Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · മാരീചനിഗ്രഹം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Araṇya Kāṇḍa
Araṇya
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
മായാനിർമ്മിതമായ കനകമൃഗം കണ്ടു
മായാസീതയും രാമചന്ദ്രനോടുരചെയ്താൾ
2
Keep
"ഭർത്താവേ! കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം.
3
Keep
പേടിയില്ലിതിനേതുമെത്രയുമടുത്തു വ-
ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.
4
Keep
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.
5
Keep
പിടിച്ചുകൊണ്ടിങ്ങു പോന്നീടുക വൈകീടാതെ
മടിച്ചീടരുതേതും ഭർത്താവേ! ജഗൽപതേ!"
6
Keep
മൈഥിലീവാക്യം കേട്ടു രാഘവനരുൾ ചെയ്തു
സോദരൻതന്നോടു "നീ കാത്തുകൊള്ളുകവേണം
7
Keep
സീതയെയവൾക്കൊരു ഭയവുമുണ്ടാകാതെ;
യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും."
8
Keep
എന്നരുൾചെയ്തു ധനുർബാണങ്ങളെടുത്തുടൻ
ചെന്നിതു മൃഗത്തെക്കയ്ക്കൊള്ളുവാൻ ജഗന്നാഥൻ.
9
Keep
അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കള-
ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോൾ മന്ദം മന്ദം
10
Keep
അടുത്തുവരു,മപ്പോൾ പിടിപ്പാൻ ഭാവിച്ചീടും,
പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോൾ.
11
Keep
ഇങ്ങനെതന്നെയൊട്ടു ദൂരത്തായോരുനേര-
മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം
12
Keep
എന്നുറച്ചാശവിട്ടു രാഘവനൊരു ശരം
നന്നായിത്തൊടുത്തുടൻ വലിച്ചു വിട്ടീടിനാൻ.
13
Keep
പൊന്മാനുമതു കൊണ്ടു ഭൂമിയിൽ വീണ നേരം
വന്മലപോലെയൊരു രാക്ഷസവേഷം പൂണ്ടാൻ.
14
Keep
മാരീചൻതന്നെയിതു ലക്ഷ്മണൻ പറഞ്ഞതു
നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു.
15
Keep
ബാണമേറ്റവനിയിൽ വീണപ്പോൾ മാരീചനും
പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപം:
16
Keep
"ഹാ! ഹാ! ലക്ഷ്മണ! മമ ഭ്രാതാവേ! സഹോദര!
ഹാ! ഹാ! മേ വിധിബലം പാഹി മാം ദയാനിധേ!"
17
Keep
ആതുരനാദം കേട്ടു ലക്ഷ്മണനോടു ചൊന്നാൾ
സീതയും: "സൗമിത്രേ! നീ ചെല്ലുക വൈകിടാതെ
18
Keep
അഗ്രജനുടെ വിലാപങ്ങൾ കേട്ടീലേ ഭവാൻ?
ഉഗ്രന്മാരായ നിശാചരന്മാർ കൊല്ലും മുമ്പേ
19
Keep
രക്ഷിച്ചുകൊൾക ചെന്നു ലക്ഷ്മണ! മടിയാതെ
രക്ഷോവീരന്മാരിപ്പോൾ കൊല്ലുമല്ലെങ്കിലയ്യോ!"
20
Keep
ലക്ഷ്മണനതു കേട്ടു ജാനകിയോടു ചൊന്നാൻ
"ദുഃഖിയായ്കാര്യേ! ദേവി! കേൾക്കണം മമ വാക്യം.
21
Keep
മാരീചൻതന്നേ പൊന്മാനായ് വന്നതവൻ നല്ല
ചോരനെത്രയുമേവം കരഞ്ഞതവൻ തന്നെ.
22
Keep
അന്ധനായ് ഞാനുമിതു കേട്ടു പോയകലുമ്പോൾ
നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലോ.
23
Keep
പംക്തികന്ധരൻ തനിക്കതിനുള്ളുപായമി-
തെന്തറിയാതെയരുൾചെയ്യുന്നി,തത്രയല്ല
24
Keep
ലോകവാസികൾക്കാർക്കും ജയിച്ചുകൂടായല്ലോ
രാഘവൻതിരുവടിതന്നെയെന്നറിയണം.
25
Keep
ആർത്തനാദവും മമ ജ്യേഷ്ഠനുണ്ടാകയില്ല
രാത്രിചാരികളുടെ മായയിതറിഞ്ഞാലും
26
Keep
വിശ്വനായകൻ കോപിച്ചീടുകിലരക്ഷണാൽ
വിശ്വസംഹാരം ചെയ്വാൻ പോരുമെന്നറിഞ്ഞാലും.
27
Keep
അങ്ങനെയുള്ള രാമൻതന്മുഖാംബുജത്തിൽനി-
ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!"
28
Keep
ജാനകിയതു കേട്ടു കണ്ണുനീർ തൂകിത്തൂകി
മാനസേ വളർന്നൊരു ഖേദകോപങ്ങളോടും
29
Keep
ലക്ഷ്മണൻതന്നെ നോക്കിച്ചൊല്ലിനാളതുനേരം:
"രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം.
30
Keep
ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ
ചേതസി ദുഷ്ടാത്മാവേ! ഞാനിതോർത്തീലയല്ലോ.
31
Keep
രാമനാശാകാംക്ഷിതനാകിയ ഭരതന്റെ
കാമസിദ്ധ്യർത്ഥമവൻതന്നുടെ നിയോഗത്താൽ
32
Keep
കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാൽ
ഗൂഢമായെന്നെയും കൊണ്ടങ്ങുചെല്ലുവാൻ നൂനം.
33
Keep
എന്നുമേ നിനക്കെന്നെക്കിട്ടുകയില്ലതാനു-
മിന്നു മൽപ്രാണത്യാഗം ചെയ്വേൻ ഞാനറിഞ്ഞാലും.
34
Keep
ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ-
സ്സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും.
35
Keep
രാമനെയൊഴിഞ്ഞു ഞാൻ മറ്റൊരു പുരുഷനെ
രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലോ."
36
Keep
ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവി രണ്ടും
സത്വരം പൊത്തിപ്പുനരവളോടുര ചെയ്താൻ
37
Keep
"നിനക്കു നാശമടുത്തിരിക്കുന്നിതു പാര-
മെനിക്കു നിരൂപിച്ചാൽ തടുത്തുകൂടാ താനും.
38
Keep
ഇത്തരം ചൊല്ലീടുവാൻ തോന്നിയതെന്തേ ചണ്ഡി!
ധിഗ്ധിഗത്യന്തം ക്രൂരചിത്തം നാരികൾക്കെല്ലാം.
39
Keep
വനദേവതമാരേ! പരിപാലിച്ചുകൊൾവിൻ
മനുവംശാധീശ്വരപത്നിയെ വഴിപോലെ."
40
Keep
ദേവിയെ ദേവകളെബ്ഭരമേല്പിച്ചു മന്ദം
പൂർവജൻതന്നെക്കാണ്മാൻ നടന്നു സൗമിത്രിയും.
Previous
←
രാവണമാരീചസംഭാഷണം
Next
സീതാപഹരണം
→