാത്മജനായ വസിഷ്ഠാദികളാലും
36
Keep
സേവ്യനായ് സൂര്യകോടിതുല്യതേജസാ ജഗ-
ച്ഛ്രാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു
37
Keep
നിർമ്മലമണിലസൽകാഞ്ചനസിംഹാസനേ
തന്മായാദേവിയായ ജാനകിയോടുംകൂടി
38
Keep
സാനന്ദമിരുന്നരുളീടുന്നനേരം പര-
മാനന്ദമൂർത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ
39
Keep
വന്ദിച്ചുനിൽക്കുന്നൊരു ഭക്തനാം ജഗൽപ്രാണ-
നന്ദനൻതന്നെത്തൃക്കൺപാർത്തു കാരുണ്യമൂർത്തി
40
Keep
മന്ദഹാസവും പൂണ്ടു സീതയോടരുൾചെയ്തു:
'സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ?
41
Keep
നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവൻ-
തന്നുള്ളിലഭേദയായുള്ളോരു ഭക്തി നാഥേ!
42
Keep
ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി-
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ.
43
Keep
നിർമ്മലനാത്മജ്ഞാനത്തിന്നിവൻ പാത്രമത്രേ
നിർമ്മമൻ നിത്യബ്രഹ്മചാരികൾ മുമ്പനല്ലോ.
44
Keep
കല്മഷമിവനേതുമില്ലെന്നു ധരിച്ചാലും
തന്മനോരഥത്തെ നീ നൽകണം മടിയാതെ.
45
Keep
നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോൾ
ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ!
46
Keep
ബ്രഹ്മോപദേശത്തിനു ദുർല്ലഭം പാത്രമിവൻ
ബ്രഹ്മജ്ഞാനാർത്ഥികളിലുത്തമോത്തമനെടോ!'
Previous
←
രാമായണമാഹാത്മ്യം
Next
ഹനുമാനു തത്ത്വോപദേശം
→