Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണശുകസംവാദം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
പംക്തിമുഖനുമവനോടു ചോദിച്ചാ-
"നെന്തു നീ വൈകുവാൻ കാരണം ചൊൽകെടോ!
2
Keep
വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി-
മാനവിരോധം വരുത്തിനാരോ? തവ
3
Keep
ക്ഷീണഭാവം കലർന്നീടുവാൻ കാരണം
മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ."
4
Keep
രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകൻ പര-
മാർത്ഥം ദശാനനനോടു ചൊല്ലീടിനാൻ:
5
Keep
"രാക്ഷസരാജപ്രവര! ജയ ജയ!
മോക്ഷോപദേശമാർഗ്ഗേണ ചൊല്ലീടുവൻ.
6
Keep
സിന്ധുതന്നുത്തരതീരോപരി ചെന്നൊ-
രന്തരമെന്നിയേ ഞാൻ തവ വാക്യങ്ങൾ
7
Keep
ചൊന്നനേരത്തവരെന്നെപ്പിടിച്ചുടൻ
കൊന്നുകളവാൻ തുടങ്ങും ദശാന്തരേ
8
Keep
'രാമ രാമപ്രഭോ! പാഹി പാഹീ'തി ഞാ-
നാമയം പൂണ്ടു കരഞ്ഞ നാദം കേട്ടു
9
Keep
ദൂതനവദ്ധ്യനയപ്പിനയപ്പിനെ-
ന്നാദരവോടരുൾചെയ്തു ദയാപരൻ.
10
Keep
വാനരന്മാരുമയച്ചാരതു കൊണ്ടു
ഞാനും ഭയം തീർന്നു നീളെ നടന്നുടൻ
11
Keep
വാനരസൈന്യമെല്ലാം കണ്ടു പോന്നിതു
മാനവവീരനനുജ്ഞയാ സാദരം.
12
Keep
പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാൻ:
'ചെന്നു നീ രാവണൻ തന്നോടു ചൊല്ലുക
13
Keep
സീതയെ നൽകിടുകൊന്നുകിലല്ലായ്കി-
ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക.
14
Keep
രണ്ടിലുമൊന്നുഴറിച്ചെയ്തുകൊള്ളണം
രണ്ടും കണക്കെനിക്കെന്നു പറയണം.
15
Keep
എന്തുബലം കൊണ്ടു സീതയെ കട്ടുകൊ-
ണ്ടന്ധനായ് പോന്നങ്ങിരുന്നുകൊണ്ടു ഭവാൻ
16
Keep
പോരുമതിനു ബലമെങ്കിലെന്നോടു
പോരിനായ്ക്കൊണ്ടു പുറപ്പെടുകാശു നീ.
17
Keep
ലങ്കാപുരവും നിശാചരസേനയും
ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാൻ
18
Keep
ഒക്കെപ്പൊടിപെടുത്തെന്നുള്ളിൽ വന്നിങ്ങു
പുക്കൊരു രോഷവുമാശു തീർത്തീടുവൻ.
19
Keep
നക്തഞ്ചരകുലശ്രേഷ്ഠൻ ഭവാനൊരു
ശക്തനെന്നാകിൽ പുറപ്പെടുകാശു നീ.'
20
Keep
എന്നരുളിച്ചെയ്തിരുന്നരുളീടിനാൻ
നിന്നുടെ സോദരൻതന്നോടു കൂടവേ,
21
Keep
സുഗ്രീവലക്ഷ്മണന്മാരോടുമൊന്നിച്ചു
നിഗ്രഹിപ്പാനായ് ഭവന്തം രണാങ്കണേ.
22
Keep
കണ്ടുകൊണ്ടാലുമസംഖ്യം ബലം ദശ-
കണ്ഠപ്രഭോ! കപിപുംഗവപാലിതം.
23
Keep
പർവതസന്നിഭന്മാരായവാനര-
രുർവി കുലുങ്ങവേ ഗർജ്ജനവും ചെയ്തു
24
Keep
സർവലോകങ്ങളും ഭസ്മമാക്കീടുവാൻ
ഗർവം കലർന്നു നിൽക്കുന്നിതു നിർഭയം
25
Keep
സംഖ്യയുമാർക്കും ഗണിക്കാവതില്ലിഹ
സംഖ്യാവതാംവരനായ കുമാരനും
26
Keep
ഹുങ്കാരമേറിയ വാനരസേനയിൽ
സംഘപ്രധാനന്മാരെ കേട്ടുകൊള്ളുക
27
Keep
ലങ്കാപുരത്തെയും നോക്കി നോക്കി ദ്രുതം
ശങ്കാവിഹീനമലറിനിൽക്കുന്നവർ
28
Keep
നൂറായിരം പടയോടും രിപുക്കളെ
നീറാക്കുവാനുഴറ്റോടെ വാൽ പൊങ്ങിച്ചു
29
Keep
കാലനും പേടിച്ചു മണ്ടുമവനോടു
നീലനാം സേനാപതി വഹ്നിനന്ദനൻ.
30
Keep
അംഗദനാകുമിളയരാജാവതി-
നങ്ങേതു പത്മകിഞ്ജല്ക്കസമപ്രഭൻ
31
Keep
വാൽ കൊണ്ടു ഭൂമിയിൽ തച്ചുതച്ചിങ്ങനെ
ബാലിതൻനന്ദനനദ്രിശൃംഗോപമൻ
32
Keep
തൽപാർശ്വസീമ്നി നിൽക്കുന്നതു വാതജൻ
ത്വൽപുത്രഘാതകൻ രാമചന്ദ്രപ്രിയൻ
33
Keep
സുഗ്രീവനോടു പറഞ്ഞുനിൽക്കുന്നവ-
നുഗ്രനാം ശ്വേതൻ രജതസമപ്രഭൻ
34
Keep
രംഭനങ്ങേതവൻ മുമ്പിൽ നിൽക്കുന്നവൻ
വമ്പനായുള്ള ശരഭൻ മഹാബലൻ.
35
Keep
മൈന്ദനങ്ങേതവൻ തമ്പി വിവിദനും
വൃന്ദാരകവൈദ്യനന്ദനന്മാരല്ലോ.
36
Keep
സേതുകർത്താവാം നളനതിനങ്ങേതു
ബോധമേറും വിശ്വകർമ്മാവുതൻ മകൻ
37
Keep
താരൻ പനസൻ കുമുദൻ വിനതനും
വീരൻ വൃഷഭൻ വികടൻ വിശാലനും
38
Keep
മാരുതിതൻപിതാവാകിയ കേസരി
ശൂരനായീടും പ്രമാഥി ശതബലി
39
Keep
സാരനാം ജാംബവാനും വേഗദർശിയും
വീരൻ ഗജനും ഗവയൻ ഗവാക്ഷനും
40
Keep
ശൂരൻ ദധിമുഖൻ ജ്യോതിർമ്മുഖനതി-
ഘോരൻ സുമുഖനും ദുർമ്മുഖൻ ഗോമുഖൻ,
41
Keep
ഇത്യാദി വാനരനായകന്മാരെ ഞാൻ
പ്രത്യേകമെങ്ങിനെ ചൊല്ലുന്നതും പ്രഭോ!
42
Keep
ഇത്തരം വാനരനായകന്മാരറു-
പത്തേഴുകോടിയുണ്ടുള്ളതറിഞ്ഞാലും
43
Keep
ഉള്ളം തെളിഞ്ഞു പോർക്കായിരുപത്തൊന്നു
വെള്ളം പടയുമുണ്ടുള്ളതവർക്കെല്ലാം
44
Keep
ദേവാരികളെയൊടുക്കുവാനായ് വന്ന
ദേവാംശസംഭവന്മാരിവരേവരും,
45
Keep
ശ്രീരാമദേവനും മാനുഷനല്ലാദി-
നാരായണനാം പരൻ പുരുഷോത്തമൻ.
46
Keep
സീതയാകുന്നതു യോഗമായാദേവി
സോദരൻ ലക്ഷ്മണനായതനന്തനും
47
Keep
ലോകമാതാവും പിതാവും ജനകജാ-
രാഘവന്മാരെന്നറിക വഴിപോലെ.
48
Keep
വൈരമവരോടു സംഭവിച്ചീടുവാൻ
കാരണമെന്തെന്നതോർക്ക നീ മാനസേ.
49
Keep
പഞ്ചഭൂതാത്മകമായ ശരീരവും
പഞ്ചത്വമാശു ഭവിക്കുമെല്ലാവനും
50
Keep
പഞ്ചപഞ്ചാത്മകതത്ത്വങ്ങളെക്കൊണ്ടു
സഞ്ചിതം പുണ്യപാപങ്ങളാൽ ബദ്ധമായ്
51
Keep
ത്വങ്മാംസമേദോസ്ഥിമൂത്രമലങ്ങളാൽ
സമ്മേളിതമതിദുർഗ്ഗന്ധമെത്രയും
52
Keep
ഞാനെന്നഭാവമതിങ്കലുണ്ടായ് വരും
ജ്ഞാനമില്ലാത ജനങ്ങൾക്കതോർക്ക നീ.
53
Keep
ഹന്ത! ജഡാത്മകമായ കായത്തിങ്ക-
ലെന്തൊരാസ്ഥാ ഭവിക്കുന്നതും ധീമതാം?
54
Keep
യാതൊന്നുമൂലമായ് ബ്രഹ്മഹത്യാദിയാം
പാതകൗഘങ്ങൾ കൃതങ്ങളാകുന്നതും
55
Keep
ഭോഗഭോക്താവായ ദേഹം ക്ഷണംകൊണ്ടു
രോഗാദിമൂലമായ് സംപതിക്കും ദൃഢം.
56
Keep
പുണ്യപാപങ്ങളോടും ചേർന്നു ജീവനും
വന്നുകൂടുന്നു സുഖദുഃഖബന്ധനം.
57
Keep
ദേഹത്തെ ഞാനെന്നു കല്പിച്ചു കർമ്മങ്ങൾ
മോഹത്തിനാലവശത്വേന ചെയ്യുന്നു
58
Keep
ജന്മമരണങ്ങളുമതുമൂലമായ്
സമ്മോഹിതന്മാർക്കു വന്നു ഭവിക്കുന്നു
59
Keep
ശോകജരാമരണാദികൾ നീക്കുവാ-
നാകയാൽ ദേഹാഭിമാനം കളക നീ.
60
Keep
ആത്മാവു നിർമ്മലനവ്യയനദ്വയ-
നാത്മാനമാത്മനാ കണ്ടു തെളിക നീ.
61
Keep
ആത്മാവിനെ സ്മരിച്ചീടുക സന്തത-
മാത്മനിതന്നെ ലയിക്ക നീ കേവലം
62
Keep
പുത്രദാരാർത്ഥഗൃഹാദിവസ്തുക്കളിൽ
സക്തി കളഞ്ഞു വിരക്തനായ് വാഴുക.
63
Keep
സൂകരാശ്വാദി ദേഹങ്ങളിലാകിലും
ഭോഗം നരകാദികളിലുമുണ്ടല്ലോ.
64
Keep
ദേഹം വിവേകാഢ്യമായതും പ്രാപിച്ചി-
താഹന്ത പിന്നെ ദ്വിജത്വവും വന്നിതു.
65
Keep
കർമ്മഭൂവാമത്ര ഭാരതഖണ്ഡത്തിൽ
നിർമ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാൽ
66
Keep
പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം
ധന്യനായുള്ളവനോർക്ക മഹാമതേ!
67
Keep
പൗലസ്ത്യപൗത്രനാം ബ്രാഹ്മണാഢ്യൻ ഭവാൻ
ത്രൈലോക്യസമ്മതൻ ഘോരതപോധനൻ
68
Keep
എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ
പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ?
69
Keep
ഇന്നു തുടങ്ങി സമസ്തസംഗങ്ങളും
നന്നായ് പരിത്യജിച്ചീടുക മാനസേ
70
Keep
രാമനെത്തന്നെസ്സമാശ്രയിച്ചീടുക
രാമനാകുന്നതാത്മാപരനദ്വയൻ.
71
Keep
സീതയെ രാമനു കൊണ്ടക്കൊടുത്തു ത-
ല്പാദപത്മാനുചരനായ് ഭവിക്ക നീ.
72
Keep
സർവപാപങ്ങളിൽനിന്നു വിമുക്തനായ്
ദിവ്യമാം വിഷ്ണുലോകം ഗമിക്കായ് വരും
73
Keep
അല്ലായ്കിലാശു കീഴ്പോട്ടു കീഴ്പോട്ടു പോയ്
ചെല്ലും നരകത്തിലില്ലൊരു സംശയം
74
Keep
നല്ലതത്രേ ഞാൻ നിനക്കു പറഞ്ഞതു
നല്ലജനത്തോടു ചോദിച്ചുകൊൾകെടോ!
75
Keep
രാമരാമേതി രാമേതി ജപിച്ചുകൊ-
ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും
76
Keep
സത്സംഗമത്തോടു രാമചന്ദ്രം ഭക്ത-
വത്സലം ലോകശരണ്യം ശരണദം
77
Keep
ദേവം മരതകകാന്തികാന്തം രമാ-
സേവിതം ചാപബാണായുധം രാഘവം
78
Keep
സുഗ്രീവസേവിതം ലക്ഷ്മണസംയുതം
രക്ഷാനിപുണം വിഭീഷണസേവിതം
79
Keep
ഭക്ത്യാ നിരന്തരം ധ്യാനിച്ചുകൊൾകിലോ
മുക്തിവന്നീടുമതിനില്ല സംശയം."
80
Keep
ഇത്ഥം ശുകവാക്യമജ്ഞാനനാശനം
ശ്രുത്വാ ദശാസ്യനും ക്രോധതാമ്രാക്ഷനായ്
81
Keep
ദഗ്ദ്ധനായ്പ്പോകും ശുകനെന്നു തോന്നുമാ-
റത്യന്തരോഷേണ നോക്കിയുരചെയ്താൻ:
82
Keep
"ഭൃത്യനായുള്ള നീയാചാര്യനെപ്പോലെ
നിസ്ത്രപം ശിക്ഷ ചൊൽവാനെന്തു കാരണം?
83
Keep
പണ്ടു നീ ചെയ്തൊരുപകാരമോർക്കയാ-
ലുണ്ടു കാരുണ്യമെനിക്കതുകൊണ്ടു ഞാൻ
84
Keep
ഇന്നു കൊല്ലുന്നതില്ലെന്നു കല്പിച്ചിതെൻ-
മുന്നിൽനിന്നാശു മറയത്തു പോക നീ
85
Keep
കേട്ടാൽ പൊറുക്കരുതാതൊരു വാക്കുകൾ
കേട്ടു പൊറുപ്പാൻ ക്ഷമയുമെനിക്കില്ല.
86
Keep
എന്നുടെ മുന്നിൽ നീ കാൽക്ഷണം നിൽക്കിലോ
വന്നുകൂടും മരണം നിനക്കിന്നുമേ."
87
Keep
എന്നതു കേട്ടു പേടിച്ചു വിറച്ചവൻ
ചെന്നു തന്മന്ദിരം പുക്കിരുന്നീടിനാൻ.
Previous
←
സേതുബന്ധനം
Next
ശുകന്റെ പൂർവ്വവൃത്താന്തം
→