Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · കൗസല്യാസ്തുതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Stotra
1
Keep
"നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര!
നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
2
Keep
നമസ്തേ നാരായണ! നമസ്തേ നരകാരേ!
സമസ്തേശ്വരാ! ശൗരേ! നമസ്തേ ജഗൽപതേ!
3
Keep
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.
4
Keep
സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
ന്നുത്തമന്മാർക്കുപോലുമറിവാൻ വേലയത്രേ.
5
Keep
പരമൻ പരാപരൻ പരബ്രഹ്മാഖ്യൻ പരൻ
പരമാത്മാവു പരൻപുരുഷൻ പരിപൂർണ്ണൻ
6
Keep
അച്യുതനന്തനവ്യക്തനവ്യയനേകൻ
നിശ്ചലൻ നിരുപമൻ നിർവാണപ്രദൻ നിത്യൻ
7
Keep
നിർമ്മലൻ നിരാമയൻ നിർവികാരാത്മാ ദേവൻ
നിർമ്മമൻ നിരാകുലൻ നിരഹങ്കാരമൂർത്തി
8
Keep
നിഷ്കളൻ നിരഞ്ജനൻ നീതിമാൻ നിഷ്കല്മഷൻ
നിർഗ്ഗുണൻ നിഗമാന്തവാക്യാർത്ഥവേദ്യൻ നാഥൻ
9
Keep
നിഷ്ക്രിയൻ നിരാകാരൻ നിർജ്ജരനിഷേവിതൻ
നിഷ്കാമൻ നിയമിനാം ഹൃദയനിലയനൻ
10
Keep
അദ്വയനജനമൃതാനന്ദൻ നാരായണൻ
വിദ്വന്മാനസപത്മമധുപൻ മധുവൈരി
11
Keep
സത്യജ്ഞാനാത്മാ സമസ്തേശ്വരൻ സനാതനൻ
സത്വസഞ്ചയജീവൻ സനകാദിഭിസ്സേവ്യൻ
12
Keep
തത്ത്വാർത്ഥബോധരൂപൻ സകലജഗന്മയൻ
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.
13
Keep
നിന്തിരുവടിയുടെ ജഠരത്തിങ്കൽ നിത്യ-
മന്തമില്ലാതോളം ബ്രഹ്മാണ്ഡങ്ങൾ കിടക്കുന്നു.
14
Keep
അങ്ങനെയുള്ള ഭവാനെന്നുടെ ജഠരത്തി-
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ!
15
Keep
ഭക്തന്മാർ വിഷയമായുള്ളൊരു പാരവശ്യം
വ്യക്തമായ്ക്കാണായ് വന്നു മുഗ്ദ്ധയാമെനിക്കിപ്പോൾ.
16
Keep
ഭർത്തൃപുത്രാർത്ഥാകുലസംസാരദുഃഖാംബുധൗ
നിത്യവും നിമഗ്നയായത്യർത്ഥം ഭ്രമിക്കുന്നേൻ.
17
Keep
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ-
ലിന്നു നിൻ പാദാംഭോജം കാണ്മാനും യോഗം വന്നു.
18
Keep
ത്വൽക്കാരുണ്യത്താൽ നിത്യമുൾക്കാമ്പിൽ വസിക്കേണ-
മിക്കാണാകിയ രൂപം ദുഷ്കൃതമൊടുങ്ങുവാൻ.
19
Keep
വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ!
20
Keep
കേവലമലൗകികം വൈഷ്ണവമായ രൂപം
ദേവേശ! മറയ്ക്കേണം മറ്റുള്ളോർ കാണും മുമ്പേ.
21
Keep
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
22
Keep
പുത്രവാത്സല്യവ്യാജമായൊരു പരിചര-
ണത്താലേ കടക്കേണം ദുഃഖസംസാരാർണ്ണവം."
23
Keep
ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോൾ
ഭക്തവത്സലൻ പുരുഷോത്തമനരുൾചെയ്തു:
24
Keep
"മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ-
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും.
25
Keep
ദുർമ്മദം വളർന്നോരു രാവണൻതന്നെക്കൊന്നു
സമ്മോദം ലോകങ്ങൾക്കു വരുത്തിക്കൊൾവാൻ മുന്നം
26
Keep
ബ്രഹ്മശങ്കരപ്രമുഖാമരപ്രവരന്മാർ
നിർമ്മലപദങ്ങളാൽ സ്തുതിച്ചു സേവിക്കയാൽ
27
Keep
മാനവവംശത്തിങ്കൽ നിങ്ങൾക്കു തനയനായ്
മാനുഷവേഷംപൂണ്ടു ഭൂമിയിൽ പിറന്നു ഞാൻ.
28
Keep
പുത്രനായ് പിറക്കണം ഞാൻതന്നെ നിങ്ങൾക്കെന്നു
ചിത്തത്തിൽ നിരൂപിച്ചു സേവിച്ചു ചിരകാലം
29
Keep
പൂർവജന്മനി പുനരതുകാരണമിപ്പോ-
ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു.
30
Keep
ദുർല്ലഭം മദ്ദർശനം മോക്ഷത്തിനായിട്ടുള്ളോ,-
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.
31
Keep
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊൾ-
കെന്നാൽ വന്നീടും മോക്ഷമില്ല സംശയമേതും.
32
Keep
യാതൊരു മർത്ത്യനിഹ നമ്മിലേ സംവാദമി-
താദരാൽ പഠിക്കതാൻ കേൾക്കതാൻ ചെയ്യുന്നതും
33
Keep
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും;
ചേതസി മരിക്കുമ്പോൾ മൽസ്മരണയുമുണ്ടാം."
34
Keep
ഇത്തരമരുൾചെയ്തു ബാലഭാവത്തെപ്പൂണ്ടു
സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോൻ
35
Keep
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-
വിന്ദലോചനൻ മുകുന്ദൻ പരമാനന്ദാത്മാ
36
Keep
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-
വൃന്ദവന്ദിതൻ ഭൂവി വന്നവതാരംചെയ്താൻ.
37
Keep
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പംക്തി-
സ്യന്ദനനഥ പരമാനന്ദാകുലനായാൻ
38
Keep
പുത്രജന്മത്തെച്ചൊന്ന ഭൃത്യവർഗ്ഗത്തിനെല്ലാം
വസ്ത്രഭൂഷണാദ്യഖിലാർത്ഥദാനങ്ങൾ ചെയ്താൻ.
39
Keep
പുത്രവക്ത്രാബ്ജം കണ്ടു തുഷ്ടനായ് പുറപ്പെട്ടു
ശുദ്ധമായ് സ്നാനം ചെയ്തു ഗുരുവിൻ നിയോഗത്താൽ
40
Keep
ജാതകർമ്മവും ചെയ്തു ദാനവുംചെയ്തു; പിന്നെ-
ജ്ജാതനായിതു കൈകേയീസുതൻ പിറ്റേന്നാളും.
41
Keep
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു-
മമിത്രാന്തകൻ ദശരഥനും യഥാവിധി
42
Keep
ചെയ്തിതു ജാതകർമ്മം ബാലന്മാർക്കെല്ലാവർക്കും
പെയ്തിതു സന്തോഷം കൊണ്ടശ്രുക്കൾ ജനങ്ങൾക്കും.
43
Keep
സ്വർണ്ണരത്നൗഘവസ്ത്രഗ്രാമാദിപദാർത്ഥങ്ങ-
ളെണ്ണമില്ലാതോളം ദാനം ചെയ്തു ഭൂദേവാനാം
44
Keep
വിണ്ണവർനാട്ടിലുമുണ്ടായിതു മഹോത്സവം
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും.
45
Keep
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ
രമിച്ചീടുന്നു നിത്യമെന്നോർത്തു വസിഷ്ഠനും
46
Keep
ശ്യാമളനിറംപൂണ്ട കോമളകുമാരനു
രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ;
47
Keep
ഭരണനിപുണനാം കൈകേയീതനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി;
48
Keep
ലക്ഷണാന്വിതനായ സുമിത്രാതനയനു
ലക്ഷ്മണനെന്നുതന്നെ നാമവുമരുൾചെയ്തു;
49
Keep
ശത്രുവൃന്ദത്തെ ഹനിച്ചീടുക നിമിത്തമായ്
ശത്രുഘ്നനെന്നു സുമിത്രാത്മജാവരജനും.
50
Keep
നാമധേയവും നാലുപുത്രർക്കും വിധിച്ചേവം
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാൻ.
51
Keep
സാമോദം ബാലക്രീഡാതൽപരന്മാരാംകാലം
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും
52
Keep
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും
മരുവീടുന്നു പായസാംശാനുസാരവശാൽ
53
Keep
കോമളന്മാരായൊരു സോദരന്മാരുമായി
ശ്യാമളനിറംപൂണ്ട ലോകാഭിരാമദേവൻ
54
Keep
കാരുണ്യാമൃതപൂർണ്ണാപാംഗവീക്ഷണം കൊണ്ടും
സാരസ്യാവ്യക്തവർണ്ണാലാപപീയൂഷം കൊണ്ടും
55
Keep
വിശ്വമോഹനമായ രൂപസൗന്ദര്യം കൊണ്ടും
നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവം കൊണ്ടും
56
Keep
ബന്ധൂകദന്താംബരചുംബനരസം കൊണ്ടും
ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭ കൊണ്ടും
57
Keep
ഭൂതലസ്ഥിതപാദാബ്ജദ്വയയാനം കൊണ്ടും
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും
58
Keep
താതനുമമ്മമാർക്കും നഗരവാസികൾക്കും
പ്രീതി നൽകിനാൻ സമസ്തേന്ദ്രിയങ്ങൾക്കുമെല്ലാം.
59
Keep
ഫാലദേശാന്തേ സ്വർണ്ണാശ്വത്ഥപർണ്ണാകാരമായ്
മാലേയമണിഞ്ഞതിൽ പറ്റീടും കരളവും
60
Keep
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും
61
Keep
കർണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന
സ്വർണ്ണദർപ്പണസമഗണ്ഡമണ്ഡലങ്ങളും
62
Keep
ശാർദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേർത്തുടൻ കാർത്തസ്വരമണികൾ മദ്ധ്യേമദ്ധ്യേ
63
Keep
കോർത്തു ചാർത്തീടുന്നൊരു കണ്ഠകാണ്ഡോദ്യോതവും
മുത്തുമാലകൾ വനമാലകളോടുംപൂണ്ട
64
Keep
വിസ്തൃതോരസി ചാർത്തും തുളസീമാല്യങ്ങളും
നിസ്തൂലപ്രഭവത്സലാഞ്ഛനവിലാസവും
65
Keep
അംഗദങ്ങളും വലയങ്ങൾ കങ്കണങ്ങളും
അംഗുലീയങ്ങൾകൊണ്ടു ശോഭിച്ച കരങ്ങളും
66
Keep
കാഞ്ചനസദൃശപീതാംബരോപരി ചാർത്തും
കാഞ്ചികൾ നൂപുരങ്ങളെന്നിവ പലതരം
67
Keep
അലങ്കാരങ്ങൾപൂണ്ടു സോദരന്മാരോടുമൊ-
രലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കു നാഥൻ.
68
Keep
ഭർത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയിൽ
പൊൽത്താർമാനിനിതാനും കളിച്ചു വിളങ്ങിനാൾ.
69
Keep
ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം
ഭൂതിയും വർദ്ധിച്ചിതു ലോകവുമാനന്ദിച്ചു.
Previous
←
ശ്രീരാമാവതാരം
Next
ബാല്യവും കൗമാരവും
→