Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · താടകാവധം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
താടകാവനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രൻ
2
Keep
"രാഘവ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം.
3
Keep
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടക ഭയങ്കരി വാണിടും ദേശമല്ലോ.
4
Keep
അവളെപ്പേടിച്ചാരും നേർവഴി നടപ്പീല
ഭുവനവാസിജനം ഭുവനേശ്വര! പോറ്റീ!
5
Keep
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ"മെന്നു മാമുനി പറഞ്ഞപ്പോൾ
6
Keep
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം:
7
Keep
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്.
8
Keep
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകാമാറിൽ കൊണ്ടിതു രാമബാണം.
9
Keep
പാരതിൽ മല ചിറകറ്റു വീണതു പോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
10
Keep
സ്വർണ്ണരത്നാഭരണഭൂഷിതഗാത്രിയായി
സുന്ദരിയായ യക്ഷി തന്നെയും കാണായ്വന്നു.
11
Keep
ശാപത്താൽ നക്തഞ്ചരിയായോരു യക്ഷിതാനും
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ.
12
Keep
കൗശികമുനീന്ദ്രനും ദിവ്യാസ്ത്രങ്ങളെയെല്ലാ-
മാശു രാഘവനുപദേശിച്ചു സലക്ഷ്മണം.
13
Keep
നിർമ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
14
Keep
രാത്രിയും പിന്നിട്ടവർ സന്ധ്യാവന്ദനം ചെയ്തു
യാത്രയും തുടങ്ങിനാരാസ്ഥയാ പുലർകാലേ.
15
Keep
പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
16
Keep
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
പ്രേമമുൾക്കൊണ്ടു മുനിമാരും സൽക്കാരം ചെയ്താർ.
17
Keep
വിശ്രമിച്ചനന്തരം രാഘവൻ തിരുവടി
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുൾചെയ്തു:
18
Keep
"താപസോത്തമ, ഭവാൻ ദീക്ഷിക്ക യാഗമിനി
താപം കൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
19
Keep
ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാൽ
നഷ്ടമാക്കുവൻ ബാണം കൊണ്ടു ഞാൻ തപോനിധേ!"
20
Keep
യാഗവും ദീക്ഷിച്ചിതു കൗശികനതുകാല-
മാഗമിച്ചിതു നക്തഞ്ചരന്മാർ പടയോടും.
21
Keep
മദ്ധ്യാഹ്നകാലേ മേൽഭാഗത്തിങ്കൽനിന്നുതത്ര
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം.
22
Keep
പാരാതെ രണ്ടു ശരം തൊടുത്തു രാമദേവൻ
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാൻ.
23
Keep
കൊന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാൻ.
24
Keep
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
ഖിന്നനായേറിയൊരുയോജന പാഞ്ഞാനവൻ.
25
Keep
അർണ്ണവം തന്നിൽ ചെന്നു വീണിതു, രാമബാണ-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്.
26
Keep
പിന്നെ മറ്റെങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാൻ.
27
Keep
ഭക്തവത്സലനഭയം കൊടുത്തതുമൂലം
ഭക്തനായ് വന്നാനന്നു തുടങ്ങി മാരീചനും.
28
Keep
പറ്റലർകുലകാലനാകിയ സൗമിത്രിയും
മറ്റുള്ള പടയെല്ലാം കൊന്നിതു ശരങ്ങളാൽ.
29
Keep
ദേവകൾ പുഷ്പവൃഷ്ടി ചെയ്തിതു സന്തോഷത്താൽ
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
30
Keep
യക്ഷകിന്നരസിദ്ധചാരണഗന്ധർവൻമാർ
തൽക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാർ.
31
Keep
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണർ-
ന്നശ്രുപൂർണ്ണാർദ്രാകുലനേത്രപത്മങ്ങളോടും
32
Keep
ഉത്സംഗേ ചേർത്തു പരമാശീർവാദവും ചെയ്തു
വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താൽ.
33
Keep
ഇരുന്നു മൂന്നു ദിനമോരോരോ പുരാണങ്ങൾ
പറഞ്ഞു രസിപ്പിച്ചു കൗശികനവരുമായ്.
34
Keep
അരുൾചെയ്തിതു നാലാം ദിവസം പിന്നെ മുനി
"അരുതു വൃഥാ കാലം കളകെന്നുള്ളതേതും.
35
Keep
ജനകമഹീപതിതന്നുടെ മഹായജ്ഞ-
മിനി വൈകാതെ കാണ്മാൻ പോക നാം വത്സന്മാരേ!
36
Keep
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു.
37
Keep
ശ്രീമഹാദേവൻതന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലർച്ചിതമനുദിനം.
38
Keep
ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാൻ
കാണണം മഹാസത്വമാകിയ ധനൂരത്നം."
39
Keep
താപസേന്ദ്രന്മാരോടുമീവണ്ണമരുൾചെയ്തു
ഭൂപതിബാലന്മാരും കൂടെപ്പോയ് വിശ്വാമിത്രൻ
40
Keep
പ്രാപിച്ചു ഗംഗാതീരം ഗൗതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
41
Keep
ദിവ്യപാദപലതാകുസുമഫലങ്ങളാൽ
സർവമോഹനകരം ജന്തുസഞ്ചയഹീനം
42
Keep
കണ്ടു കൗതുകം പൂണ്ടു വിശ്വാമിത്രനെ നോക്കി-
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുൾചെയ്തു:
43
Keep
"ആശ്രമപദമിദമാർക്കുള്ള മനോഹര-
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും.
44
Keep
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുൾചെയ്യേണം താപോനിധേ!"
Previous
←
വിശ്വാമിത്രന്റെ യാഗരക്ഷ
Next
അഹല്യാമോക്ഷം
→