Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സ്വയംപ്രഭാഗതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അന്ധകാരാരണ്യമാശു പുക്കീടിനാ-
രന്തരാ ദാഹവും വർദ്ധിച്ചിതേറ്റവും
2
Keep
ശുഷ്കകണ്ഠോഷ്ഠതാലുപ്രദേശത്തൊടും
മർക്കടവീരരുണങ്ങിവരണ്ടൊരു
3
Keep
ജിഹ്വയോടും നടക്കുന്ന നേരത്തൊരു
ഗഹ്വരം തത്രകാണായി വിധിവശാൽ
4
Keep
വല്ലീതൃണഗണച്ഛന്നമായോന്നതി-
ലില്ലയല്ലീ ജലമെന്നോർത്തുനിൽക്കുമ്പോൾ
5
Keep
ആർദ്രപക്ഷക്രൗഞ്ചഹംസാദി പക്ഷിക-
ളൂർദ്ധ്വദേശേ പറന്നാരതിൽ നിന്നുടൻ
6
Keep
പക്ഷങ്ങളിൽ നിന്നു വീണു ജലകണം
മർക്കടന്മാരുമതു കണ്ടു കല്പിച്ചാർ
7
Keep
"നല്ല ജലമതിലുണ്ടെന്നു നിർണ്ണയ-
മെല്ലാവരും നാമിതിലിറങ്ങീടുക"
8
Keep
എന്നു പറഞ്ഞോരു നേരത്തു മാരുതി
മുന്നിലിറങ്ങിനാൻ മറ്റുള്ളവർകളും
9
Keep
പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോൾ
കണ്ണുകാണാഞ്ഞതിരുട്ടുകൊണ്ടന്നേര-
10
Keep
മന്യോന്യമൊത്തു കൈയും പിടിച്ചാകുലാൽ
ഖിന്നതയോടും നടന്നു നടന്നു പോയ്-
11
Keep
ച്ചെന്നാരതീവദൂരം തത്ര കണ്ടിതു
മുന്നിലാമ്മാറതിധന്യദേശസ്ഥലം
12
Keep
സ്വർണ്ണമയം മനോമോഹനം കാണ്മവർ-
കണ്ണിനുമേറ്റമാനന്ദകരം പരം
13
Keep
വാപികളുണ്ടു മണിമയവാരിയാ-
ലാപൂർണ്ണകളായതീവ വിശദമായ്
14
Keep
പക്വഫലങ്ങളാൽ നമ്രങ്ങളായുള്ള
വൃക്ഷങ്ങളുണ്ടു കല്പദ്രുമതുല്യമായ്
15
Keep
പീയൂഷസാമ്യമധുദ്രോണസംയുത
പേയഭക്ഷ്യാന്നസഹിതങ്ങളായുള്ള
16
Keep
വസ്ത്യങ്ങളുണ്ടു പലതരം തത്രൈവ
വസ്ത്രരത്നാദി പരിഭൂഷിതങ്ങളായ്
17
Keep
മാനസമോഹനമായ ദിവ്യസ്ഥലം
മാനുഷവർജ്ജിതം ദേവഗേഹോപമം
18
Keep
തത്രഗേഹേ മണികാഞ്ചനവിഷ്ടരേ
ചിത്രാകൃതി പൂണ്ടു കണ്ടാരൊരുത്തിയെ
19
Keep
യോഗം ധരിച്ചു ജടവല്ക്കലം പൂണ്ടു
യോഗിനി നിശ്ചലധ്യാനനിരതയായ്
20
Keep
പാവകജ്വാലാസമാഭകലർന്നതി-
പാവനയായ മഹാഭാഗയെക്കണ്ടു
21
Keep
തൽക്ഷണേ സന്തോഷപൂർണ്ണമനസ്സോടു
ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാർ
22
Keep
ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു
യോഗിനി താനുമവരോടു ചൊല്ലിനാൾ
23
Keep
"നിങ്ങളാരാകുന്നതെന്നു പറയണ-
മിങ്ങു വന്നീടുവാൻ മൂലവും ചൊല്ലണം
24
Keep
എങ്ങനെ മാർഗ്ഗമറിഞ്ഞവാറെന്നതു-
മെങ്ങിനിപ്പോകുന്നതെന്നും പറയണം"
25
Keep
എന്നിവ കേട്ടൊരു വായുതനയനും
നന്നായ് വണങ്ങി വിനീതനായ് ചൊല്ലിനാൻ:
26
Keep
"വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ
സത്യമൊഴിഞ്ഞു പറയുമാറില്ല ഞാൻ
27
Keep
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ-
ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ
28
Keep
തത്രൈവ വാണു ദശരഥനാം നൃപൻ
പുത്രരുമുണ്ടായ് ചമഞ്ഞിതു നാലുപേർ
29
Keep
നാരായണസമൻ ജ്യേഷ്ഠനവർകളിൽ
ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും
30
Keep
താതാജ്ഞയാ വനവാസാർത്ഥമായവൻ
ഭ്രാതാവിനോടും ജനകാത്മജയായ
31
Keep
സീതയാം പത്നിയോടും വിപിനസ്ഥലേ
മോദേന വാഴുന്ന കാലമൊരു ദിനം
32
Keep
ദുഷ്ടനായുള്ള ദശാസ്യനിശാചരൻ
കട്ടുകൊണ്ടാശു പോയീടിനാൻ പത്നിയെ
33
Keep
രാമനും ലക്ഷ്മണനാകുമനുജനും
ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോൾ
34
Keep
അർക്കാത്മജനായ സുഗ്രീവനെക്കണ്ടു
സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്
35
Keep
എന്നതിന്നഗ്രജനാകിയ ബാലിയെ-
ക്കൊന്നു സുഗ്രീവനു രാജ്യവും നൽകിനാൻ
36
Keep
ശ്രീരാമനു,മതിൻ പ്രത്യുപകാരമാ-
യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു
37
Keep
വാനരനായകനായ സുഗ്രീവനും
വാനരന്മാരെയയച്ചിതെല്ലാടവും
38
Keep
ദക്ഷിണദിക്കിലന്വേഷിപ്പനിതിനൊരു
ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും
39
Keep
ദാഹം പൊറാഞ്ഞു ജലകാംക്ഷയാ വന്നു
മോഹേന ഗഹ്വരം പുക്കിതറിയാതെ
40
Keep
ദൈവവശാലിവിടെപ്പോന്നു വന്നിഹ
ദേവിയെക്കാണായതും ഭാഗ്യമെത്രയും
41
Keep
ആരെന്നതും ഞങ്ങളേതുമറിഞ്ഞീല
നേരേയരുൾചെയ്കവേണമതും ശുഭേ!"
42
Keep
യോഗിനിതാനുമതു കേട്ടവരോടു
വേഗേന മന്ദസ്മിതം പൂണ്ടു ചൊല്ലിനാൾ:
43
Keep
"പക്വഫലമൂലജാലങ്ങളൊക്കവേ
ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്
44
Keep
ബുദ്ധി തെളിഞ്ഞു വരുവിനെന്നാൽ മമ
വൃത്താന്തമാദിയേ ചൊല്ലിത്തരുവൻ ഞാൻ"
45
Keep
എന്നതു കേട്ടവർ മൂലഫലങ്ങളും
നന്നായ് ഭുജിച്ചു മധുപാനവും ചെയ്തു
46
Keep
ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു
ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം
47
Keep
ചാരുസ്മിതപൂർവമഞ്ജസാ യോഗിനി
മാരുതിയോടു പറഞ്ഞു തുടങ്ങിനാൾ
48
Keep
"വിശ്വവിമോഹനരൂപിണിയാകിയ
വിശ്വകർമ്മാത്മജാ ഹേമാ മനോഹരീ
49
Keep
നൃത്തഭേദം കൊണ്ടു സന്തുഷ്ടനാക്കിനാൾ
മുഗ്ദ്ധേന്ദുശേഖരൻ തന്നെയതുമൂലം
50
Keep
ദിവ്യപുരമിദം നൽകിനാനീശ്വരൻ
ദിവ്യസംവത്സരാണാമയുതായുതം
51
Keep
ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ
തത്സഖി ഞാനിഹ നാമ്നാ സ്വയംപ്രഭാ
52
Keep
സന്തതം മോക്ഷമപേക്ഷിച്ചിരിപ്പൊരു
ഗന്ധർവപുത്രി സദാ വിഷ്ണുതൽപരാ
53
Keep
ബഹ്മലോകം പ്രവേശിച്ചിതു ഹേമയും
നിർമ്മലഗാത്രിയുമെന്നോടു ചൊല്ലിനാൾ:
54
Keep
'സന്തതം നീ തപസ്സും ചെയ്തിരിക്കെടോ
ജന്തുക്കളത്ര വരികയുമില്ലല്ലോ
55
Keep
ത്രേതായുഗേ വിഷ്ണു നാരായണൻ ഭുവി
ജാതനായീടും ദശരഥപുത്രനായ്
56
Keep
ഭൂഭാരനാശനാർത്ഥം വിപിനസ്ഥലേ
ഭൂപതി സഞ്ചരിച്ചീടും ദശാന്തരേ
57
Keep
ശ്രീരാമപത്നിയെക്കട്ടുകൊള്ളുമതി-
ക്രൂരനായീടും ദശാനനനക്കാലം
58
Keep
ജാനകീദേവിയെയന്വേഷണത്തിനായ്
വാനരന്മാർ വരും നിൻ ഗുഹാമന്ദിരേ
59
Keep
സൽക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ
മർക്കടന്മാർക്കുപകാരവും ചെയ്തു പോയ്
60
Keep
ശ്രീരാമദേവനെക്കണ്ടു വണങ്ങുക
നാരായണസ്വാമി തന്നെ രഘൂത്തമൻ
61
Keep
ഭക്ത്യാ പരനെ സ്തുതിച്ചാൽ വരും തവ
മുക്തിപദം യോഗിഗമ്യം സനാതനം'
62
Keep
ആകയാൽ ഞാനിനി ശ്രീരാമദേവനെ
വേഗേന കാണ്മതിന്നായ്ക്കൊണ്ടു പോകുന്നു
63
Keep
നിങ്ങളെ നേരേ പെരുവഴി കൂട്ടുവൻ
നിങ്ങളെല്ലാവരും കണ്ണടച്ചീടുവിൻ"
64
Keep
ചിത്തം തെളിഞ്ഞവർ കണ്ണടച്ചീടിനാർ
സത്വരം പൂർവസ്ഥിതാടവി പുക്കിതു
65
Keep
ചിത്രം വിചിത്രം വിചിത്രമെന്നോർത്തവർ
പദ്ധതിയൂടെ നടന്നു തുടങ്ങിനാർ.
Previous
←
സീതാന്വേഷണം
Next
സ്വയംപ്രഭാസ്തുതി
→