Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഹനുമാനു തത്ത്വോപദേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ശ്രീരാമദേവനേവമരുളിച്ചെയ്തനേരം
മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവി:
2
Keep
'വീരന്മാർ ചൂടും മകുടത്തിൻ നായകക്കല്ലേ!
ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ
3
Keep
സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
നിശ്ചലം സർവോപാധി നിർമ്മുക്തം സത്താമാത്രം
4
Keep
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുള്ളിൽ ശ്രീരാമദേവനെ നീ
5
Keep
നിർമ്മലം നിരഞ്ജനം നിർഗ്ഗുണം നിർവികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
6
Keep
ജന്മനാശാദികളില്ലാതൊരുവസ്തു പര-
ബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
7
Keep
സർവകാരണം സർവവ്യാപിനം സർവാത്മാനം
സർവജ്ഞം സർവേശ്വരം സർവസാക്ഷിണം നിത്യം
8
Keep
സർവദം സർവാധാരം സർവദേവതാമയം
നിർവികാരാത്മാ രാമദേവനെന്നറിഞ്ഞാലും.
9
Keep
എന്നുടെ തത്ത്വമിനിച്ചൊല്ലീടാമുള്ളവണ്ണം
നിന്നോടു,ഞാൻതാൻ മൂലപ്രകൃതിയായതെടോ.
10
Keep
എന്നുടെ പതിയായ പരമാത്മാവുതന്റെ
സന്നിധിമാത്രംകൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു.
11
Keep
തത്സാന്നിദ്ധ്യം കൊണ്ടെന്നാൽ സൃഷ്ടമാമവയെല്ലാം
തത്സ്വരൂപത്തിങ്കലാക്കീടുന്നു ബുധജനം.
12
Keep
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ,
13
Keep
ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ
രാമനായ് സർവേശ്വരൻതാൻ വന്നു പിറന്നതും
14
Keep
ആമിഷഭോജികളെ വധിപ്പാനായ്ക്കൊണ്ടു വി-
ശ്വാമിത്രനോടുംകൂടെയെഴുന്നള്ളിയ കാലം
15
Keep
ക്രൂദ്ധയായടുത്തൊരു ദുഷ്ടയാം താടകയെ-
പ്പദ്ധതിമദ്ധ്യേ കൊന്നു സത്വരം സിദ്ധാശ്രമം
16
Keep
ബദ്ധമോദേന പുക്കു യാഗരക്ഷയും ചെയ്തു
സിദ്ധസങ്കല്പനായ കൗശികമുനിയോടും
17
Keep
മൈഥിലരാജ്യത്തിനായ്ക്കൊണ്ടു പോകുന്നനേരം
ഗൗതമപത്നിയായോരഹല്യാശാപം തീർത്തു
18
Keep
പാദപങ്കജം തൊഴുതവളെയനുഗ്രഹി-
ച്ചാദരപൂർവം മിഥിലാപുരമകം പുക്കു
19
Keep
മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടൻ
മൽപാണിഗ്രഹണവുംചെയ്തു പോരുന്നനേരം
20
Keep
മുൽപ്പുക്കു തടുത്തോരു ഭാർഗ്ഗവരാമൻ തന്റെ
ദർപ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു
21
Keep
ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ
താതനുമഭിഷേകത്തിന്നാരംഭിച്ചാനതു
22
Keep
മാതാവു കൈകേയിയും മുടക്കിയതുമൂലം
ഭ്രാതാവാകിയ സുമിത്രാത്മജനോടും കൂടെ
23
Keep
ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതൻ
വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം
24
Keep
ചിത്തശോകത്തോടുദകക്രിയാദികൾ ചെയ്തു
ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ്
25
Keep
ദണ്ഡകാരണ്യം പുക്കകാലത്തു വിരാധനെ
ഖണ്ഡിച്ചു കുഭോത്ഭവനാമഗസ്ത്യനെക്കണ്ടു
26
Keep
പണ്ഡിതന്മാരാം മുനിമാരോടു സത്യംചെയ്തു
ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാൻ
27
Keep
പുക്കിതു പഞ്ചവടി തത്ര വാണീടുംകാലം
പുഷ്കരശരപരവശയായ് വന്നാളല്ലോ
28
Keep
രക്ഷോനായകനുടെ സോദരി ശൂർപ്പണഖാ;
ലക്ഷ്മണനവളുടെ നാസികാച്ഛേദം ചെയ്തു.
29
Keep
ഉന്നതനായ ഖരൻ കോപിച്ചു യുദ്ധത്തിന്നായ്-
വന്നിതു പതിന്നാലുസഹസ്രം പടയോടും,
30
Keep
കൊന്നിതു മൂന്നേമുക്കാൽ നാഴിക കൊണ്ടുതന്നെ;
പിന്നെശ്ശൂർപ്പണഖ പോയ് രാവണനോടു ചൊന്നാൾ.
31
Keep
മായയാ പൊന്മാനായ് വന്നോരു മാരീചൻതന്നെ-
സ്സായകം പ്രയോഗിച്ചു സൽഗതികൊടുത്തപ്പോൾ
32
Keep
മായാസീതയെക്കൊണ്ടു രാവണൻ പോയശേഷം
മായാമാനുഷൻ ജടായുസ്സിനു മോക്ഷം നൽകി.
33
Keep
രാക്ഷസവേഷം പൂണ്ട കബന്ധൻതന്നെക്കൊന്നു
മോക്ഷവും കൊടുത്തു പോയ് ശബരിതന്നെക്കണ്ടു.
34
Keep
മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ
മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം.
35
Keep
തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടും കൂടി
മിത്രനന്ദനനായ സുഗ്രീവൻതന്നെക്കണ്ടു
36
Keep
മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു
വൃത്രാരിപുത്രനായ ബാലിയെ വധം ചെയ്തു
37
Keep
സീതാന്വേഷണം ചെയ്തു ദക്ഷിണജലധിയിൽ
സേതുബന്ധനം ലങ്കാമർദ്ദനം പിന്നെശ്ശേഷം
38
Keep
പുത്രമിത്രാമാത്യഭൃത്യാദികളോടും കൂടി
യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ
39
Keep
ശസ്ത്രേണ വധം ചെയ്തു രക്ഷിച്ചു ലോകത്രയം
ഭക്തനാം വിഭീഷണന്നഭിഷേകവും ചെയ്തു
40
Keep
പാവകന്തങ്കൽ മറഞ്ഞിരുന്നോരെന്നെപ്പിന്നെ
പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു
41
Keep
പാവകനോടു വാങ്ങി പുഷ്പകം കരയേറി
ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം
42
Keep
രാജ്യത്തിന്നഭിഷേകം ചെയ്തു ദേവാദികളാൽ
പൂജ്യനായിരുന്നരുളീടിനാൻ ജഗന്നാഥൻ.
43
Keep
യാജ്യനാം നാരായണൻ ഭക്തിയുള്ളവർക്കു സാ-
യൂജ്യമാം മോക്ഷത്തെ നൽകീടിനാൻ നിരഞ്ജനൻ.
44
Keep
ഏവമാദികളായ കർമ്മങ്ങൾ തന്റെ മായാ-
ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം.
45
Keep
രാമനാം ജഗൽഗുരു നിർഗ്ഗുണൻ ജഗദഭി-
രാമനവ്യയനേകനാനന്ദാത്മകനാത്മാ-
46
Keep
രാമനദ്വയൻ പരൻ നിഷ്കളൻ വിദ്വദ്ഭൃംഗാ-
രാമനച്യുതൻ വിഷ്ണുഭഗവാൻ നാരായണൻ
47
Keep
ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചിൽ
ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല.
48
Keep
നിർവികാരാത്മാ തേജോമയനായ് നിറഞ്ഞൊരു
നിർവൃതനൊരുവസ്തു ചെയ്കയില്ലൊരുനാളും.
49
Keep
നിർമ്മലൻ പരിണാമഹീനനാനന്ദമൂർത്തി
ചിന്മയൻ മായാമയൻ തന്നുടെ മായാദേവി
50
Keep
കർമ്മങ്ങൾ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു
തന്മായാഗുണങ്ങളെത്താനനുസരിക്കയാൽ.'
51
Keep
അഞ്ജനാതനയനോടിങ്ങനെ സീതാദേവി
കഞ്ജലോചനതത്ത്വമുപദേശിച്ചശേഷം
52
Keep
അഞ്ജസാ രാമദേവൻ മന്ദഹാസവുംചെയ്തു
മഞ്ജുളവാചാ പുനരവനോടരുൾചെയ്തു:
53
Keep
'പരമാത്മാവാകുന്ന ബിംബത്തിൻ പ്രതിബിംബം
പരിചിൽ കാണുന്നതു ജീവാത്മാവറികെടോ!
54
Keep
തേജോരൂപിണിയാകുമെന്നുടെ മായതങ്കൽ
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!
55
Keep
ഓരോരോ ജലാശയേ കേവലം മഹാകാശം
നേരേ നീ കാണ്മീലയോ, കണ്ടാലുമതു പോലെ
56
Keep
സാക്ഷാലുള്ളൊരു പരബ്രഹ്മമാം പരമാത്മാ
സാക്ഷിയായുള്ള ബിംബം നിശ്ചലമതു സഖേ!
57
Keep
തത്ത്വമസ്യാദി മഹാവാക്യാർത്ഥം കൊണ്ടു മമ
തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താൽ.
58
Keep
മത്ഭക്തനായുള്ളവനിപ്പദമറിയുമ്പോൾ
മത്ഭാവം പ്രാപിച്ചീടുമില്ല സംശയമേതും.
59
Keep
മത്ഭക്തിവിമുഖന്മാർ ശാസ്ത്രഗർത്തങ്ങൾതോറും
സത്ഭാവം കൊണ്ടു ചാടിവീണു മോഹിച്ചീടുന്നു.
60
Keep
ഭക്തിഹീനന്മാർക്കു നൂറായിരം ജന്മംകൊണ്ടും
സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും.
61
Keep
പരമാത്മാവാം മമ ഹൃദയം രഹസ്യമി-
തൊരുനാളും മത്ഭക്തിഹീനന്മാരായ് മേവീടും
62
Keep
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ!
പരമമുപദേശമില്ലിതിന്മീതെയൊന്നും.'
63
Keep
ശ്രീമഹാദേവൻ മഹാദേവിയോടരുൾചെയ്ത
രാമമാഹാത്മ്യമിദം പവിത്രം ഗുഹ്യതമം
64
Keep
സാക്ഷാൽ ശ്രീരാമപ്രോക്തം വായുപുത്രനായ്ക്കൊണ്ടു
മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം
65
Keep
സർവവേദാന്തസാരസംഗ്രഹം രാമതത്ത്വം
ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്ലാം
66
Keep
ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാൻ
മുക്തനായ്വരുമൊരു സംശയമില്ല നാഥേ!
67
Keep
ബ്രഹ്മഹത്യാദിദുരിതങ്ങളും ബഹുവിധം
ജന്മങ്ങൾതോറുമാർജ്ജിച്ചുള്ളവയെന്നാകിലും
68
Keep
ഒക്കവേ നശിച്ചുപോമെന്നരുൾചെയ്തു രാമൻ
മർക്കടപ്രവരനോടെന്നതു സത്യമല്ലോ.
69
Keep
ജാതിനിന്ദിതൻ പരസ്ത്രീധനഹാരി പാപി
മാതൃഘാതകൻ പിതൃഘാതകൻ ബ്രഹ്മഹന്താ
70
Keep
യോഗിവൃന്ദാപകാരി സുവർണ്ണസ്തേയി ദുഷ്ടൻ
ലോകനിന്ദിതനേറ്റമെങ്കിലുമവൻ ഭക്ത്യാ
71
Keep
രാമനാമത്തെജ്ജപിച്ചീടുകിൽ ദേവകളാ-
ലാമോദപൂർവം പൂജ്യനായ് വരുമത്രയല്ല
72
Keep
യോഗീന്ദ്രന്മാരാൽപ്പോലുമലഭ്യമായ വിഷ്ണു-
ലോകത്തെ പ്രാപിച്ചീടുമില്ല സംശയമേതും."
73
Keep
ഇങ്ങനെ മഹാദേവനരുൾചെയ്തതു കേട്ടു
തിങ്ങീടും ഭക്തിപൂർവമരുൾചെയ്തിതു ദേവി:
74
Keep
"മംഗലാത്മാവേ! മമ ഭർത്താവേ! ജഗൽപതേ!
ഗംഗാകാമുക! പരമേശ്വര! ദയാനിധേ!
75
Keep
പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്
ധന്യയായ് കൃതാർത്ഥയായ് സ്വസ്ഥയായ് വന്നേനല്ലോ.
76
Keep
ഛിന്നമായ് വന്നു മമ സന്ദേഹമെല്ലാമിപ്പോൾ
സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാൽ.
77
Keep
നിർമ്മലം രാമതത്ത്വാമൃതമാം രസായനം
ത്വന്മുഖോദ്ഗളിതമാവോളം പാനം ചെയ്താലും
78
Keep
എന്നുള്ളിൽ തൃപ്തി വരികെന്നുള്ളതില്ലയല്ലോ
നിർണ്ണയമതുമൂലമൊന്നുണ്ടു ചൊല്ലുന്നു ഞാൻ.
79
Keep
സംക്ഷേപിച്ചരുൾചെയ്തതേതുമേ മതിയല്ല
സാക്ഷാൽ ശ്രീനാരായണൻതന്മാഹാത്മ്യങ്ങളെല്ലാം.
80
Keep
കിംക്ഷണന്മാർക്ക് വിദ്യയുണ്ടാകയില്ലയല്ലോ
കിങ്കണന്മാരായുള്ളോർക്കർത്ഥമുണ്ടായ്വരാ
81
Keep
കിമൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ്വരാ,
കിംദേവന്മാർക്കു ഗതിയും പുനരതുപോലെ.
82
Keep
ഉത്തമമായ രാമചരിതം മനോഹരം
വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ."
83
Keep
ഈശ്വരൻ ദേവൻ പരമേശ്വരൻ മഹേശ്വര-
നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം
84
Keep
മന്ദഹാസവും ചെയ്തു ചന്ദ്രശേഖരൻ പരൻ
സുന്ദരഗാത്രി! കേട്ടുകൊള്ളുകെന്നരുൾചെയ്തു.
85
Keep
"വേധാവു ശതകോടി ഗ്രന്ഥവിസ്തരം പുരാ
വേദസമ്മിതമരുൾചെയ്തിതു രാമായണം.
86
Keep
വാല്മീകി പുനരിരുപത്തുനാലായിരമായ്
നാന്മുഖൻനിയോഗത്താൽ മാനുഷമുക്ത്യർത്ഥമായ്
87
Keep
ചമച്ചാനതിലിതു ചുരുക്കി രാമദേവൻ
നമുക്കുമുപദേശിച്ചീടിനാനേവം പുരാ.
88
Keep
അദ്ധ്യാത്മരാമായണമെന്ന പേരിതിന്നിദ-
മദ്ധ്യയനം ചെയ്യുന്നോർക്കദ്ധ്യാത്മജ്ഞാനമുണ്ടാം.
89
Keep
പുത്രസന്തതി ധനസമൃദ്ധി ദീർഘായുസ്സും
മിത്രസമ്പത്തി കീർത്തി രോഗശാന്തിയുമുണ്ടാം.
90
Keep
ഭക്തിയും വർദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു-
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.
Previous
←
ഉമാമഹേശ്വരസംവാദം
Next
ശിവൻ കഥ പറയുന്നു
→