Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അഗസ്ത്യസന്ദർശനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഭാനുമാനുദിച്ചപ്പോളർഗ്ഘ്യവും നൽകി മഹാ-
കാനനമാർഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം.
2
Keep
സർവർത്തുഫലകുസുമാഢ്യപാദപലതാ-
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
3
Keep
നാനാപക്ഷികൾ നാദം കൊണ്ടതിമനോഹരം
കാനനം ജാതിവൈരരഹിതജന്തുപൂർണ്ണം
4
Keep
നന്ദനസമാനമാനന്ദദാനാഢ്യം മുനി-
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
5
Keep
ബ്രഹ്മർഷിപ്രവരന്മാരമരമുനികളും
സമ്മോദം പൂണ്ടു വാഴും മന്ദിരനികരങ്ങൾ
6
Keep
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം.
7
Keep
ബ്രഹ്മലോകവുമിതിനോടു നേരല്ലെന്നത്രേ
ബ്രഹ്മജ്ഞന്മാരായുള്ളോർ ചൊല്ലുന്നു കാണും തോറും.
8
Keep
ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ-
ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
9
Keep
വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമൻ
വിശ്രുതനായ സുതീക്ഷ്ണൻതന്നോ"ടിനിയിപ്പോൾ
10
Keep
വേഗേന ചെന്നു ഭവാനഗസ്ത്യമുനീന്ദ്രനോ-
ടാഗതനായോരെന്നെയങ്ങുണർത്തിച്ചീടേണം.
11
Keep
ജാനകിയോടും ഭ്രാതാവായ ലക്ഷ്മണനോടും
കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം."
12
Keep
ശ്രുത്വാ രാമോക്തം സുതീക്ഷ്ണന്മഹാപ്രസാദമി-
ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ
13
Keep
നത്വാ തം ഗുരുവരമഗസ്ത്യം മുനികുല-
സത്തമം രഘൂത്തമഭക്തസഞ്ചയവൃതം
14
Keep
രാമമന്ത്രാർത്ഥവ്യാഖ്യാതൽപരം ശിഷ്യന്മാർക്കായ്-
ക്കാമദമഗസ്ത്യമാത്മാരാമം മുനീശ്വരം
15
Keep
ആരൂഢവിനയം കൊണ്ടാനതവക്ത്രത്തോടു-
മാരാൽ വീണുടൻ ദണ്ഡനമസ്കാരവും ചെയ്താൻ.
16
Keep
"രാമനാം ദാശരഥി സോദരനോടും നിജ-
ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോൾ.
17
Keep
നിൽക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിൻ
തൃക്കഴലിണ കണ്ടു വന്ദിപ്പാൻ ഭക്തിയോടെ."
18
Keep
മുമ്പേതന്നകക്കാമ്പിൽ കണ്ടറിഞ്ഞിരിക്കുന്നു
കുംഭസംഭവൻ പുനരെങ്കിലുമരുൾചെയ്താൻ:
19
Keep
"ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ-
ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
20
Keep
പാർത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാൻ.
പ്രാർത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
21
Keep
രാമ രാമേതി രാമമന്ത്രവും ജപിച്ചതി-
കോമളം കാളമേഘശ്യാമളം നളിനാക്ഷം."
22
Keep
ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ-
രോത്തമൻ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി-
23
Keep
സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാർത്തരുൾചെയ്താൻ:
24
Keep
"ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ-
ഭദ്ര! മേ ദിഷ്ട്യാ ചിരമദ്യൈവ സമാഗമം.
25
Keep
യോഗ്യനായിരിപ്പോരിഷ്ടാതിഥി ബലാൽ മമ
ഭാഗ്യപൂർണ്ണത്വേന സംപ്രാപ്തനായിതു ഭവാൻ.
26
Keep
അദ്യവാസരം മമ സഫല,മത്രയല്ല
മത്തപസ്സാഫല്യവും വന്നിതു ജഗൽപതേ!"
27
Keep
കുംഭസംഭവൻതന്നെക്കണ്ടു രാഘവൻതാനും
തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
28
Keep
കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്കാരം ചെയ്തപ്പോൾ
കുംഭജന്മാവുമെടുത്തെഴുനേൽപിച്ചു ശീഘ്രം
29
Keep
ഗാഢാശ്ലേഷവും ചെയ്തു പരമാനന്ദത്തോടും
ഗൂഢപാദീശാംശജനായ ലക്ഷ്മണനെയും
30
Keep
ഗാത്രസ്പർശനപരമാഹ്ളാദജാതസ്രവ-
ന്നേത്രകീലാലാകുലനായ താപസവരൻ
31
Keep
ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
രാഘവനുടെ കരപങ്കജമതിദ്രുതം
32
Keep
സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്ഠ-
നാശ്രിതജനപ്രിയനായ വിശ്വേശം രാമം
33
Keep
പാദ്യാർഗ്ഘ്യാസന മധുപർക്കമുഖ്യങ്ങളുമാ-
പാദ്യ സമ്പൂജ്യ സുഖമായുപവിഷ്ടം നാഥം
34
Keep
വന്യഭോജ്യങ്ങൾകൊണ്ടു സാദരം ഭുജിപ്പിച്ചു
ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാൻ
Previous
←
സുതീക്ഷ്ണാശ്രമപ്രവേശം
Next
അഗസ്ത്യസ്തുതി
→