Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഖരവധം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ചാപബാണങ്ങളേയുമെടുത്തു പരികര-
മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി.
2
Keep
നിൽക്കുന്നനേരമാർത്തുവിളിച്ചു നക്തഞ്ചര-
രൊക്കെ വന്നൊരുമിച്ചു ശസ്ത്രൗഘം പ്രയോഗിച്ചാർ.
3
Keep
വൃക്ഷങ്ങൾ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം
പ്രക്ഷേപിച്ചിതു വേഗാൽ പുഷ്കരനേത്രൻ മെയ്മേൽ.
4
Keep
തൽക്ഷണമവയെല്ലാമെയ്തു ഖണ്ഡിച്ചു രാമൻ
രക്ഷോവീരന്മാരെയും സായകാവലി തൂകി
5
Keep
നിഗ്രഹിച്ചിതു നിശിതാഗ്രബാണങ്ങൾതന്നാ-
ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം.
6
Keep
ഉഗ്രനാം സേനാപതി ദൂഷണനതുനേര-
മുഗ്രസന്നിഭനായ രാമനോടടുത്തിതു.
7
Keep
തൂകിനാൻ ബാണഗണ,മവറ്റെ രഘുവരൻ
വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി.
8
Keep
നാലു ബാണങ്ങളെയ്തു തുരഗം നാലിനെയും
കാലവേശ്മനി ചേർത്തു സാരഥിയോടും കൂടെ.
9
Keep
ചാപവും മുറിച്ചു തൽകേതുവും കളഞ്ഞപ്പോൾ
കോപേന തേരിൽനിന്നു ഭൂമിയിൽ ചാടി വീണാൻ.
10
Keep
പില്പാടു ശതഭാരായസനിർമ്മിതമായ
കെല്പേറും പരിഘവും ധരിച്ചു വന്നാനവൻ.
11
Keep
തൽബാഹുതന്നെച്ഛേദിച്ചീടിനാൻ ദാശരഥി
തൽപരിഘത്താൽ പ്രഹരിച്ചിതു സീതാപതി.
12
Keep
മസ്തകം പിളർന്നവനുർവിയിൽ വീണു സമ-
വർത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും.
13
Keep
ദൂഷണൻ വീണനേരം വീരനാം ത്രിശിരസ്സും
രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്താൻ.
14
Keep
മൂന്നും ഖണ്ഡിച്ചു രാമൻ മൂന്നുബാണങ്ങളെയ്താൻ
മൂന്നുമെയ്തുടൻ മുറിച്ചീടിനാൻ ത്രിശിരസ്സും
15
Keep
നൂറുബാണങ്ങളെയ്താനന്നേരം ദാശരഥി
നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്താൻ.
16
Keep
അവയും മുറിച്ചവനയുതം ബാണമെയ്താ-
നവനീപതിവീരനവയും നുറുക്കിനാൻ.
17
Keep
അർദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ-
ലുത്തമാംഗങ്ങൾ മൂന്നും മുറിച്ചു പന്താടിനാൻ.
18
Keep
അന്നേരം ഖരനാദിത്യാഭതേടീടും രഥം-
തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു
19
Keep
വന്നു രാഘവനോടു ബാണങ്ങൾ തൂകീടിനാ,-
നൊന്നിനൊന്നെയ്തു മുറിച്ചീടിനാനവയെല്ലാം.
20
Keep
രാമബാണങ്ങൾകൊണ്ടും ഖരബാണങ്ങൾകൊണ്ടും
ഭൂമിയുമാകാശവും കാണരുതാതെയായി.
21
Keep
നിഷ്ഠുരതരമായ രാഘവശരാസനം
പൊട്ടിച്ചാൻ മുഷ്ടിദേശേ ബാണമെയ്താശു ഖരൻ.
22
Keep
ചട്ടയും നുറുക്കിനാൻ ദേഹവും ശരങ്ങൾകൊ-
ണ്ടൊട്ടൊഴിയാതെ പിളർന്നീടിനാ,നതുനേരം
23
Keep
താപസദേവാദികളായുള്ള സാധുക്കളും
താപമോടയ്യോ! കഷ്ടം! കഷ്ടമെന്നുരചെയ്താർ.
24
Keep
ജയിപ്പൂതാക രാമൻ ജയിപ്പൂതാകയെന്നു
ഭയത്തോടമരരും താപസന്മാരും ചൊന്നാർ.
25
Keep
തൽക്കാലേ കുംഭോത്ഭവൻതന്നുടെ കയ്യിൽ മുന്നം
ശക്രനാൽ നിക്ഷിപ്തമായിരുന്ന ശരാസനം
26
Keep
തൃക്കയ്യിൽ കാണായ്വന്നിതെത്രയും ചിത്രം ചിത്രം;
മുഖ്യവൈഷ്ണവചാപം കൈക്കൊണ്ടു നിൽക്കുന്നേരം
27
Keep
ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്ണവതേജ-
സ്സുൾക്കൊണ്ടു കാണായ് വന്നു രാമചന്ദ്രനെയപ്പോൾ.
28
Keep
ഖണ്ഡിച്ചാൻ ഖരനുടെ ചാപവും കവചവും
കുണ്ഡലഹാരകിരീടങ്ങളുമരക്ഷണാൽ.
29
Keep
സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി-
ച്ചാദിനായകനടുത്തീടിന നേരത്തിങ്കൽ
30
Keep
മറ്റൊരു തേരിൽ കരയേറിനാനാശു ഖരൻ
തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോൾ.
31
Keep
പിന്നെയും ഗദയുമായടുത്താനാശു ഖരൻ
ഭിന്നമാക്കിനാൻ വിശിഖങ്ങളാലതും രാമൻ.
32
Keep
ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി-
ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാൻ ഖരൻ.
33
Keep
ഘോരമാമാഗ്നേയാസ്ത്രമെയ്തു രഘുവരൻ
വാരുണാസ്ത്രേന തടുത്തീടിനാൻ ജിതശ്രമം.
34
Keep
പിന്നെക്കൗബേരമസ്ത്രമെയ്തതൈന്ദ്രാസ്ത്രംകൊണ്ടു
മന്നവൻ തടഞ്ഞതു കണ്ടു രാക്ഷസവീരൻ
35
Keep
നൈര്യതമസ്ത്രം പ്രയോഗിച്ചിതു യാമ്യാസ്ത്രേണ
വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോൾ
36
Keep
വായവ്യമയച്ചതുമൈന്ദ്രാസ്ത്രം കൊണ്ടു ജഗ-
ന്നായകൻ തടുത്തതു കണ്ടു രാക്ഷസവീരൻ
37
Keep
ഗാന്ധർവമയച്ചതു ഗൗഹ്യകമസ്ത്രം കൊണ്ടു
ശാന്തമായതു കണ്ടു ഖരനും കോപത്തോടെ
38
Keep
ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ
ഭാസുരമായ ദൈവാസ്ത്രം കൊണ്ടു തടുക്കയാൽ
39
Keep
തീക്ഷ്ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി
വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ
40
Keep
സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു
തേരുമെപ്പേരും പൊടിപെടുത്തുകളഞ്ഞപ്പോൾ
41
Keep
യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി-
ക്രോധേന രഘുവരനോടടുത്തീടുന്നേരം
42
Keep
ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ-
ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ.
43
Keep
വീണിതു ലങ്കാനഗരോത്തരദ്വാരേ തല
തൂണി പുക്കിതു വന്നു ബാണവുമതുനേരം.
44
Keep
കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു
കുണ്ഠഭാവേന നിന്നു സംശയം തുടങ്ങിനാർ.
45
Keep
ഖരദൂഷണത്രിശിരാക്കളാം നിശാചര-
വരരും പതിന്നാലായിരവും മരിച്ചിതു
46
Keep
നാഴിക മൂന്നേമുക്കാൽകൊണ്ടു രാഘവൻതന്നാ-
ലൂഴിയിൽ വീണാളല്ലോ രാവണഭഗിനിയും
47
Keep
മരിച്ച നിശാചരർ പതിന്നാലായിരവും
ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം,
48
Keep
ജ്ഞാനവും ലഭിച്ചിതു രാഘവൻ പക്കൽനിന്നു
മാനസേ പുനരവരേവരുമതുനേരം
49
Keep
രാമനെ പ്രദക്ഷിണം ചെയ്തുടൻ നമസ്കരി-
ച്ചാമോദം പൂണ്ടു കൂപ്പിസ്തുതിച്ചാർ പലതരം
50
Keep
"നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ!
സമസ്തപാപഹരം സേവകാഭീഷ്ടപ്രദം.
51
Keep
സമസ്തേശ്വര! ദയാവാരിധേ! രഘുപതേ!
രമിച്ചീടണം ചിത്തം ഭവതി രമാപതേ!
52
Keep
ത്വൽപാദാംബുജം നിത്യം ധ്യാനിച്ചു മുനിജന-
മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു
53
Keep
മുൽപാടു മഹേശനെത്തപസ്സു ചെയ്തു സന്തോ-
ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം
54
Keep
'ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല-
ച്ഛേദനകുഠാരമായ് ഭവിക്ക ഭവാ'നിതി
55
Keep
പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല-
മോർത്തരുൾചെയ്തു പരമേശ്വരനതുനേരം.
56
Keep
'യാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ.
57
Keep
രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു-
മോക്ഷവും തന്നീടുവനില്ല സംശയമേതും.'
58
Keep
എന്നരുൾചെയ്തു പരമേശ്വരനതുമൂലം
നിർണ്ണയം മഹാദേവനായതും രഘുപതി.
59
Keep
ജ്ഞാനോപദേശം ചെയ്തു മോക്ഷവും തന്നീടണ-
മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!"
60
Keep
എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ
മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്തു:
61
Keep
"വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ-
ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ.
62
Keep
ജാഗ്രത്സ്വപ്നാഖ്യാദ്യവസ്ഥാഭേദങ്ങൾക്കും മീതേ
സാക്ഷിയാം പരബ്രഹ്മം സച്ചിദാനന്ദമേകം.
63
Keep
ബാല്യകൗമാരാദികളാഗമാപായികളാം
കാല്യാദിഭേദങ്ങൾക്കും സാക്ഷിയായ് മീതേ നിൽക്കും
64
Keep
പരമാത്മാവു പരബ്രഹ്മമാനന്ദാത്മകം
പരമം ധ്യാനിക്കുമ്പോൾ കൈവല്യം വന്നുകൂടും."
65
Keep
ഈവണ്ണമുപദേശംചെയ്തു മോക്ഷവും നൽകി
ദേവദേവേശൻ ജഗൽക്കാരണൻ ദാശരഥി.
66
Keep
രാഘവൻ മൂന്നേമുക്കാൽ നാഴികകൊണ്ടു കൊന്നാൻ
വേഗേന പതിന്നാലുസഹസ്രം രക്ഷോബലം.
67
Keep
സൗമിത്രി സീതാദേവിതന്നോടും കൂടെ വന്നു
രാമചന്ദ്രനെ വീണു നമസ്കാരവും ചെയ്താൻ.
68
Keep
ശസ്ത്രൗഘനികൃത്തമാം ഭർത്തൃവിഗ്രഹം കണ്ടു
മുക്തബാഷ്പോദം വിദേഹാത്മജ മന്ദം മന്ദം
69
Keep
തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ-
ളൊക്കവേ പുണ്ണുമതിൻ വടുവും മാച്ചീടിനാൾ.
70
Keep
രക്ഷോവീരന്മാർ വീണുകിടക്കുന്നതു കണ്ടു
ലക്ഷ്മണൻ നിജഹൃദി വിസ്മയം തേടീടിനാൻ.
71
Keep
"രാവണൻതന്റെ വരവുണ്ടിനിയിപ്പോ"ളെന്നു
ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ.
72
Keep
പിന്നെ ലക്ഷ്മണൻതന്നെ വൈകാതെ നിയോഗിച്ചാൻ
"ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം.
73
Keep
യുദ്ധം ചെയ്തതും ഖരദൂഷണത്രിശിരാക്കൾ
സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും
74
Keep
താപസന്മാരോടറിയിച്ചു നീ വരികെ"ന്നു
പാപനാശനനരുൾചെയ്തയച്ചോരുശേഷം,
75
Keep
സുമിത്രാപുത്രൻ തപോധനന്മാരോടു ചൊന്നാ-
നമിത്രാന്തകൻ ഖരൻ മരിച്ച വൃത്താന്തങ്ങൾ.
76
Keep
ക്രമത്താലിനിക്കാലം വൈകാതെയൊടുങ്ങീടു-
മമർത്ത്യവൈരികളെന്നുറച്ചു മുനിജനം.
77
Keep
പലരും കൂടി നിരൂപിച്ചു നിർമ്മിച്ചീടിനാർ
പലലാശികൾ മായ തട്ടായ്വാൻ മൂന്നുപേർക്കും
78
Keep
അംഗുലീയവും ചൂഡാരത്നവും കവചവു-
മംഗേ ചേർത്തീടുവാനായ്ക്കൊടുത്തുവിട്ടീടിനാർ.
79
Keep
ലക്ഷ്മണനവ മൂന്നും കൊണ്ടുവന്നാശു രാമൻ-
തൃക്കാൽക്കൽ വച്ചു തൊഴുതീടിനാൻ ഭക്തിയോടെ.
80
Keep
അംഗുലീയകമെടുത്തംബുജവിലോചന-
നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ
81
Keep
മൈഥിലിതനിക്കു നൽകീടിനാൻ, കവചവും
ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാൻ.
Previous
←
ശൂർപ്പണഖാഗമനം
Next
ശൂർപ്പണഖാവിലാപം
→