Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അഹല്യാസ്തുതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Stotra
1
Keep
"ഞാനഹോ കൃതാർത്ഥയായേൻ ജഗന്നാഥ! നിന്നെ-
ക്കാണായ് വന്നതുമൂലമത്രയുമല്ല ചൊല്ലാം.
2
Keep
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
3
Keep
സിദ്ധിച്ചു ഭവൽപ്രസാദാതിരേകത്താലതി-
ന്നെത്തുമോ ബഹുകൽപകാലമാരാധിച്ചാലും?
4
Keep
ചിത്രമെത്രയും തവ ചേഷ്ടിതം ജഗൽപതേ!
മർത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം.
5
Keep
ആനന്ദമയനായോരതിമായികൻ പൂർണ്ണൻ
ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാൻ.
6
Keep
ത്വൽപാദാംബുജപാംസുപവിത്രാഭാഗീരഥി
സർപ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും
7
Keep
ശുദ്ധമാക്കീടുന്നതും ത്വൽപ്രഭാവത്താലല്ലോ;
സിദ്ധിച്ചേനല്ലോ ഞാനും ത്വൽപാദസ്പർശമിപ്പോൾ.
8
Keep
പണ്ടു ഞാൻ ചെയ്ത പുണ്യമെന്തു വർണ്ണിപ്പതു വൈ-
കുണ്ഠ! തൽകുണ്ഠാത്മനാം ദുർല്ലഭമൂർത്തേ! വിഷ്ണോ!
9
Keep
മർത്ത്യനായവതരിച്ചോരു പൂരുഷം ദേവം
ചിത്തമോഹനം രമണീയദേഹിനം രാമം
10
Keep
ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുർദ്ധരം
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
11
Keep
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
12
Keep
യാതൊരു പാദാംബുജമാരായുന്നിതു വേദം,
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
13
Keep
യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ,
ചേതസാ തത്സ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ.
14
Keep
നാരദമുനീന്ദ്രനും ചന്ദ്രശേഖരൻതാനും
ഭാരതീരമണനും ഭാരതീദേവിതാനും
15
Keep
ബ്രഹ്മലോകത്തിങ്കൽനിന്നന്വഹം കീർത്തിക്കുന്നു
കല്മഷഹരം രാമചരിതം രസായനം
16
Keep
കാമരാഗാദികൾ തീർന്നാനന്ദം വരുവാനായ്
രാമദേവനെ ഞാനും ശരണം പ്രാപിക്കുന്നേൻ.
17
Keep
ആദ്യനദ്വയനേകനവ്യക്തനനാകുലൻ
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യൻ
18
Keep
പരമൻ പരാപരൻ പരമാത്മാവു പരൻ
പരബ്രഹ്മാഖ്യൻ പരമാനന്ദമൂർത്തി നാഥൻ
19
Keep
പുരുഷൻ പുരാതനൻ കേവലസ്വയംജ്യോതി-
സ്സകലചരാചരഗുരു കാരുണ്യമൂർത്തി
20
Keep
ഭുവനമനോഹരമായൊരു രൂപം പൂണ്ടു
ഭുവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാൻ.
21
Keep
അങ്ങനെയുള്ള രാമചന്ദ്രനെസ്സദാകാലം
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേൻ മനസി ഞാൻ.
22
Keep
സ്വതന്ത്രൻ പരിപൂർണ്ണനാനന്ദനാത്മാരാമ-
നതന്ദ്രൻ നിജമായാഗുണബിംബിതനായി
23
Keep
ജഗദുദ്ഭവസ്ഥിതിസംഹാരാദികൾ ചെയ്വാ-
നഖണ്ഡൻ ബ്രഹ്മവിഷ്ണുരുദ്രനാമങ്ങൾ പൂണ്ടു
24
Keep
ഭേദരൂപങ്ങൾ കൈക്കൊണ്ടൊരു നിർഗ്ഗുണമൂർത്തി
വേദാന്തവേദ്യൻ മമ ചേതസി വസിക്കേണം.
25
Keep
രാമ! രാഘവ! പാദപങ്കജം നമോസ്തു തേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്മാർച്ചിതം.
26
Keep
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാർത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
27
Keep
ബ്രഹ്മാവിൻ കരങ്ങളാൽ ക്ഷാളിതം പത്മോപമം
നിർമ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
28
Keep
മന്മനോനികേതനം കല്മഷവിനാശനം
നിർമ്മലാത്മനാം പരമാസ്പദം നമോസ്തു തേ.
29
Keep
ജഗദാശ്രയം ഭവാൻ ജഗത്തായതും ഭവാൻ
ജഗതാമാദിഭൂതനായതും ഭവാനല്ലോ.
30
Keep
സർവഭൂതങ്ങളിലുമസക്തനല്ലോ ഭവാൻ
നിർവികാരാത്മാ സാക്ഷിഭൂതനായതും ഭവാൻ.
31
Keep
അജനവ്യയൻ ഭവാനജിതൻ നിരഞ്ജനൻ
വചസാം വിഷയമല്ലാതൊരാനന്ദമല്ലോ.
32
Keep
വാച്യവാചകോഭയഭേദേന ജഗന്മയൻ
വാച്യനായ് വരേണമേ വാക്കിനു സദാ മമ.
33
Keep
കാര്യകാരണകർത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
34
Keep
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാർക്കുപോലുമറിവാനരുതല്ലോ.
35
Keep
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
ത്വന്മാഹാത്മ്യങ്ങൾ നേരേയറിഞ്ഞുകൂടായല്ലോ.
36
Keep
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കല്പിച്ചീടുവോരജ്ഞാനികൾ.
37
Keep
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
38
Keep
ശുദ്ധനദ്വയൻ സമൻ നിത്യൻ നിർമ്മലനേകൻ
ബുദ്ധനവ്യക്തൻ ശാന്തനസംഗൻ നിരാകാരൻ
39
Keep
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തൻ
സത്വങ്ങളുള്ളിൽ വാഴും ജീവാത്മാവായ നാഥൻ
40
Keep
ഭക്താനാം മുക്തിപ്രദൻ യുക്താനാം യോഗപ്രദൻ
സക്താനാം ഭുക്തിപ്രദൻ സിദ്ധാനാം സിദ്ധിപ്രദൻ
41
Keep
തത്ത്വാധാരാത്മാ ദേവൻ സകലജഗന്മയൻ
തത്ത്വജ്ഞൻ നിരുപമൻ നിഷ്കളൻ നിരഞ്ജനൻ
42
Keep
നിർഗ്ഗുണൻ നിശ്ചഞ്ചലൻ നിർമ്മലൻ നിരാധാരൻ
നിഷ്ക്രിയൻ നിഷ്കാരണൻ നിരഹങ്കാരൻ നിത്യൻ
43
Keep
സത്യജ്ഞാനാനന്താനന്ദാമൃതാത്മകൻ പരൻ
സത്താമാത്രാത്മാ പരമാത്മാ സർവാത്മാ വിഭു
44
Keep
സച്ചിദ്ബ്രഹ്മാത്മാ സമസ്തേശ്വരൻ മഹേശ്വര-
നച്യുതനാദിനാഥൻ സർവദേവതാമയൻ
45
Keep
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
യന്ധയായുള്ളോരു ഞാനെങ്ങനെയറിയുന്നു ?
46
Keep
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്തേ നമോ നമഃ
47
Keep
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
പൊൽത്തളിരടികളിലിളക്കം വരാതൊരു
48
Keep
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
നർത്ഥിച്ചീടുന്നേയില്ല നമസ്തേ നമോ നമഃ
49
Keep
നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
നമസ്തേ രാമരാമ! ഭക്തവത്സല! രാമ!
50
Keep
നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
നമസ്തേ നാരായണ! സന്തതം നമോസ്തു തേ.
51
Keep
സമസ്തകർമ്മാർപ്പണം ഭവതി കരോമി ഞാൻ
സമസ്തമപരാധം ക്ഷമസ്വ ജഗൽപതേ!
52
Keep
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടിസദൃശപ്രഭം രാമം
53
Keep
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദഭാസം രാമം
54
Keep
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം
55
Keep
കമലദലലോലവിമലവിലോചനം
കമലോത്ഭവനതം മനസാ രാമമീഡേ."
56
Keep
പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
പുരുഷോത്തമം കൂപ്പി സ്തുതിച്ചാൽ ഭക്തിയോടെ
57
Keep
ലോകേശാത്മജയാകുമഹല്യതാനും പിന്നെ
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്.
58
Keep
ഗൗതമനായ തന്റെ പതിയെ പ്രാപിച്ചുട-
നാധിയും തീർത്തു വസിച്ചീടിനാളഹല്യയും.
59
Keep
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാൻ
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടൻ
60
Keep
പരമം ബ്രഹ്മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൗഖ്യം മനുജന്മാർക്കു നൂനം.
61
Keep
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
ണ്ടീസ്തുതി ജപിച്ചീടിൽ സാധിക്കും സകലവും.
62
Keep
പുത്രാർത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
മർത്ഥാർത്ഥി ജപിച്ചീടിലർത്ഥവുമേറ്റമുണ്ടാം.
63
Keep
ഗുരുതൽപഗൻ കനകസ്തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
64
Keep
പുരുഷാധമനേറ്റമെങ്കിലുമവൻ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം
65
Keep
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാൽ വണങ്ങുകിൽ സാധിക്കുമല്ലോ മോക്ഷം.
66
Keep
സദ്വൃത്തനെന്നായീടിൽ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.
Previous
←
അഹല്യാമോക്ഷം
Next
സീതാസ്വയംവരം
→