Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണമാരീചസംഭാഷണം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു
ചിത്രഭാനുവുമുദയാദ്രിമൂർദ്ധനി വന്നു.
2
Keep
തേരതിലേറീടിനാൻ ദേവസഞ്ചയവൈരി
പാരാതെ പാരാവാരപാരമാം തീരം തത്ര
3
Keep
മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം
ഘോരനാം ദശാനനൻ കാര്യഗൗരവത്തോടും.
4
Keep
മൗനവുംപൂണ്ടു ജടാവല്ക്കലാദിയും ധരി-
ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുള്ളിൽ
5
Keep
രാമരാമേതി ജപിച്ചുറച്ചു സമാധിപൂ-
ണ്ടാമോദത്തോടു മരുവീടിന മാരീചനും
6
Keep
ലൗകികാത്മനാ ഗൃഹത്തിങ്കലാഗതനായ
ലോകോപദ്രവകാരിയായ രാവണൻതന്നെ
7
Keep
കണ്ടു സംഭ്രമത്തോടുമുത്ഥാനം ചെയ്തു പൂണ്ടു-
കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും
8
Keep
പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്ഠൻ
യോജിച്ചു ചിത്തമപ്പോൾ ചോദിച്ചു മാരീചനും:
9
Keep
"എന്തൊരാഗമനമിതേകനായ് തന്നെയൊരു
ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കൽ.
10
Keep
ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ
നല്ലതു വരുത്തുവാനുള്ളതിൽ മുമ്പനല്ലോ.
11
Keep
ന്യായമായ് നിഷ്കല്മഷമായിരിക്കുന്ന കാര്യം
മായമെന്നിയേ ചെയ്വാൻ മടിയില്ലെനിക്കേതും."
12
Keep
മാരീചവാക്യമേവം കേട്ടു രാവണൻ ചൊന്നാ-
"നാരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.
13
Keep
സാകേതാധിപനായ രാജാവു ദശരഥൻ
ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോൽ
14
Keep
രാമലക്ഷ്മണന്മാരെന്നിരുവരിതുകാലം
കോമളഗാത്രിയായോരംഗനാരത്നത്തോടും
15
Keep
ദണ്ഡകാരണ്യേ വന്നു വാഴുന്നിത,വർ ബലാ
ലെന്നുടെ ഭഗിനിതൻ നാസികാകുചങ്ങളും
16
Keep
കർണ്ണവും ഛേദിച്ചതു കേട്ടുടൻ ഖരാദികൾ
ചെന്നിതു പതിന്നാലായിരവുമവരെയും
17
Keep
നിന്നു താനേകനായിട്ടെതിർത്തു രണത്തിങ്കൽ
കൊന്നിതു മൂന്നേമുക്കാൽ നാഴികകൊണ്ടു രാമൻ.
18
Keep
തൽപ്രാണേശ്വരിയായ ജാനകിതന്നെ ഞാനു-
മിപ്പോഴേ കൊണ്ടിങ്ങു പോന്നീടുവേനതിന്നു നീ
19
Keep
ഹേമവർണ്ണം പൂണ്ടോരു മാനായ് ചെന്നടവിയിൽ
കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം.
20
Keep
രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കു
വാമഗാത്രിയെയപ്പോൾ കൊണ്ടു ഞാൻ പോന്നീടുവൻ.
21
Keep
നീ മമ സഹായമായിരിക്കിൽ മനോരഥം
മാമകം സാധിച്ചീടുമില്ല സംശയമേതും."
22
Keep
പംക്തികന്ധരവാക്യം കേട്ടു മാരീചനുള്ളിൽ
ചിന്തിച്ചു ഭയത്തോടുമീവണ്ണമുരചെയ്താൻ
23
Keep
"ആരുപദേശിച്ചിതു മൂലനാശനമായ
കാരിയം നിന്നോടവൻ നിന്നുടെ ശത്രുവല്ലോ.
24
Keep
നിന്നുടെ നാശം വരുത്തീടുവാനവസരം-
തന്നെപ്പാർത്തിരിപ്പോരു ശത്രുവാകുന്നതവൻ
25
Keep
നല്ലതു നിനക്കു ഞാൻ ചൊല്ലുവൻ കേൾക്കുന്നാകിൽ
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.
26
Keep
രാമചന്ദ്രനിലുള്ള ഭീതികൊണ്ടകതാരിൽ
മാമകേ രാജരത്നരമണീരഥാദികൾ
27
Keep
കേൾക്കുമ്പോളതിഭീതനായുള്ള ഞാനോ നിത്യം;
രാക്ഷസവംശം പരിപാലിച്ചുകൊൾക നീയും.
28
Keep
ശ്രീനാരായണൻ പരമാത്മാവുതന്നെ രാമൻ
ഞാനതിൽ പരമാർത്ഥമറിഞ്ഞേൻ കേൾക്ക നീയും.
29
Keep
നാരദാദികൾ മുനിശ്രേഷ്ഠന്മാർ പറഞ്ഞു പ-
ണ്ടോരോരോ വൃത്താന്തങ്ങൾ കേട്ടേൻ പൗലസ്ത്യപ്രഭോ!
30
Keep
പത്മസംഭവൻ മുന്നം പ്രാർത്ഥിച്ചകാലം നാഥൻ
പത്മലോചനനരുൾചെയ്തിതു വാത്സല്യത്താൽ
31
Keep
എന്തു ഞാൻ വേണ്ടുന്നതു ചൊല്ലുകെന്നതു കേട്ടു
ചിന്തിച്ചു വിധാതാവുമർത്ഥിച്ചു ദയാനിധേ!
32
Keep
'നിന്തിരുവടിതന്നെ മാനുഷവേഷം പൂണ്ടു
പംക്തികന്ധരൻതന്നെക്കൊല്ലണം മടിയാതെ.'
33
Keep
അങ്ങനെതന്നെയെന്നു സമയം ചെയ്തു നാഥൻ
മംഗലം വരുത്തുവാൻ ദേവതാപസർക്കെല്ലാം.
34
Keep
മാനുഷനല്ല രാമൻ സാക്ഷാൽ ശ്രീനാരായണൻ-
താനെന്നു ധരിച്ചു സേവിച്ചു കൊള്ളുക ഭക്ത്യാ.
35
Keep
പോയാലും പുരം പുക്കു സുഖിച്ചു വസിക്ക നീ
മായാമാനുഷൻതന്നെസ്സേവിച്ചുകൊൾക നിത്യം.
36
Keep
എത്രയും പരമകാരുണികൻ ജഗന്നാഥൻ
ഭക്തവത്സലൻ ഭജനീയനീശ്വരൻ നാഥൻ."
37
Keep
മാരീചൻ പറഞ്ഞതു കേട്ടു രാവണൻ ചൊന്നാൻ
"നേരത്രേ പറഞ്ഞതു നിർമ്മലനല്ലോ ഭവാൻ.
38
Keep
ശ്രീനാരായണസ്വാമി പരമൻ പരമാത്മാ-
താനരവിന്ദോത്ഭവൻ തന്നോടു സത്യം ചെയ്തു
39
Keep
മർത്ത്യനായ് പിറന്നെന്നെക്കൊല്ലുവാൻ ഭാവിച്ചതു
സത്യസങ്കല്പനായ ഭഗവാൻ താനെങ്കിലോ
40
Keep
പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ?
നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോർത്തീലൊട്ടും
41
Keep
ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം
ചെന്നു മൈഥിലിതന്നെക്കൊണ്ടുപോരിക വേണം.
42
Keep
ഉത്തിഷ്ഠ മഹാഭാഗ പൊന്മാനായ് ചമഞ്ഞു ചെ-
ന്നെത്രയുമകറ്റുക രാമലക്ഷ്മണന്മാരെ.
43
Keep
അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവൻ
പിന്നെ നീ യഥാസുഖം വാഴുക മുന്നേപ്പോലെ.
44
Keep
ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി-
ലെന്നുടെ വാൾക്കൂണാക്കീടുന്നതുണ്ടിന്നു തന്നെ."
45
Keep
എന്നതു കേട്ടു വിചാരിച്ചിതു മാരീചനും
നന്നല്ല ദുഷ്ടായുധമേറ്റു നിര്യാണം വന്നാൽ
46
Keep
ചെന്നുടൻ നരകത്തിൽ വീണുടൻ കിടക്കണം,
പുണ്യസഞ്ചയം കൊണ്ടു മുക്തനായ് വരുമല്ലോ
47
Keep
രാമസായകമേറ്റു മരിച്ചാലെന്നു ചിന്തി-
ച്ചാമോദം പൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാൻ
48
Keep
"രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കിൽ
സാക്ഷാൽ ശ്രീരാമൻ പരിപാലിച്ചുകൊൾക പോറ്റീ!"
49
Keep
എന്നുര ചെയ്തു വിചിത്രാകൃതി കലർന്നൊരു
പൊൻനിറമായുള്ളൊരു മൃഗവേഷവും പൂണ്ടാൻ.
50
Keep
പംക്തികന്ധരൻ തേരിലാമ്മാറു കരേറിനാൻ
ചെന്താർബാണനും തേരിലേറിനാനതുനേരം.
51
Keep
ചെന്താർമാനിനിയായ ജാനകിതന്നെയുള്ളിൽ
ചിന്തിച്ചു ദശാസ്യനുമന്ധനായ് ചമഞ്ഞിതു.
52
Keep
മാരീചൻ മനോഹരമായൊരു പൊന്മാനായി
ചാരുപുള്ളികൾ വെള്ളികൊണ്ടു നേത്രങ്ങൾ രണ്ടും
53
Keep
നീലക്കൽകൊണ്ടു ചേർത്തു മുഗ്ദ്ധഭാവത്തോടോരോ
ലീലകൾ കാട്ടിക്കാട്ടിക്കാട്ടിലുൾപ്പുക്കും പിന്നെ
54
Keep
വേഗേന പുറപ്പെട്ടും തുള്ളിച്ചാടിയുമനു-
രാഗഭാവേന ദൂരെപ്പോയ്നിന്നു കടാക്ഷിച്ചും
55
Keep
രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോൾ
രാകേന്ദുമുഖി സീത കണ്ടു വിസ്മയം പൂണ്ടാൾ.
56
Keep
രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥൻ
ദേവിയോടരുൾചെയ്താനേകാന്തേ, "കാന്തേ! കേൾ നീ
57
Keep
രക്ഷോനായകൻ നിന്നെക്കൊണ്ടുപോവതിനിപ്പോൾ
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!
58
Keep
നീയൊരു കാര്യം വേണമതിനു മടിയാതെ
മായാസീതയെപ്പർണ്ണശാലയിൽ നിർത്തീടണം.
59
Keep
വഹ്നിമണ്ഡലത്തിങ്കൽ മറഞ്ഞു വസിക്ക നീ
ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം.
60
Keep
ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ-
ദാശ്രയഭൂതേ! സീതേ! ധർമ്മരക്ഷാർത്ഥം പ്രിയേ!"
61
Keep
രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും
കോമളഗാത്രിയായ മായാസീതയെത്തത്ര
62
Keep
പർണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കൽ
ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോൾ.
Previous
←
ശൂർപ്പണഖാവിലാപം
Next
മാരീചനിഗ്രഹം
→