Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ശരഭംഗമന്ദിരപ്രവേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാർ.
2
Keep
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരൻ പൂജിച്ചു ഭക്തിയോടെ.
3
Keep
കന്ദപക്വാദികളാലാതിഥ്യംചെയ്തു ചിത്താ-
നന്ദമുൾക്കൊണ്ടു ശരഭംഗനുമരുൾചെയ്തു:
4
Keep
"ഞാനനേകം നാളുണ്ടു പാർത്തിരിക്കുന്നിതത്ര
ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
5
Keep
ആർജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
മാർജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം
6
Keep
മർത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ-
നദ്യ ഞാൻ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
7
Keep
നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
യെന്നിയേ ദേഹത്യാഗം ചെയ്യരുതെന്നുതന്നെ
8
Keep
ചിന്തിച്ചു ബഹുകാലം പാർത്തു ഞാനിരുന്നിതു
ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേൻ."
9
Keep
യോഗീന്ദ്രനായ ശരഭംഗനാം തപോധനൻ
യോഗേശനായ രാമൻതൻ പദം വണങ്ങിനാൻ
10
Keep
"ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
ജന്തുക്കളന്തർഭാഗേ വസന്തം ജഗന്നാഥം
11
Keep
ശ്രീരാമം ദൂർവാദളശ്യാമളമംഭോജാക്ഷം
ചീരവാസസം ജടാമകുടം ധനുർദ്ധരം
12
Keep
സൗമിത്രിസേവ്യം ജനകാത്മജാസമന്വിതം
സൗമുഖ്യമനോഹരം കരുണാരത്നാകരം."
13
Keep
കുണ്ഠഭാവവും നീക്കി സീതയാ രഘുനാഥം
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
14
Keep
ലോകേശപദം പ്രാപിച്ചീടിനാൻ തപോധന-
നാകാശമാർഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
15
Keep
നാകേശാദികൾ പുഷ്പവൃഷ്ടിയും ചെയ്തീടിനാർ
പാകശാസനൻ പദാംഭോജവും വണങ്ങിനാൻ.
16
Keep
മൈഥില്യാ സൗമിത്രിണാ താപസഗതി കണ്ടു
കൗസല്യാതനയനും കൗതുകമുണ്ടായ്വന്നു
17
Keep
തത്രൈവ കിഞ്ചിൽകാലം കഴിഞ്ഞോരനന്തരം
വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ് സ്വർഗ്ഗം പുക്കാർ.
Previous
←
വിരാധവധം
Next
മുനിമണ്ഡലസമാഗമം
→