Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണഗാത്രദഹനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അഗ്രജൻ വീണതു കണ്ടു വിഭീഷണൻ
വ്യഗ്രിച്ചരികത്തു ചെന്നിരുന്നാകുലാൽ
2
Keep
ദുഃഖം കലർന്നു വിലാപം തുടങ്ങിനാ-
"നൊക്കെ വിധിബലമല്ലോ വരുന്നതും
3
Keep
ഞാനിതൊക്കെപ്പറഞ്ഞീടിനേൻ മുന്നമേ
മാനം നടിച്ചെന്നെയും വെടിഞ്ഞീടിന
4
Keep
വീര! മഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായിതു
5
Keep
കണ്ടിതെല്ലാം ഞാനനുഭവിക്കേണമെ-
ന്നുണ്ടു ദൈവത്തിനതാർക്കൊഴിക്കാവതും?"
6
Keep
ഏവം കരയും വിഭീഷണൻ തന്നോടു
ദേവദേവേശനരുൾചെയ്തിതാദരാൽ
7
Keep
"എന്നോടഭിമുഖനായ് നിന്നു പോർചെയ്തു
നന്നായ് മരിച്ച മഹാശൂരനാമിവൻ-
8
Keep
തന്നെക്കുറിച്ചു കരയരുതേതുമേ
നന്നല്ലതുപരലോകത്തിനു സഖേ!
9
Keep
വീരരായുള്ള രാജാക്കൾധർമ്മം നല്ല
പോരിൽ മരിക്കുന്നതെന്നറിയേണമേ!
10
Keep
പോരിൽ മരിച്ചു വീരസ്വർഗ്ഗസിദ്ധിക്കു
പാരം സുകൃതികൾക്കെന്നി യോഗം വരാ
11
Keep
ദോഷങ്ങളെല്ലാമൊടുങ്ങി, നീ വന്നിനി-
ശ്ശേഷക്രിയയ്ക്കു തുടങ്ങുക വൈകാതെ"
12
Keep
ഇത്ഥമരുൾ ചെയ്തു നിന്നരുളുന്നേരം
തത്ര മണ്ഡോദരി കേണു വന്നീടിനാൾ
13
Keep
ലങ്കാധിപൻമാറിൽ വീണു കരഞ്ഞുമാ-
തങ്കമുൾക്കൊണ്ടു മോഹിച്ചും പുനരുടൻ
14
Keep
ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള
നാരീജനങ്ങളും കേണുതുടങ്ങിനാർ
15
Keep
പംക്തിരഥാത്മജനപ്പോളരുൾചെയ്തു
പംക്തിമുഖാനുജൻ തന്നോടു സാദരം
16
Keep
"രാവണൻ തന്നുടൽ സംസ്കരിച്ചീടുക
പാവകനെജ്ജ്വലിപ്പിച്ചിനിസ്സത്വരം"
17
Keep
തത്ര വിഭീഷണൻ ചൊന്നാ"നിവനോള-
മിത്ര പാപം ചെയ്തവരില്ല ഭൂതലേ
18
Keep
യോഗ്യമല്ലേതുമടിയനിവനുടൽ-
സംസ്കരിച്ചീടുവാ"നെന്നു കേട്ടേറ്റവും
19
Keep
വന്ന ബഹുമാനമോടേ രഘൂത്തമൻ
പിന്നെയും ചൊന്നാൻ വിഭീഷണൻ തന്നോടു
20
Keep
"മൽബാണമേറ്റു രണാന്തേ മരിച്ചൊരു
കർബ്ബുരാധീശ്വരനറ്റിതു പാപങ്ങൾ
21
Keep
വൈരവുമാമരണാന്തമെന്നാകുന്നി-
തേറിയ സദ്ഗതിയുണ്ടാവതിന്നു നീ
22
Keep
ശേഷക്രിയകൾ വഴിയേ കഴിക്കൊരു
ദോഷം നിനക്കതിനേതുമകപ്പെടാ"
23
Keep
ചന്ദനഗന്ധാദികൊണ്ടു ചിതയുമാ-
നന്ദേന കൂട്ടി മുനിവരന്മാരുമായ്
24
Keep
വസ്ത്രാഭരണമാല്യങ്ങൾകൊണ്ടും തദാ
നക്തഞ്ചരാധിപദേഹമലങ്കരി-
25
Keep
ച്ചാർത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി-
ഹോത്രികളെസ്സംസ്കരിയ്ക്കുന്നവണ്ണമേ
26
Keep
രാവണദേഹം ദഹിപ്പിച്ചു തന്നുടെ
പൂർവജനായുദകക്രിയയും ചെയ്തു
27
Keep
നാരികൾ ദുഃഖം പറഞ്ഞു പോക്കിച്ചെന്നു
ശ്രീരാമപാദം നമസ്കരിച്ചീടിനാൻ
28
Keep
മാതലിയും രഘുനാഥനെ വന്ദിച്ചു
ജാതമോദം പോയ് സുരാലയം മേവിനാൻ
29
Keep
ചെന്നു നിജനിജ മന്ദിരം പുക്കിതു
ജന്യാവലോകനം ചെയ്തു നിന്നോർകളും
Previous
←
രാവണവധം
Next
വിഭീഷണരാജ്യാഭിഷേകം
→