Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ലക്ഷ്മണന്റെ പുറപ്പാട്
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അഗ്രജന്മാജ്ഞയാ സൗമിത്രി സത്വരം
സുഗ്രീവരാജ്യം പ്രതി നടന്നീടിനാൻ
2
Keep
കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ
മർക്കടജാതികളെന്നു തോന്നും വണ്ണം
3
Keep
വിജ്ഞാനമൂർത്തി സർവജ്ഞനനാകുല-
നജ്ഞാനിയായുള്ള മാനുഷനെപ്പോലെ
4
Keep
ദുഃഖസുഖാദികൾ കൈക്കൊണ്ടു വർത്തിച്ചു
ദുഷ്കൃതശാന്തി ലോകത്തിനുണ്ടാക്കുവാൻ
5
Keep
മുന്നം ദശരഥൻ ചെയ്ത തപോബലം
തന്നുടെ സിദ്ധി വരുത്തിക്കൊടുപ്പാനും
6
Keep
പങ്കജസംഭവനാദികൾക്കുണ്ടായ
സങ്കടം തീർത്തു രക്ഷിച്ചു കൊടുപ്പാനും
7
Keep
മാനുഷവേഷം ധരിച്ചു പരാപര-
നാനന്ദമൂർത്തി ജഗന്മയനീശ്വരൻ
8
Keep
നാനാജനങ്ങളും മായയാ മോഹിച്ചു
മാനസമജ്ഞാനസംയുക്തമാകയാൽ
9
Keep
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു
സാക്ഷാൽ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു
10
Keep
സർവജഗന്മായാനാശിനിയാകിയ
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ
11
Keep
രാമനായ് മാനുഷവ്യാപാരജാതയാം
രാമായണാഭിധാമാനന്ദദായിനീം
12
Keep
സൽക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവേ
വിഖ്യാതയാക്കുവാനാനന്ദപൂരുഷൻ
13
Keep
ക്രോധവും മോഹവും കാമവും രാഗവും
ഖേദാദിയും വ്യവഹാരാർത്ഥസിദ്ധയേ
14
Keep
തത്തൽക്രിയാകാലദേശോചിതം നിജ-
ചിത്തേ പരിഗ്രഹിച്ചീടിനാനീശ്വരൻ
15
Keep
സത്വാദികളാം ഗുണങ്ങളിൽത്താനനു-
രക്തനെപ്പോലെ ഭവിയ്ക്കുന്നു നിർഗ്ഗുണൻ
16
Keep
വിജ്ഞാനമൂർത്തിയാം സാക്ഷി സുഖാത്മകൻ
വിജ്ഞാനശക്തിമാനവ്യക്താനദ്വയൻ
17
Keep
കാമാദികളാലവിലിപ്തനവ്യയൻ
വ്യോമവദ് വ്യാപ്തനനന്തനനാമയൻ
18
Keep
ദിവ്യമുനീശ്വരന്മാർ സനകാദികൾ
സർവാത്മകനെച്ചിലരറിഞ്ഞീടുവോർ
19
Keep
നിർമ്മലാത്മാക്കളായുള്ള ഭക്തന്മാർക്കു
സമ്യക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു
20
Keep
ഭക്തചിത്താനുസാരേണ സഞ്ജായതേ
മുക്തിപ്രദൻ മുനിവൃന്ദനിഷേവിതൻ
21
Keep
കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറു ഞാണൊലിയിട്ടിതു
22
Keep
മർക്കടന്മാരവനെക്കണ്ടു പേടിച്ചു
ചക്രുഃ കിലുകിലശബ്ദം പരവശാൽ
23
Keep
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയിൽ പിടിച്ചേവരും
24
Keep
പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു
ചാടിത്തുടങ്ങിനാരങ്ങുമിങ്ങും ദ്രുതം
25
Keep
മർക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ-
നുൾക്കാമ്പിലഭ്യുദ്യതനായ സൗമിത്രി
26
Keep
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു
27
Keep
ലക്ഷ്മണനാഗതനായതറിഞ്ഞഥ
തൽക്ഷണമംഗദനോടി വന്നീടിനാൻ
28
Keep
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ-
നേകനായ് ചെന്നു നമസ്കരിച്ചീടിനാൻ
29
Keep
പ്രീതനായാശ്ലേഷവും ചെയ്തവനോടു
ജാതമോദം സുമിത്രാത്മജൻ ചൊല്ലിനാൻ:
30
Keep
"ഗച്ഛ വത്സ ത്വം പിതൃവ്യനെക്കണ്ടു ചൊ-
ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ
31
Keep
ഇച്ഛയായുള്ളതും ചെയ്തു മിത്രത്തെ വ-
ഞ്ചിച്ചാലനർത്ഥമവിളംബിതം വരും
32
Keep
ഉഗ്രനാമഗ്രജനെന്നോടരുൾ ചെയ്തു
നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്ഷണാൽ
33
Keep
അഗ്രജമാർഗ്ഗം ഗമിയ്ക്കണമെന്നുണ്ടു
സുഗ്രീവനുൾക്കാമ്പിലെങ്കിലതേ വരൂ
34
Keep
എന്നരുൾ ചെയ്തതു ചെന്നു പറകെ"ന്നു
ചൊന്നതു കേട്ടൊരു ബാലിതനയനും
35
Keep
തന്നുള്ളിലുണ്ടായ ഭീതിയോടുമവൻ
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാൻ
36
Keep
"കോപേന ലക്ഷ്മണൻ വന്നിതാ നിൽക്കുന്നു
ഗോപുരദ്വാരി പുറത്തുഭാഗത്തിനി
37
Keep
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ-
ന്നാപത്തതല്ലായ്കിലുണ്ടായ്വരും ദൃഢം"
38
Keep
സന്ത്രസ്തനായ സുഗ്രീവനതു കേട്ടു
മന്ത്രിപ്രവരനാം മാരുതി തന്നോടു
39
Keep
ചിന്തിച്ചു ചൊല്ലിനാ"നംഗദനോടുകൂ-
ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ
40
Keep
സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക
ശാന്തനായോരു സുമിത്രാതനയനെ"
41
Keep
മാരുതിയെപ്പറഞ്ഞേവമയച്ചഥ
താരയോടർക്കാത്മജൻ പറഞ്ഞീടിനാൻ
42
Keep
"താരാധിപാനനേ! പോകണമാശു നീ
താരേ! മനോഹരേ! ലക്ഷ്മണൻ തന്നുടെ
43
Keep
ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക
സാരസ്യസാരവാക്യങ്ങളാൽ പിന്നെ നീ
44
Keep
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന
കാട്ടിക്കലുഷഭാവത്തെയും നീക്കണം"
45
Keep
ഇത്ഥമർക്കാത്മജൻ വാക്കുകൾ കേട്ടവൾ
മദ്ധ്യകക്ഷ്യാം പ്രവേശിച്ചു നിന്നീടിനാൾ
46
Keep
താരാതനയനും മാരുതിയും കൂടി
ശ്രീരാമസോദരൻ തന്നെ വണങ്ങിനാർ
47
Keep
ഭക്ത്യാകുശലപ്രശ്നങ്ങളും ചെയ്തു സൗ-
മിത്രിയോടഞ്ജനാനന്ദനൻ ചൊല്ലിനാൻ
48
Keep
"എന്തു പുറത്തുഭാഗേ നിന്നരുളുവാ-
നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം
49
Keep
രാജദാരങ്ങളെയും നഗരാഭയും
രാജാവു സുഗ്രീവനേയും കനിവോടു
50
Keep
കണ്ടു പറഞ്ഞാലനന്തരം നാഥനെ-
ക്കണ്ടു വണങ്ങിയാൽ സാദ്ധ്യമെല്ലാം ദ്രുതം"
51
Keep
ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു സൗ-
മിത്രിയോടും മന്ദമന്ദം നടന്നിതു
52
Keep
യൂഥപന്മാർ മരുവീടും മണിമയ-
സൗധങ്ങളും പുരീശോഭയും കണ്ടുക-
53
Keep
ണ്ടാനന്ദമുൾക്കൊണ്ടു മദ്ധ്യകക്ഷ്യാം ചെന്നു
മാനിച്ചു നിന്നനേരത്തു കാണായ് വന്നു
54
Keep
താരേശതുല്യമുഖിയായ മാനിനീ
താരാ ജഗന്മനോമോഹിനി സുന്ദരി
55
Keep
ലക്ഷ്മീസമാനയായ് നിൽക്കുന്നതന്നേരം
ലക്ഷ്മണൻ തന്നെ വണങ്ങി വിനീതയായ്
56
Keep
മന്ദസ്മിതം പൂണ്ടു ചൊന്നാള"ഹോ തവ
മന്ദിരമായതിതെന്നറിഞ്ഞീലയോ?
57
Keep
ഭക്തനായെത്രയുമുത്തമനായ് തവ
ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ
58
Keep
കോപമുണ്ടായാലവനെന്തൊരു ഗതി?
ചാപല്യമേറുമിജ്ജാതികൾക്കോർക്കണം
59
Keep
മർക്കടവീരൻ ബഹുകാലമുണ്ടല്ലോ
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്
60
Keep
ഇക്കാലമാശു ഭവൽകൃപയാ പരി-
രക്ഷിതനാകയാൽ സൗഖ്യം കലർന്നവൻ
61
Keep
വാണാനതും വിപരീതമാക്കീടായ്ക-
വേണം ദയാനിധേ! ഭക്തപരായണ!
62
Keep
നാനാദിഗന്തരം തോറും മരുവുന്ന
വാനരന്മാരെ വരുത്തുവാനായവൻ
63
Keep
പത്തു സഹസ്രം ദൂതന്മാരെ വിട്ടിതു
പത്തുദിക്കിന്നും കപികുലപ്രൗഢരും
64
Keep
വന്നു നിറഞ്ഞതു കാൺകിവിടെപ്പുന-
രൊന്നിനും ദണ്ഡമിനിയില്ല നിർണ്ണയം
65
Keep
നക്തഞ്ചരകുലമൊക്കെയൊടുക്കുവാൻ
ശക്തരത്രേ കപിസത്തമന്മാരെല്ലാം
66
Keep
പുത്രകളത്രമിത്രാന്വിതനാകിയ
ഭൃത്യനാം സുഗ്രീവനെക്കണ്ടവനുമായ്
67
Keep
ശ്രീരാമദേവപാദാംബുജം വന്ദിച്ചു
കാര്യവുമാശു സാധിക്കാമറിഞ്ഞാലും"
68
Keep
താരാവചനമേവം കേട്ടു ലക്ഷ്മണൻ
പാരാതെ ചെന്നു സുഗ്രീവനെയും കണ്ടു
69
Keep
സത്രപം വിത്രസ്തനായ സുഗ്രീവനും
സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു
70
Keep
മത്തനായ് വിഹ്വലിതേക്ഷണനാം കപി-
സത്തമനെക്കണ്ടു കോപേന ലക്ഷ്മണൻ
71
Keep
മിത്രാത്മജനോടു ചൊല്ലിനാൻ "നീ രഘു-
സത്തമൻ തന്നെ മറന്നതെന്തിങ്ങനെ?
72
Keep
വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ-
പുത്രൻ കരസ്ഥിതമെന്നുമറിക നീ
73
Keep
അഗ്രജമാർഗ്ഗം ഗമിക്കയിലാഗ്രഹം
സുഗ്രീവനുണ്ടെന്നു നാഥനരുൾചെയ്തു"
74
Keep
ഇത്തരം സൗമിത്രി ചൊന്നതു കേട്ടതി-
നുത്തരം മാരുതപുത്രനും ചൊല്ലിനാൻ
75
Keep
"ഇത്ഥമരുൾചെയ്വതിനെന്തു കാരണം
ഭക്തനേറ്റം പുരുഷോത്തമങ്കൽ കപി-
76
Keep
സത്തമനോർക്കിൽ സുമിത്രാത്മജനിലും
സത്യവും ലംഘിയ്ക്കയില്ല കപീശ്വരൻ
77
Keep
രാമകാര്യാർത്ഥമുണർന്നിരിക്കുന്നിതു
താമസമെന്നിയേ വാനരപുംഗവൻ
78
Keep
വിസ്മൃതനായിരുന്നീടുകയല്ലേതും
വിസ്മയമാമ്മാറു കണ്ടീലയോ ഭവാൻ?
79
Keep
വേഗേന നാനാദിഗന്തരത്തിങ്കൽ നി-
ന്നാഗതന്മാരായ വാനരവീരരെ?
80
Keep
ശ്രീരാമകാര്യമശേഷേണ സാധിക്കു-
മാമയമെന്നിയേ വാനരനായകൻ"
81
Keep
മാരുതി ചൊന്നതു കേട്ടു സൗമിത്രിയു-
മാരൂഢലജ്ജനായ് നിൽക്കും ദശാന്തരേ
82
Keep
സുഗ്രീവനർഗ്ഘ്യപാദ്യാദേന പൂജ-
ചെയ്തഗ്രഭാഗേ വീണു വീണ്ടും വണങ്ങിനാൻ
83
Keep
"ശ്രീരാമദാസോഹമാഹന്ത! രാഘവ-
കാരുണ്യലേശേന രക്ഷിതനദ്യ ഞാൻ
84
Keep
ലോകത്രയത്തെ ക്ഷണാർദ്ധമാത്രം കൊണ്ടു
രാഘവൻ തന്നെ ജയിക്കുമല്ലോ ബലാൽ
85
Keep
സേവാർത്ഥമോർക്കിൽ സഹായമാത്രം ഞങ്ങ-
ളേവരും തൻ നിയോഗത്തെ വഹിയ്ക്കുന്നു"
86
Keep
അർക്കാത്മജൻ മൊഴി കേട്ടു സൗമിത്രിയു-
മുൾക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാൻ:
87
Keep
"ദുഃഖേന ഞാൻ പരുഷങ്ങൾ പറഞ്ഞതു-
മൊക്കെ ക്ഷമിയ്ക്ക മഹാഭാഗനല്ലോ നീ
88
Keep
നിങ്കൽ പ്രണയമധികമുണ്ടാകയാൽ
സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ!
89
Keep
വൈകാതെ പോക വനത്തിനു നാമിനി
രാഘവൻ താനേ വസിയ്ക്കുന്നതുമെടോ."
Previous
←
ശ്രീരാമന്റെ വിരഹതാപം
Next
സുഗ്രീവൻ ശ്രീരാമസന്നിധിയിൽ
→