Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണന്റെ വിലാപം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം
പുത്രൻ മരിച്ചതു കേട്ടൊരു രാവണൻ
2
Keep
വീണിതു ഭൂമിയിൽ മോഹം കലർന്നതി-
ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാൻ:
3
Keep
"ഹാഹാ കുമാര! മണ്ഡോദരീനന്ദന!
ഹാഹാ സുകുമാര! വീര! മനോഹര!
4
Keep
മൽക്കർമ്മദോഷങ്ങളെന്തു ചൊല്ലാവതു
ദുഃഖമിതെന്നു മറക്കുന്നതുള്ളിൽ ഞാൻ!
5
Keep
വിണ്ണവർക്കും ദ്വിജന്മാർക്കും മുനിമാർക്കു-
മിന്നു നന്നായുറങ്ങീടുമാറായിതു
6
Keep
നമ്മെയും പേടിയില്ലാർക്കുമിനി മമ-
ജന്മവും നിഷ്ഫലമായ് വന്നിതീശ്വരാ"
7
Keep
പുത്രഗുണങ്ങൾ പറഞ്ഞും നിരൂപിച്ചു-
മത്തൽമുഴുത്തു കരഞ്ഞുതുടങ്ങിനാൻ
8
Keep
"എന്നുടെ പുത്രൻ മരിച്ചതു ജാനകി-
തന്നുടെ കാരണമെന്നതു കൊണ്ടു ഞാൻ
9
Keep
കൊന്നവൾതന്നുടെ ചോര കുടിച്ചൊഴി-
ഞ്ഞെങ്ങുമേ ദുഃഖമടങ്ങുകയില്ല മേ!"
10
Keep
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര-
നിർഗ്ഗമിച്ചീടിനാൻ ക്രുദ്ധനാം രാവണൻ
11
Keep
സീതയും ദുഷ്ടനാം രാവണനെക്കണ്ടു
ഭീതയായെത്രയും വേപഥുഗാത്രിയായ്
12
Keep
ഹാ! രാമ! രാമ! രാമേതി ജപത്തൊടു-
മാരാമദേശേ വസിക്കും ദശാന്തരേ
13
Keep
ബുദ്ധിമാനായ സുപാർശ്വൻ നയജ്ഞന-
ത്യുത്തമൻ കർബ്ബുരസത്തമൻ വൃത്തവാൻ
14
Keep
രാവണൻതന്നെത്തടുത്തു നിർത്തിപ്പറ-
യാവതെല്ലാം പറഞ്ഞീടിനാൻ നീതികൾ:
15
Keep
"ബ്രഹ്മകുലത്തിൽ ജനിച്ച ഭവാനിഹ
നിർമ്മലനെന്നു ജഗത്ത്രയസമ്മതം
16
Keep
താവകമായ ഗുണങ്ങൾ വർണ്ണിപ്പതി-
നാവതല്ലോർക്കിൽ ഗുഹനുമനന്തനും
17
Keep
ദേവദേവേശ്വരനായ പുരവൈരി-
സേവകന്മാരിൽ പ്രധാനനല്ലോ ഭവാൻ
18
Keep
പൗലസ്ത്യനായ കുബേരസഹോദരൻ
ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപൻ
19
Keep
സാമവേദജ്ഞൻ സമസ്തവിദ്യാലയൻ
വാമദേവാധിവാസാത്മാ ജിതേന്ദ്രിയൻ
20
Keep
വേദവിദ്യാവ്രതസ്നാനപരായണൻ
ബോധവാൻ ഭാർഗ്ഗവശിഷ്യൻ വിനയവാൻ
21
Keep
എന്നിരിക്കെബ്ഭവാനിന്നു യുദ്ധാന്തരേ
നന്നുനന്നെത്രയുമോർത്തു കല്പിച്ചതും
22
Keep
സ്ത്രീവധമാകിയ കർമ്മത്തിനാശു നീ
ഭാവിച്ചതും തവ ദുഷ്കീർത്തിവർദ്ധനം
23
Keep
രാത്രിഞ്ചരേന്ദ്രപ്രവര! പ്രഭോ! മയാ-
സാർദ്ധം വിരവോടു പോരിക പോരിനായ്
24
Keep
മാനവന്മാരെയും വാനരന്മാരെയും
മാനേന പോർചെയ്തു കൊന്നുകളഞ്ഞു നീ
25
Keep
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മാനസതാപവും ദൂരെ നീക്കീടുക"
26
Keep
നീതിമാനായ സുപാർശ്വൻ പറഞ്ഞതു
യാതുധാനാധിപൻ കേട്ടു സന്തുഷ്ടനായ്
27
Keep
ആസ്ഥാനമണ്ഡപേ ചെന്നിരുന്നെത്രയു-
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു
28
Keep
ശിഷ്ടരായുള്ള നിശാചരന്മാരുമായ്
പുഷ്ടരോഷം പുറപ്പെട്ടിതു പോരിനായ്
29
Keep
ചെന്നു രക്ഷോബലം രാമനോടേറ്റള-
വൊന്നൊഴിയാതെയൊടുക്കിനാൻ രാമനും
30
Keep
മന്നവൻതന്നോടെതിർത്തിതു രാവണൻ
നിന്നു പോർ ചെയ്താനഭേദമായ് നിർഭയം
31
Keep
പിന്നെ രഘൂത്തമൻ ബാണങ്ങളെയ്തെയ്തു
ഭിന്നമാക്കീടിനാൻ രാവണദേഹവും
32
Keep
പാരം മുറിഞ്ഞു തളർന്നു വശംകെട്ടു
ധീരതയും വിട്ടുവാങ്ങി ദശാനനൻ
33
Keep
പോരുമിനി മമ പോരുമെന്നോർത്തതി-
ഭീരുവായ് ലങ്കാപുരം പുക്കനന്തരം.
Previous
←
മേഘനാദവധം
Next
രാവണന്റെ ഹോമവിഘ്നം
→