Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ലങ്കാദഹനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"വദനമപി കരചരണമല്ല ശൗര്യാസ്പദം
വാനരന്മാർക്കു വാൽമേൽ ശൗര്യമാകുന്നു
2
Keep
വയമതിനുഝടിതി വസനേന വാൽ വേഷ്ടിച്ചു
വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും
3
Keep
രജനിചരപരിവൃഢരെടുത്തു വാദ്യം കൊട്ടി
രാത്രിയിൽ വന്നൊരു കള്ളനെന്നിങ്ങനെ
4
Keep
നിഖിലദിശി പലരുമിഹ കേൾക്കുമാറുച്ചത്തിൽ
നീളെ വിളിച്ചുപറഞ്ഞു നടത്തുവിൻ
5
Keep
കുലഹതകനിവനറികനിസ്തേജനെന്നു തൻ-
കൂട്ടത്തിൽ നിന്നു നീക്കീടും കപികുലം"
6
Keep
തിലരസഘൃതാദിസംസിക്തവസ്ത്രങ്ങളാൽ
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ
7
Keep
അതുലബലനചലതരമവിടെ മരുവീടിനാ-
നത്യായതസ്ഥൂലമായിതു വാൽ തദാ-
8
Keep
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു-
വാലുമതീവ ശേഷിച്ചിതു പിന്നെയും
9
Keep
നിഖിലനിലയനനിഹിതപട്ടാംബരങ്ങളും
നീളെത്തിരഞ്ഞു കൊണ്ടന്നു ചുറ്റീടിനാർ.
10
Keep
അതുമുടനൊടുങ്ങി വാൽശേഷിച്ചു കണ്ടള-
വങ്ങുമിങ്ങും ചെന്നു കൊണ്ടുവന്നീടിനാർ
11
Keep
തിലജഘൃതസുസ്നേഹസംസിക്തവസ്ത്രങ്ങൾ
ദിവ്യപട്ടാംശുകജാലവും ചുറ്റിനാർ
12
Keep
നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി
സ്നേഹവുമെല്ലാമൊടുങ്ങിതശേഷവും
13
Keep
അലമലമിതമലനിവനെത്രയും ദിവ്യനി-
താർക്കു തോന്നി വിനാശത്തിനെന്നാർ ചിലർ
14
Keep
അനലമിഹ വസനമിതിനനലമിനി വാലധി-
ക്കാശു കൊളുത്തുവിൻ വൈകരുതേതുമേ
15
Keep
പുനരവരുമതു പൊഴുതു തീകൊളുത്തീടിനാർ
പുച്ഛാഗ്രദേശേ പുരന്ദരാരാദികൾ
16
Keep
ബലസഹിതമബലമിവ രജ്ജുഖണ്ഡം കൊണ്ടു-
ബദ്ധ്വാ ദൃഢതരം ധൃത്വാ കപിവരം
17
Keep
കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ
കൃത്വാ രവമരം ഗത്വാ പുരവരം
18
Keep
പറകളെയുമുടനുടനറഞ്ഞറഞ്ഞങ്ങനെ
പശ്ചിമദ്വാരദേശേ ചെന്നനന്തരം
19
Keep
പവനജനുമതികൃശശരീരനായീടിനാൻ
പാശവുമപ്പോൾ ശിഥിലമായ് വന്നിതു
20
Keep
ബലമൊടവനതിചപലമചലനിഭഗാത്രനായ്
ബന്ധവും വേർപെട്ടു മേൽപ്പോട്ടുപൊങ്ങിനാൻ
21
Keep
ചരമഗിരിഗോപുരാഗ്രേ വായുവേഗേന
ചാടിനാൻ വാഹകന്മാരെയും കൊന്നവൻ
22
Keep
ഉഡുപതിയൊടുരസുമളവുയരമിയലുന്ന ര-
ത്നോത്തുംഗസൗധാഗ്രമേറി മേവീടിനാൻ
23
Keep
ഉദവസിതനികരമുടനുടനുപരിവേഗമോ-
ടുൽപ്ലുത്യ പിന്നെയുമുൽപ്ലുത്യ സത്വരം
24
Keep
കനകമണിമയനിലയമഖിലമനിലാത്മജൻ
കത്തിച്ചു കത്തിച്ചു വർദ്ധിച്ചിതഗ്നിയും
25
Keep
പ്രകൃതിചപലതയൊടവനചലമോരോ മണി-
പ്രാസാദജാലങ്ങൾ ചുട്ടുതുടങ്ങിനാൻ
26
Keep
ഗജതുരഗരഥബലപദാതികൾപംക്തിയും
ഗമ്യങ്ങളായുള്ള രമ്യഹർമ്മ്യങ്ങളും
27
Keep
അനലശിഖകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്ത! വിഷ്ണുപദം ഗമിച്ചു തഥാ
28
Keep
വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
29
Keep
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയർന്നു ചെന്നു മുദാ
30
Keep
ഭുവനതലഗതവിമലദിവ്യരത്നങ്ങളാൽ
ഭൂതിപരിപൂർണ്ണമായുള്ള ലങ്കയും
31
Keep
പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും
ഭൂതിപരിപൂർണ്ണമായ് വന്നിതത്ഭുതം
32
Keep
ദശവദനസഹജഗൃഹമെന്നിയേ മറ്റുള്ള
ദേവാരിഗേഹങ്ങൾ വെന്തുകൂടി ജവം
33
Keep
രഘുകുലപതിപ്രിയഭൃത്യനാം മാരുതി
രക്ഷിച്ചുകൊണ്ടാൻ വിഭീഷണമന്ദിരം
34
Keep
കനകമണിമയനിലയനികരമതുവെന്തോരോ
കാമിനീവർഗ്ഗം വിലാപം തുടങ്ങിനാർ
35
Keep
ചികുരഭരവസനചരണാദികൾ വെന്താശു
ജീവനും വേർപെട്ടു ഭൂമൗ പതിക്കയും
36
Keep
ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു-
മുന്നതമായ സൗധങ്ങളിലേറിയും
37
Keep
ദഹനനുടനവിടെയുമടുത്തു ദഹിപ്പിച്ചു
താഴത്തുവീണു പിടഞ്ഞുമരിക്കയും
38
Keep
മമതനയ! രമണ! ജനക! പ്രാണനാഥ! ഹാ
മാമകം കർമ്മമയ്യോ! വിധി ദൈവമേ!
39
Keep
മരണമുടനുടലുരുകി മുറുകി വരികെന്നതു
മാറ്റുവാനാരുമില്ലയ്യോ! ശിവ! ശിവ!
40
Keep
ദുരിതമിതുരജനിചരവരവിരചിതം ദൃഢം
മറ്റൊരു കാരണമില്ലിതിനേതുമേ
41
Keep
പരധനവുമമിതപരദാരങ്ങളും ബലാൽ
പാപി ദശാസ്യൻ പരിഗ്രഹിച്ചാൻ തുലോം
42
Keep
അറികിലനുചിതമതു മദേന ചെയ്തീടായ്വി-
നാരുമതിന്റെ ഫലമിതു നിർണ്ണയം
43
Keep
മനുജതരുണിയെയൊരു മഹാപാപി കാമിച്ചു
മറ്റുള്ളവർക്കുമാപത്തായിതിങ്ങനെ.
44
Keep
സുകൃതദുരിതങ്ങളും കാര്യമകാര്യവും
സൂക്ഷിച്ചു ചെയ്തുകൊള്ളേണം ബുധജനം
45
Keep
മദനശരപരവശതയോടു ചപലനായിവൻ
മാഹാത്മ്യമുള്ളപതിവ്രതമാരെയും
46
Keep
കരബലമൊടനുദിനമണഞ്ഞു പിടിച്ചതി
കാമി ചാരിത്രഭംഗം വരുത്തീടിനാൻ
47
Keep
അവർ മനസി മരുവിന തപോമയപാവക-
നദ്യ രാജ്യേ പിടിപെട്ടിതു കേവലം
48
Keep
നിശിചരികൾ ബഹുവിധമോരോന്നേ പറകയും
നിൽക്കും നിലയിലേ വെന്തുമരിക്കയും
49
Keep
ശരണമിഹ കിമിതി പലവഴിയുമുടനോടിയും
ശാഖികൾ വെന്തുമുറിഞ്ഞുടൻ വീഴ്കയും
50
Keep
രഘുകുലവരേഷ്ടദൂതൻ ത്രിയാമാചര-
രാജ്യമെഴുനൂറു യോജനയും ക്ഷണാൽ
51
Keep
സരസബഹുവിഭവയുതഭോജനം നൽകിനാൻ
സന്തുഷ്ടനായിതു പാവകദേവനും
52
Keep
ലഘുതരമനിലതനയനമൃതനിധി തന്നിലേ
ലാംഗുലവും തച്ചു തീ പൊലിച്ചീടിനാൻ
53
Keep
പവനജനെ ദഹനനപി ചുട്ടതില്ലേതുമെ
പാവകനിഷ്ടസഖനാകകാരണം
54
Keep
പതിനിരതയാകിയ ജാനകീദേവിയാൽ
പ്രാർത്ഥിതനാകയാലും കരുണാവശാൽ
55
Keep
അവനിതനയാകൃപാവൈഭവമത്ഭുത-
മത്യന്തശീതളനായിതു വഹ്നിയും
56
Keep
രജനിചരകുലവിപിനപാവകനാകിയ
രാമനാമസ്മൃതികൊണ്ടു മഹാജനം
57
Keep
തനയധനദാരമോഹാർത്തരെന്നാകിലും
താപത്രയാനലനെക്കടന്നീടുന്ന
58
Keep
തദഭിമതകാരിയായുള്ള ദൂതന്നു സ-
ന്താപം പ്രകൃതാനലേന ഭവിക്കുമോ?
59
Keep
ഭവതി യദി മനുജജനനം ഭുവി സാമ്പ്രതം
പങ്കജലോചനനെബ്ഭജിച്ചീടുവിൻ
60
Keep
ഭുവനപതി ഭുജഗപതിശയനഭജനം ഭുവി
ഭൂതദൈവാത്മസംഭൂതതാപാപഹം
61
Keep
തദനുകപികുലവരനുമവനിതനയാപദം
താണു തൊഴുതു നമസ്കൃത്യ ചൊല്ലിനാൻ
62
Keep
"അഹമിനിയുമുഴറി നടകൊള്ളുവനക്കര-
യ്ക്കാജ്ഞാപയാശു ഗച്ഛാമി രാമാന്തികം
63
Keep
രഘുവരനുമവരജനുമരുണജനുമായ് ദ്രുത-
മാഗമിച്ചീടുമനന്തസേനാസമം
64
Keep
മനസി തവ ചെറുതു പരിതാപമുണ്ടാകൊലാ
മദ്ഭരം കാര്യമിനി ജനകാത്മജേ!"
65
Keep
തൊഴുതമിതവിനയമിതി ചൊന്നവൻതന്നോടു
ദുഃഖമുൾക്കൊണ്ടു പറഞ്ഞിതു സീതയും:
66
Keep
"മമ രമണചരിതമുരചെയ്ത നിന്നെക്കണ്ടു
മാനസതാപമകന്നിതു മാമകം
67
Keep
കഥമിനിയുമഹമിഹ വസാമി ശോകേന മൽ-
ക്കാന്തവൃത്താന്തശ്രവണസൗഖ്യം വിനാ"
68
Keep
ജനകനൃപദുഹിതൃഗിരമിങ്ങനെ കേട്ടവൻ
ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാൻ:
69
Keep
"കളക ശുചമിനി വിരഹമലമതിനുടൻ മമ
സ്കന്ധമാരോഹ ക്ഷണേന ഞാൻ കൊണ്ടുപോയ്
70
Keep
തവരമണസവിധമുപഗമ്യ യോജിപ്പിച്ചു
താപമശേഷമദ്യൈവ തീർത്തീടുവൻ"
71
Keep
പവനസുത വചനമിതി കേട്ടു വൈദേഹിയും
പാരം പ്രസാദിച്ചു പാർത്തുചൊല്ലീടിനാൾ:
72
Keep
"അതിനുതവകരുതുമളവില്ലൊരു ദണ്ഡമെ-
ന്നാത്മനി വന്നിതു വിശ്വാസമദ്യ മേ
73
Keep
ശുഭചരിതനതിബലമൊടാശു ദിവ്യാസ്ത്രേണ
ശോഷണബന്ധനാദ്യൈരപി സാഗരം
74
Keep
കപികുലബലേന കടന്നു ജഗത്ത്രയ-
കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മാം
75
Keep
മറിവൊടൊരു നിശി രഹസി കൊണ്ടുപോയാലതു
മൽപ്രാണനാഥകീർത്തിക്കു പോരാ ദൃഢം
76
Keep
രഘുകുലജവരനിവിടെവന്നു യുദ്ധം ചെയ്തു
രാവണനെക്കൊന്നു കൊണ്ടു പൊയ്ക്കൊള്ളുവാൻ
77
Keep
അതിരഭസമയി തനയ! വേലചെയ്തീടു നീ-
യത്രനാളും ധരിച്ചീടുവൻ ജീവനെ"
78
Keep
ഇതിസദയമവനൊടരുൾചെയ്തയച്ചീടിനാ-
ളിന്ദിരാദേവിയും, പിന്നെ വാതാത്മജൻ
79
Keep
തൊഴുതഖിലജനനിയൊടു യാത്ര വഴങ്ങിച്ചു
തൂർണ്ണം മഹാർണ്ണവം കണ്ടു ചാടീടിനാൻ.
Previous
←
ഹനുമാന്റെ ഹിതോപദേശം
Next
ഹനുമാന്റെ പ്രത്യാഗമനം
→