Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സ്വയംപ്രഭാസ്തുതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Stotra
1
Keep
യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു
യോഗേശസന്നിധിപുക്കാളതിദ്രുതം
2
Keep
ലക്ഷ്മണസുഗ്രീവസേവിതനാകിയ
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം
3
Keep
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം
നത്വാ മുഹുർമ്മുഹുസ്തുത്വാ ബഹുവിധം
4
Keep
"ദാസീ തവാഹം രഘുപതേ രാജേന്ദ്ര!
വാസുദേവ! പ്രഭോ! രാമ! ദയാനിധേ!
5
Keep
കാണ്മതിന്നായ്ക്കൊണ്ടു വന്നേനിവിടെ ഞാൻ
സാമ്യമില്ലാത ജഗൽപതേ! ശ്രീപതേ!
6
Keep
ഞാനനേകായിരം സംവത്സരം തവ
ധ്യാനേന നിത്യം തപസ്സു ചെയ്തീടിനേൻ
7
Keep
ത്വദ്രൂപസന്ദർശനാർത്ഥം തപോബല-
മദ്യൈവ നൂനം ഫലിതം രഘുപതേ!
8
Keep
ആദ്യനായോരു ഭവന്തം നമസ്യാമി
വേദ്യനല്ലാരാലുമേ ഭവാൻ നിർണ്ണയം
9
Keep
അന്തർബ്ബഹിഃസ്ഥിതം സർവഭൂതേഷ്വപി
സന്തമലക്ഷ്യമാദ്യന്തഹീനം പരം
10
Keep
മായായവനികാച്ഛന്നനായ് വാഴുന്ന
മായാമയനായ മാനുഷവിഗ്രഹൻ
11
Keep
അജ്ഞാനികളാലറിഞ്ഞുകൂടാതൊരു
വിജ്ഞാനമൂർത്തിയല്ലോ ഭവാൻ കേവലം
12
Keep
ഭാഗവതന്മാർക്കു ഭക്തിയോഗാർത്ഥമായ്
ലോകേശമുഖ്യാമരൗഘമർത്ഥിയ്ക്കയാൽ
13
Keep
ഭൂമിയിൽ വന്നവതീർണ്ണനാം നാഥനെ-
ത്താമസിയായ ഞാനെന്തറിയുന്നതും!
14
Keep
സച്ചിന്മയം തവ തത്ത്വം ജഗത്ത്രയേ
കശ്ചിൽ പുരുഷനറിയും സുകൃതിനാം
15
Keep
രൂപം തവേദം സദാ ഭാതു മാനസേ
താപസാന്തഃസ്ഥിതം താപത്രയാപഹം
16
Keep
നാരായണ! തവ ശ്രീപാദദർശനം
ശ്രീരാമ! മോക്ഷൈകദർശനം കേവലം
17
Keep
ജന്മമരണഭീതാനാമദർശനം
സന്മാർഗ്ഗദർശനം വേദാന്തദർശനം
18
Keep
പുത്രകളത്രമിത്രാർത്ഥവിഭൂതികൊ-
ണ്ടെത്രയും ദർപ്പിതരായുള്ള മാനുഷർ
19
Keep
രാമരാമേതി ജപിക്കയില്ലെന്നുമേ
രാമനാമം മേ ജപിക്കായ് വരേണമേ!
20
Keep
നിത്യം നിവൃത്തഗുണത്രയമാർഗ്ഗായ
നിത്യായ നിഷ്കിഞ്ചനാർത്ഥായ തേ നമഃ
21
Keep
സ്വാത്മാഭിരാമായ നിർഗ്ഗുണായ ത്രിഗു-
ണാത്മനേ സീതാഭിരാമായ തേ നമഃ
22
Keep
വേദാത്മകം കാമരൂപിണമീശാന-
മാദിമദ്ധ്യാന്തവിവർജ്ജിതം സർവത്ര
23
Keep
മന്യേ സമം ചരന്തം പുരുഷം പരം
നിന്നെ നിനക്കൊഴിഞ്ഞാർക്കറിഞ്ഞീടാവു?
24
Keep
മർത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം
ചിത്തേ നിരൂപിക്കിലെന്തറിയാവതും?
25
Keep
ത്വന്മായയാ പിഹിതാത്മാക്കൾ കാണുന്നു
ചിന്മയനായ ഭവാനെബ്ബഹുവിധം
26
Keep
ജന്മവും കർത്തൃത്വവും ചെറുതില്ലാത
നിർമ്മലാത്മാവാം ഭവാനവസ്ഥാന്തരേ
27
Keep
ദേവതിര്യങ്മനുജാദികളിൽ ജനി-
ച്ചേവമാദ്യങ്ങളാം കർമ്മങ്ങൾ ചെയ്വതും
28
Keep
നിന്മഹാമായാവിഡംബനം നിർണ്ണയം
കല്മഷഹീന! കരുണാനിധേ! വിഭോ!
29
Keep
മേദിനിതന്നിൽ വിചിത്രവേഷത്തൊടും
ജാതനായ് കർമ്മങ്ങൾ ചെയ്യുന്നതും ഭവാൻ
30
Keep
ഭക്തരായുള്ള ജനങ്ങൾക്കു നിത്യവും
ത്വൽക്കഥാപീയൂഷപാനസിദ്ധിക്കെന്നും
31
Keep
ചൊല്ലുന്നിതു ചിലർ മറ്റും ചിലരിഹ
ചൊല്ലുന്നിതു ഭുവി കോസലഭൂപതി-
32
Keep
തന്നുടെ ഘോരതപോബലസിദ്ധയേ
നിർണ്ണയമെന്നു ചിലർ പറയുന്നിതു
33
Keep
കൗസല്യയാൽ പ്രാർത്ഥ്യമാനനായിട്ടിഹ
മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലർ
34
Keep
സ്രഷ്ടാവുതാനപേക്ഷിയ്ക്കയാൽ വന്നിഹ
ദുഷ്ടനിശാചരവംശമൊടുക്കുവാൻ
35
Keep
മർത്ത്യനായ് വന്നു പിറന്നിതു നിർണ്ണയം
പൃത്ഥ്വിയിലെന്നു ചിലർ പറയുന്നിതു
36
Keep
ഭൂപാലപുത്രനായ് വന്നു പിറന്നിതു
ഭൂഭാരനാശത്തിന്നെന്നിതു ചിലർ
37
Keep
ധർമ്മത്തെ രക്ഷിച്ചധർമ്മത്തെ നീക്കുവാൻ
കർമ്മസാക്ഷികുലത്തിങ്കൽ പിറന്നിതു
38
Keep
ദേവശത്രുക്കളെ നിഗ്രഹിച്ചൻപൊടു
ദേവകളെപ്പരിപാലിച്ചു കൊള്ളുവാൻ
39
Keep
എന്നു ചൊല്ലുന്നിതു ദിവ്യമുനിജന-
മൊന്നും തിരിച്ചറിയാവതുമല്ല മേ
40
Keep
യാതൊരുത്തൻ ത്വൽക്കഥകൾ ചൊല്ലുന്നതു-
മാദരവോടു കേൾക്കുന്നതും നിത്യമായ്
41
Keep
നൂനം ഭവാർണ്ണവത്തെക്കടന്നീടുവോൻ
കാണാമവനു നിൻ പാദപങ്കേരുഹം
42
Keep
ത്വന്മഹാമായാഗുണബദ്ധനാകയാൽ
ചിന്മയമായ ഭവത്സ്വരൂപത്തെ ഞാൻ
43
Keep
എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന-
തെങ്ങനെ ചൊല്ലിസ്തുതിക്കുന്നതുമഹം!
44
Keep
ശ്യാമളം കോമളം ബാണധനുർദ്ധരം
രാമം സഹോദരസേവിതം രാഘവം
45
Keep
സുഗ്രീവമുഖ്യകപികുലസേവിത-
മഗ്രേ ഭവന്തം നമസ്യാമി സാമ്പ്രതം.
46
Keep
രാമായ രാമഭദ്രായ നമോ നമോ
രാമചന്ദ്രായ നമസ്തേ നമോ നമഃ"
47
Keep
ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു
മംഗലവാചാ നമസ്കരിച്ചീടിനാൾ
48
Keep
മുക്തിപ്രദനായ രാമൻ പ്രസന്നനായ്
ഭക്തയാം യോഗിനിയോടരുളിച്ചെയ്തു:
49
Keep
"സന്തുഷ്ടനായേനഹം തവ ഭക്തികൊ-
ണ്ടെന്തോന്നു മാനസേ കാംക്ഷിതം ചൊല്ലു നീ?"
50
Keep
എന്നതു കേട്ടവളും പറഞ്ഞീടിനാൾ:
"ഇന്നു വന്നു മമ കാംക്ഷിതമൊക്കവെ
51
Keep
യത്രകുത്രാപി വസിക്കിലും ത്വൽപാദ-
ഭക്തിക്കിളക്കമുണ്ടാകാതിരിയ്ക്കണം
52
Keep
ത്വൽപാദഭക്തഭൃത്യേഷു സംഗം പുന-
രുൾപൂവിലെപ്പോഴുമുണ്ടാകയും വേണം
53
Keep
പ്രാകൃതന്മാരാം ജനങ്ങളിൽ സംഗമ-
മേകദാ സംഭവിച്ചീടായ്ക മാനസേ
54
Keep
രാമരാമേതി ജപിക്കായ് വരേണമേ
രാമപാദേ രമിക്കേണമെന്മാനസം
55
Keep
സീതാസുമിത്രാത്മജാന്വിതം രാഘവം
പീതവസ്ത്രം ചാപബാണാസനധരം
56
Keep
ചാരുമകുട കടകകടിസൂത്ര-
ഹാരമകരമണിമയകുണ്ഡല-
57
Keep
നൂപുരഹേമാംഗദാദി വിഭൂഷണ-
ശോഭിതരൂപം വസിക്ക മേ മാനസേ
58
Keep
മറ്റെനിയ്ക്കേതുമേ വേണ്ടാ വരം വിഭോ!
പറ്റായ്ക ദുസ്സംഗമുള്ളിലൊരിക്കലും"
59
Keep
ശ്രീരാമദേവനതു കേട്ടവളോടു
ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു
60
Keep
"ഏവം ഭവിക്ക നിനക്കു മഹാഭാഗേ!
ദേവീ നീ പോക ബദര്യാശ്രമസ്ഥലേ
61
Keep
തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു
മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം
62
Keep
ചേരുമെങ്കൽ പരമാത്മനി കേവലേ
തീരും ജനനമരണദുഃഖങ്ങളും"
63
Keep
ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ
ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ
64
Keep
ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടൻ
നാരായണപദം പ്രാപിച്ചിതവ്യയം
Previous
←
സ്വയംപ്രഭാഗതി
Next
അംഗദാദികളുടെ സംശയം
→