Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · പരശുരാമസ്തുതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Stotra
1
Keep
ശ്രീരാമവചനം കേട്ടന്നേരം ഭാർഗ്ഗവനു-
മാരൂഢാനന്ദമതിനുത്തരമരുൾചെയ്തു:
2
Keep
"ശ്രീരാമ! രാമ! മഹാബാഹോ! ജാനകീപതേ!
ശ്രീരമണാത്മാരാമ! ലോകാഭിരാമ! രാമ!
3
Keep
ശ്രീരാമ! സീതാഭിരാമാനന്ദാത്മക! വിഷ്ണോ!
ശ്രീരാമ! രാമ! രമാരമണ! രഘുപതേ!
4
Keep
ശ്രീരാമ! രാമ! പുരുഷോത്തമ! ദയാനിധേ!
ശ്രീരാമ! സൃഷ്ടിസ്ഥിതിപ്രളയഹേതുമൂർത്തേ!
5
Keep
ശ്രീരാമ! ദശരഥനന്ദന! ഹൃഷീകേശ!
ശ്രീരാമ! രാമ! രാമ! കൗസല്യാത്മജ! ഹരേ!
6
Keep
എങ്കിലോ പുരാവൃത്തം കേട്ടുകൊണ്ടാലും മമ
പങ്കജവിലോചന! കാരുണ്യവാരാന്നിധേ!
7
Keep
ചക്രതീർത്ഥത്തിൽചെന്നെത്രയും ബല്യകാലേ
ചക്രപാണിയെത്തന്നെ തപസ്സുചെയ്തേൻ ചിരം
8
Keep
ഉഗ്രമാം തപസ്സുകൊണ്ടിന്ദ്രിയങ്ങളെയെല്ലാം
നിഗ്രഹിച്ചനുദിനം സേവിച്ചേൻ ഭഗവാനെ.
9
Keep
വിഷ്ണു കൈവല്യമൂർത്തി ഭഗവാൻ നാരായണൻ
ജിഷ്ണുസേവിതൻ ഭജനീയനീശ്വരൻ നാഥൻ
10
Keep
മാധവൻ പ്രസാദിച്ചു മൽപുരോഭാഗേ വന്നു
സാദരം പ്രത്യക്ഷനായരുളിച്ചെയ്തീടിനാൻ:
11
Keep
'ഉത്തിഷ്ഠോത്തിഷ്ഠ ബ്രഹ്മൻ! തുഷ്ടോഹം തപസാ തേ
സിദ്ധിച്ചു സേവാഫലം നിനക്കെന്നറിഞ്ഞാലും
12
Keep
മത്തേജോയുക്തൻ ഭവാനെന്നതുമറിഞ്ഞാലും.
കർത്തവ്യം പലതുണ്ടു ഭവതാ ഭൃഗുപതേ!
13
Keep
കൊല്ലണം പിതൃഹന്താവാകിയ ഹേഹയനെ
ചൊല്ലെഴും കാർത്തവീര്യാർജ്ജുനനാം നൃപേന്ദ്രനെ
14
Keep
വല്ലജാതിയു,മവൻ മൽക്കലാംശജനല്ലോ
വല്ലഭം ധനുർവേദത്തിന്നവനേറുമല്ലോ.
15
Keep
ക്ഷത്രിയവംശമിരുപത്തൊന്നു പരിവൃത്തി
യുദ്ധേ നിഗ്രഹിച്ചു കശ്യപനു ദാനം ചെയ്ക.
16
Keep
പൃത്ഥ്വീമണ്ഡലമൊക്കെ,പ്പിന്നെ ശാന്തിയെ
പ്രാപിച്ചുത്തമമായ തപോനിഷ്ഠയാ വസിച്ചാലും
17
Keep
പിന്നെ ഞാൻ ത്രേതായുഗേ ഭൂമിയിൽ ദശരഥൻ
തന്നുടെ തനയനായ് വന്നവതരിച്ചീടും.
18
Keep
അന്നു കണ്ടീടാം തമ്മിലെന്നാലെന്നുടെ തേജ-
സ്സന്യൂനം ദാശരഥിതന്നിലാക്കീടുക നീ.
19
Keep
പിന്നെയും തപസ്സുചെയ്താബ്രഹ്മപ്രളയാന്ത
മെന്നെ സേവിച്ചു വസിച്ചീടുക മഹാമുനേ'
20
Keep
എന്നരുൾചെയ്തു മറഞ്ഞീടിനാൻ നാരായണൻ,
തന്നിയോഗങ്ങളെല്ലാം ചെയ്തിതു ഞാനും നാഥ!
21
Keep
നിന്തിരുവടി തന്നെ വന്നവതരിച്ചോരു
പംക്തിസ്യന്ദനസുതനല്ലോ നീ ജഗൽപതേ
22
Keep
എങ്കലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം
നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം
23
Keep
ബ്രഹ്മാദിദേവകളാൽ പ്രാർത്ഥിക്കപ്പെട്ടുള്ളോരു
ധർമ്മങ്ങൾ മായാബലം കൊണ്ടു സാധിപ്പിക്ക നീ.
24
Keep
സാക്ഷാൽ ശ്രീനാരായണൻ താനല്ലോ ഭവാൻ ജഗ-
ത്സാക്ഷിയായിട്ടും വിഷ്ണുഭഗവാൻ ജഗന്മയൻ
25
Keep
ഇന്നിപ്പോൾ സഫലമായ് വന്നിതു മമ ജന്മം
മുന്നം ചെയ്തൊരു തപസ്സാഫല്യമെല്ലാം വന്നു.
26
Keep
ബ്രഹ്മമുഖ്യന്മാരാലും കണ്ടുകിട്ടീടാതൊരു
നിർമ്മലമായ രൂപം കാണായ് വന്നതുമൂലം
27
Keep
ധന്യനായ് കൃതാർത്ഥനായ് സ്വസ്ഥനായ് വന്നേനല്ലോ
നിന്നുടെ രൂപമുള്ളിൽ സന്തതം വസിക്കേണം.
28
Keep
അജ്ഞാനോത്ഭവങ്ങളാം ജന്മാദിഷഡ്ഭാവങ്ങൾ
സുജ്ഞാനസ്വരൂപനാം നിങ്കലില്ലല്ലോ പോറ്റീ!
29
Keep
നിർവികാരാത്മാ പരിപൂർണ്ണനായിരിപ്പൊരു
നിർവാണപ്രദനല്ലോ നിന്തിരുവടി പാർത്താൽ
30
Keep
വഹ്നിയിൽ ധൂമം പോലെ വാരിയിൽ നുര പോലെ
നിന്നുടെ മഹാമായാവൈഭവം ചിത്രം! ചിത്രം!
31
Keep
യാവൽപര്യന്തം മായാസംവൃതം ലോകമോർത്താൽ
താവൽപര്യന്തമറിയാവല്ല ഭവത്തത്ത്വം.
32
Keep
സത്സംഗം കൊണ്ടു ലഭിച്ചീടിന ഭക്തിയോടും
ത്വത്സേവാരതന്മാരാം മാനുഷൻ മെല്ലെമെല്ലെ
33
Keep
ത്വന്മായാരചിതമാം സംസാരപാരാവാരം
തന്മറുകരയേറീടുന്നിതു കാലം കൊണ്ടേ
34
Keep
ത്വൽജ്ഞാനപരന്മാരാം മാനുഷജനങ്ങൾക്കു-
ള്ളജ്ഞാനം നീക്കുവോരു സൽഗുരു ലഭിച്ചീടും
35
Keep
സൽഗുരുവരങ്കൽനിന്നൻപോടു വാക്യജ്ഞാന-
മുൾക്കാമ്പിലുദിച്ചീടും ത്വൽപ്രസാദത്താലിപ്പോൾ
36
Keep
കർമ്മബന്ധത്തിങ്കൽനിന്നാശു വേർപെട്ടു ഭവ-
ച്ചിന്മയപദത്തിങ്കലാഹന്ത! ലയിച്ചീടും
37
Keep
ത്വൽഭക്തിവിഹീനന്മാരായുള്ള ജനങ്ങൾക്കു
കല്പകോടികൾകൊണ്ടും സിദ്ധിക്കയില്ലയല്ലോ
38
Keep
വിജ്ഞാനജ്ഞാനസുഖം മോക്ഷമെന്നറിഞ്ഞാലും
അജ്ഞാനം നീക്കി ത്വൽബോധം മമ സിദ്ധിക്കേണം
39
Keep
ആകയാൽ ത്വൽപാദപത്മങ്ങളിൽ സദാകാല-
മാകുലം കൂടാതൊരു ഭക്തി സംഭവിക്കേണം
40
Keep
നമസ്തേ ജഗൽപതേ! നമസ്തേ രമാപതേ!
നമസ്തേ ദാശരഥേ! നമസ്തേ സതാംപതേ!
41
Keep
നമസ്തേ വേദപതേ! നമസ്തേ ദേവപതേ!
നമസ്തേ മഖപതേ! നമസ്തേ ധരാപതേ!
42
Keep
നമസ്തേ ധർമ്മപതേ! നമസ്തേ സീതാപതേ
നമസ്തേ കാരുണ്യാബ്ധേ! നമസ്തേ ചാരുമൂർത്തേ
43
Keep
നമസ്തേ രാമരാമ! നമസ്തേ രാമചന്ദ്ര
നമസ്തേ രാമരാമ! നമസ്തേ രാമഭദ്ര
44
Keep
സന്തതം നമോസ്തു തേ ഭഗവാൻ! നമോസ്തു തേ
ചിന്തയേ ഭവച്ചരണാംബുജം നമോസ്തു തേ
45
Keep
സ്വർഗതിക്കായിട്ടെന്നാൽ സഞ്ചിതമായ പുണ്യ-
മൊക്കെ നിൻ ബാണത്തിനു ലക്ഷ്യമായ് ഭവിക്കേണം"
46
Keep
എന്നതു കേട്ടു തെളിഞ്ഞന്നേരം ജഗന്നാഥൻ
മന്ദഹാസവും ചെയ്തു ഭാർഗവനോടു ചൊന്നാൻ:
47
Keep
"സന്തോഷം പ്രാപിച്ചേൻ ഞാൻ നിന്തിരുവടിയുള്ളി-
ലെന്തോന്നു ചിന്തിച്ചതെന്നാലവയെല്ലാം തന്നേൻ"
48
Keep
പ്രീതികൈക്കൊണ്ടു ജമദഗ്നിപുത്രനുമപ്പോൾ
സാദരം ദശരഥപുത്രനോടരുൾചെയ്തു:
49
Keep
"ഏതാനുമനുഗ്രഹമുണ്ടെന്നെക്കുറിച്ചെങ്കിൽ
പാദഭക്തന്മാരിലും പാദപത്മങ്ങളിലും
50
Keep
ചേതസി സദാകാലം ഭക്തിസംഭവിക്കേണം
മാധവ! രഘുപതേ! രാമ! കാരുണ്യാംബുധേ
51
Keep
ഇസ്തോത്രം മയാകൃതം ജപിച്ചീടുന്ന പുമാൻ
ഭക്തനായ് തത്ത്വജ്ഞനായീടണം വിശേഷിച്ചും
52
Keep
മൃത്യു വന്നടുക്കുമ്പോൾ ത്വൽപാദാംബുജസ്മൃതി
ചിത്തേ സംഭവിപ്പതിന്നായനുഗ്രഹിക്കേണം"
53
Keep
അങ്ങനെതന്നെയെന്നു രാഘവൻ നിയോഗത്താൽ
തിങ്ങിനഭക്തി പൂണ്ടു രേണുകാതനയനും
54
Keep
സാദരം പ്രദക്ഷിണം ചെയ്തു കുമ്പിട്ടു കൂപ്പി
പ്രീതനായ് ചെന്നു മഹേന്ദ്രാചലം പുക്കീടിനാൻ.
Previous
←
ഭാർഗ്ഗവഗർവശമനം
Next
അയോദ്ധ്യാവാസം
→