Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ദശരഥന്റെ ചരമം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
മന്ത്രിവരനാം സുമന്ത്രരുമേറിയോ-
രന്തശ്ശുചാ ചെന്നയോദ്ധ്യ പുക്കീടിനാൻ.
2
Keep
വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണുനീ-
രത്യർത്ഥമിറ്റിറ്റുവീണും തുടച്ചുമ-
3
Keep
ത്തേരും പുറത്തുഭാഗത്തു നിർത്തിച്ചെന്നു
ധീരതയോടു നൃപനെ വണങ്ങിനാൻ
4
Keep
"ധാത്രീപതേ! ജയ വീര മൗലേ ജയ
ശാസ്ത്രമതേ! ജയ ശൗര്യാംബുധേ! ജയ
5
Keep
കീർത്തിനിധേ! ജയ സ്വാമിൻ! ജയ ജയ
മാർത്താണ്ഡഗോത്രജാതോത്തംസമേ! ജയ"
6
Keep
ഇത്തരം ചൊല്ലി സ്തുതിച്ചു വണങ്ങിയ
ഭൃത്യനോടാശു ചോദിച്ചു നൃപോത്തമൻ:
7
Keep
"സോദരനോടും ജനകാത്മജയോടു-
മേതൊരു ദിക്കിലിരിക്കുന്നു രാഘവൻ?
8
Keep
നിർല്ലജ്ജനായതിപാപിയാമെന്നോടു
ചൊല്ലുവാനെന്തോന്നു ചൊല്ലിയതെന്നുടെ
9
Keep
ലക്ഷ്മണ,നെന്തു പറഞ്ഞു വിശേഷിച്ചു
ലക്ഷ്മീസമയായ ജാനകീദേവിയും?
10
Keep
ഹാ രാമ! ഹാ ഗുണവാരിധേ! ലക്ഷ്മണ!
വാരിജലോചനേ! ബാലേ മിഥിലജേ!
11
Keep
ദുഃഖം മുഴുത്തു മരിപ്പാൻ തുടങ്ങുന്ന
ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
12
Keep
മക്കളേയും കണ്ടെനിക്കു മരിപ്പാനു-
മിക്കാലമില്ലാതെ വന്നു സുകൃതവും."
13
Keep
ഇത്ഥം പറഞ്ഞു കേഴുന്ന നൃപേന്ദ്രനോ-
ടുൾത്താപമോടുരചെയ്തു സുമന്ത്രരും:
14
Keep
"ശ്രീരാമസീതാസുമിത്രാത്മജന്മാരെ-
ത്തേരിലേറ്റിക്കൊണ്ടു പോയേൻ തവാജ്ഞയാ.
15
Keep
ശൃംഗിവേരാഖ്യപുരസവിധേ ചെന്നു
ഗംഗാതടേ വസിച്ചീടും ദശാന്തരേ
16
Keep
കണ്ടു തൊഴുതിതു ശൃംഗിവേരാധിപൻ
കൊണ്ടുവന്നു ഗുഹൻ മൂലഫലാദികൾ.
17
Keep
തൃക്കൈകൾകൊണ്ടതു തൊട്ടു പരിഗ്രഹി-
ച്ചക്കുമാരന്മാർ ജടയും ധരിച്ചിതു.
18
Keep
പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാ-
"നെന്നെ നിരൂപിച്ചു ദുഃഖിയായ്കാരുമേ.
19
Keep
ചൊല്ലേണമെന്നുടെ താതനോടും ബലാ-
ലല്ലലുള്ളത്തിലുണ്ടാകാതിരിക്കണം.
20
Keep
സൗഖ്യമയോദ്ധ്യയിലേറും വനങ്ങളിൽ
മോക്ഷസിദ്ധിക്കും പെരുവഴിയായ് വരും.
21
Keep
മാതാവിനും നമസ്കാരം വിശേഷിച്ചു
ഖേദമെന്നെക്കുറിച്ചുണ്ടാകരുതേതും.
22
Keep
പിന്നെയും പിന്നെയും ചൊൽക പിതാവതി-
ഖിന്നനായ് വാർദ്ധ്യക്യപീഡിതനാകയാൽ
23
Keep
എന്നെപ്പിരിഞ്ഞുള്ള ദുഃഖമശേഷവും
ധന്യവാക്യാമൃതം കൊണ്ടടക്കീടണം."
24
Keep
ജാനകിയും തൊഴുതെന്നോടു ചൊല്ലിനാ-
ളാനനപത്മവും താഴ്ത്തി മന്ദംമന്ദം
25
Keep
അശ്രുകണങ്ങളും വാർത്തു സഗദ്ഗദം:
ശ്വശ്രുപാദേഷു സാഷ്ടാംഗം നമസ്കാരം.
26
Keep
തോണി കരേറി ഗുഹനോടുകൂടവേ
പ്രാണവിയോഗേന നിന്നേനടിയനും
27
Keep
അക്കരെച്ചെന്നിറങ്ങിപ്പോയ് മറവോള-
മിക്കരെ നിന്നു ശവശരീരംപോലെ.
28
Keep
നാലഞ്ചുനാഴിക ചെന്നവാറേ ധൈര്യ-
മാലംബ്യ മന്ദം നിവൃത്തനായീടിനേൻ.
29
Keep
തത്ര കൗസല്യ കരഞ്ഞുതുടങ്ങിനാൾ:
"ദത്തമല്ലോ പണ്ടുപണ്ടേ വരദ്വയം
30
Keep
ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ
തുഷ്ടനായ് നൽകിയാൽ പോരാതിരുന്നിതോ?
31
Keep
മൽപുത്രനെക്കാനനാന്തേ കളവതി-
നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ!
32
Keep
ഏവമെല്ലാം വരുത്തിത്തനിയേ പരി-
ദേവനംചെയ്വതിനെന്തൊരു കാരണം?"
33
Keep
ഭൂപതി കൗസല്യ ചൊന്നോരു വാക്കുകൾ
താപേന കേട്ടു മന്ദം പറഞ്ഞീടിനാൻ:
34
Keep
"പുണ്ണിലൊരു കൊള്ളിവയ്ക്കുന്നതുപോലെ
പുണ്യമില്ലാത മാം ഖേദിപ്പിയായ്ക നീ.
35
Keep
ദുഃഖമുൾക്കൊണ്ടു മരിപ്പാൻ തുടങ്ങുമെ-
ന്നുൾക്കാമ്പുരുക്കിച്ചമയ്ക്കായ്ക വല്ലഭേ!
36
Keep
പ്രാണപ്രയാണമടുത്തു, തപോധനൻ
പ്രാണവിയോഗേ ശപിച്ചതുകാരണം.
37
Keep
കേൾക്ക നീ ശാപപ്രകാരം മനോഹരേ!
സാക്ഷാൽ തപസ്വികളീശ്വരന്മാരല്ലോ.
38
Keep
അർദ്ധരാത്രൗ ശരജ്വാലവും ചാപവും
ഹസ്തേധരിച്ചു മൃഗയാവിവശനായ്
39
Keep
വാഹിനീതീരേ വനാന്തരേ മാനസേ
മോഹേന നിൽക്കുന്നനേരമൊരു മുനി
40
Keep
ദാഹേന മാതാപിതാക്കൾനിയോഗത്താൽ
സാഹസത്തോടിരുട്ടത്തു പുറപ്പെട്ടു
41
Keep
കുംഭവും കൊണ്ട് നീർ കോരുവാൻ വന്നവൻ
കുംഭേന വെള്ളമൻപോടു മുക്കുംവിധൗ
42
Keep
കുംഭത്തിൽ നീരകംപുക്ക ശബ്ദം കേട്ടു
കുംഭി തുമ്പിക്കയ്യിലംഭോ ഗതമിതി
43
Keep
ചിന്തിച്ചുടൻ നാദഭേദിനം സായകം
സന്ധായ ചാപേ ദൃഢമയച്ചീടിനേൻ.
44
Keep
'ഹാ! ഹാ! ഹതോസ്മ്യഹം ഹാ! ഹാ! ഹതോസ്മ്യഹം
ഹാ! ഹേ'തി കേട്ടിതു മാനുഷവാക്യവും.
45
Keep
'ഞാനൊരു ദോഷമാരോടുമേ ചെയ്തീല
കേന വാ ഹന്ത! ഹതോഹം വിധേ! വൃഥാ?
46
Keep
പാർത്തിരിക്കുന്നിതു മാതാപിതാക്കന്മാ-
രാർത്തികൈക്കൊണ്ടു തണ്ണീർക്കു ദാഹിക്കയാൽ.'
47
Keep
ഇത്തരം മർത്ത്യനാദം കേട്ടു ഞാനതി-
ത്രസ്തനായ് തത്ര ചെന്നത്തലോടും തദാ
48
Keep
താപസബാലകൻപാദങ്ങളിൽ വീണു
താപേന ചൊന്നേൻ മുനിസുതനോടു ഞാൻ:
49
Keep
'സ്വാമിൻ ദശരഥനായ രാജാവു ഞാൻ
മാമപരാധിനം രക്ഷിക്കവേണമേ!
50
Keep
ഞാനറിയാതെ മൃഗയാവിവശനാ-
യാന തണ്ണീർകുടിക്കുംനാദമെന്നോർത്തു
51
Keep
ബാണമെയ്തേനതിപാപിയായോരു ഞാൻ
പ്രാണൻ കളയുന്നതുണ്ടിനി വൈകാതെ.'
52
Keep
പാദങ്ങളിൽ വീണു കേണീടുമെന്നോടു
ഖേദം കലർന്നു ചൊന്നാൻ മുനി ബാലകൻ:
53
Keep
'കർമ്മമത്രെ തടുക്കാവതല്ലാർക്കുമേ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
54
Keep
വൈശ്യനത്രേ ഞാൻ മമ പിതാക്കന്മാരെ-
യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ.
55
Keep
വാർദ്ധക്യമേറി ജരാനരയും പൂണ്ടു
നേത്രവും കാണാതെ പാർത്തിരുന്നീടുന്നു
56
Keep
ദാഹേന ഞാൻ ജലം കൊണ്ടങ്ങു ചെല്ലുവാൻ
ദാഹം കെടുക്ക നീ തണ്ണീർ കൊടുത്തിനി
57
Keep
വൃത്താന്തമെല്ലാമവരോടറിയിക്ക
സത്യമെന്നാലവർ നിന്നെയും രക്ഷിക്കും.
58
Keep
എന്നുടെ താതനു കോപമുണ്ടാകിലോ
നിന്നെയും ഭസ്മമാക്കീടുമറിക നീ.
59
Keep
പ്രാണങ്ങൾ പോകാഞ്ഞു പീഡയുണ്ടേറ്റവും
ബാണം പറിക്ക നീ വൈകരുതേതുമേ.'
60
Keep
എന്നതു കേട്ടു ശല്യോദ്ധാരണം ചെയ്തു
പിന്നെസ്സജലം കലശവും കൈക്കൊണ്ടു
61
Keep
ദമ്പതിമാരിരിക്കുന്നവിടെക്കതി-
സംഭ്രമത്തോടു ഞാൻ ചെല്ലുംദശാന്തരേ,
62
Keep
'വൃദ്ധതയോടു നേത്രങ്ങളും വേറുപെ-
ട്ടർദ്ധരാത്രിക്കു വിശന്നു ദാഹിച്ചഹോ
63
Keep
വർത്തിക്കുമെങ്ങൾക്കു തണ്ണീർക്കു പോയൊരു
പുത്രനുമിന്നു മറന്നുകളഞ്ഞിതോ?
64
Keep
മറ്റില്ലൊരാശ്രയം ഞങ്ങൾക്കൊരുനാളും
മുറ്റും ഭവാനൊഴിഞ്ഞെന്തു വൈകീടുവാൻ?
65
Keep
ഭക്തിമാനേറ്റവും മുന്നമെല്ലാമതി-
സ്വസ്ഥനായ് വന്നിതോ നീ കുമാരാ! ബലാൽ?'
66
Keep
ഇപ്രകാരം നിരൂപിച്ചിരിക്കുംവിധൗ
മൽപാദവിന്യാസജധ്വനി കേൾക്കായി
67
Keep
കാൽപ്പെരുമാറ്റം മദീയം തഥാ കേട്ടു
താൽപര്യമോടു പറഞ്ഞു ജനകനും:
68
Keep
'വൈകുവാനെന്തു മൂലം മമ നന്ദന!
വേഗേന തണ്ണീർ തരിക നീ സാദരം.'
69
Keep
ഇത്ഥമാകർണ്ണ്യ ഞാൻ ദമ്പതിമാർപദം
ഭക്ത്യാ നമസ്കരിച്ചെത്രയും ഭീതനായ്
70
Keep
വൃത്താന്തമെല്ലാമറിയിച്ചിതന്നേരം
'പുത്രനല്ലല്ലയോദ്ധ്യാധിപനാകിയ
71
Keep
പൃത്ഥ്വീവരൻ ഞാൻ ദശരഥനെന്നു പേർ.
രാത്രൗ വനാന്തേ മൃഗയാവിവശനായ്
72
Keep
ശാർദ്ദൂലമുഖ്യമൃഗങ്ങളേയും കൊന്നു
പാർത്തിരുന്നേൻ നദീതീരേ മൃഗാശയാ
73
Keep
കുംഭത്തിൽ നീരകം പുക്ക ശബ്ദം കേട്ടു
കുംഭിവരൻ നിജതുമ്പിക്കരംതന്നിൽ
74
Keep
അംഭസ്സുകൊള്ളുന്ന ശബ്ദമെന്നോർക്കയാ-
ലമ്പയച്ചേനറിയാതെ,യതും ബലാൽ
75
Keep
പുത്രനു കൊണ്ടനേരത്തു കരച്ചിൽ കേ-
ട്ടെത്രയും ഭീതനായ് തത്ര ചെന്നീടിനേൻ.
76
Keep
ബാലനെക്കണ്ടു നമസ്കരിച്ചേനതു-
മൂലമവനുമെന്നോടു ചൊല്ലീടിനാൻ:
77
Keep
'കർമ്മമത്രേ മമ വന്നതിതു തവ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
78
Keep
കണ്ണും പൊടിഞ്ഞു വയസ്സുമേറെപ്പുക്കു
പർണ്ണശാലാന്തേ വിശന്നു ദാഹത്തോടും
79
Keep
എന്നെയും പാർത്തിരിക്കും പിതാക്കന്മാർക്കു
തണ്ണീർ കൊടുക്ക'യെന്നെന്നോടു ചൊല്ലിനാൻ.
80
Keep
ഞാനതുകേട്ടുഴറ്റോടു വന്നേനിനി
ജ്ഞാനികളാം നിങ്ങളൊക്കെ ക്ഷമിക്കണം.
81
Keep
ശ്രീപാദപങ്കജമെന്നിയേ മറ്റില്ല
പാപിയായോരടിയന്നവലംബനം
82
Keep
ജന്തുവിഷയം കൃപാവശന്മാരല്ലോ
സന്തതം താപസപുംഗവന്മാർ നിങ്ങൾ.’
83
Keep
ഇത്ഥമാകർണ്ണ്യ കരഞ്ഞുകരഞ്ഞവ-
രെത്രയും ദുഃഖംകലർന്നു ചൊല്ലീടിനാർ:
84
Keep
'പുത്രനെവിടെക്കിടക്കുന്നിതു ഭവാൻ-
തത്രൈവ ഞങ്ങളെക്കൊണ്ടു പോയീടണം.'
85
Keep
ഞാനതു കേട്ടവർതമ്മെയെടുത്തതി-
ദീനതയോടു മകനുടൽ കാട്ടിനേൻ.
86
Keep
'കഷ്ടമാഹന്ത! കഷ്ടം! കർമ്മ'മെന്നവർ
തൊട്ടുതലോടി തനയശരീരവും.
87
Keep
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു
ഖിന്നതയോടവരെന്നോടു ചൊല്ലിനാർ:
88
Keep
'നീയിനി നല്ല ചിത ചമച്ചീടണം
തീയുമേറ്റം ജ്വലിപ്പിച്ചു വൈകിടാതെ.'
89
Keep
തത്ര ഞാനും ചിത കൂട്ടിനേനന്നേരം
പുത്രേണസാകം പ്രവേശിച്ചവർകളും
90
Keep
ദഗ്ദ്ധദേഹന്മാരുമായ് ചെന്നു മൂവരും
വൃത്രാരിലോകം ഗമിച്ചു വാണീടിനാർ.
91
Keep
വൃദ്ധതപോധനനന്നേരമെന്നോടു
'പുത്രശോകത്താൽ മരിക്കെ'ന്നു ചൊല്ലിനാൻ.
92
Keep
ശാപകാലം നമുക്കാഗതമായിതു
താപസവാക്യമസത്യമായും വരാ."
93
Keep
മന്നവനേവം പറഞ്ഞുവിലാപിച്ചു
പിന്നെയും പിന്നെയും കേണുതുടങ്ങിനാൻ:
94
Keep
"ഹാ രാമ! പുത്ര! ഹാ സീതേ! ജനകജേ!
ഹാ രാമ! ലക്ഷ്മണ! ഹാ ഹാ ഗുണാംബുധേ!
95
Keep
നിങ്ങളോടും പിരിഞ്ഞെന്മരണം പുന-
രിങ്ങനെ വന്നതു കൈകേയിസംഭവം."
96
Keep
രാജീവനേത്രനെ ചിന്തിച്ചു ചിന്തിച്ചു
രാജാ ദശരഥൻ പുക്കു സുരാലയം.
Previous
←
ചിത്രകൂടപ്രവേശം
Next
ഭരതാനയനം
→