Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ദേവേന്ദ്രസ്തുതി
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Stotra
1
Keep
സംക്രന്ദനൻ തദാ രാമനെ നിർജ്ജര-
സംഘേന സാർദ്ധം വണങ്ങി സ്തുതിച്ചിതു
2
Keep
"രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം
രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം
3
Keep
ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള-
തിങ്ങനെ കാരുണ്യപീയൂഷവാരിധേ!
4
Keep
നിന്തിരുനാമാമൃതം ജപിച്ചീടുവാൻ
സന്തതം തോന്നേണമെൻപോറ്റി മാനസേ
5
Keep
നിൻ ചരിതാമൃതം ചൊൽവാനുമെപ്പോഴു-
മെൻ ചെവികൊണ്ടു കേൾപ്പാനുമനുദിനം
6
Keep
യോഗം വരുവാനനുഗ്രഹിച്ചീടണം
യോഗമൂർത്തേ! ജനകാത്മജാവല്ലഭ!
7
Keep
ശ്രീമഹാദേവനും നിന്തിരുനാമങ്ങൾ
രാമരാമേതി ജപിക്കുന്നിതന്വഹം
8
Keep
ത്വൽപാദതീർത്ഥം ശിരസി വഹിക്കുന്നി-
തെപ്പോഴുമാത്മശുദ്ധിക്കുമാവല്ലഭൻ"
9
Keep
ഏവം പലതരം ചൊല്ലി സ്തുതിച്ചോരു
ദേവേന്ദ്രനോടരുൾചെയ്തിതു രാഘവൻ
10
Keep
"മൃത്യു ഭവിച്ച കപികുലവീരരെ-
യത്തൽക്കളഞ്ഞു ജീവിപ്പിക്കയും വേണം
11
Keep
പക്വഫലങ്ങൾ കപികൾ ഭക്ഷിക്കുമ്പോ-
ളൊക്കെ മധുരമാക്കിച്ചമച്ചീടുക
12
Keep
വാനരന്മാർക്കു കുടിപ്പാൻ നദികളും
തേനായൊഴുകേണ"മെന്നു കേട്ടിന്ദ്രനും
13
Keep
എല്ലാമരുൾചെയ്തവണ്ണം വരികെന്നു
കല്യാണമുൾക്കൊണ്ടനുഗ്രഹിച്ചീടിനാൻ
14
Keep
നന്നായുറങ്ങിയുണർന്നവരെപ്പോലെ
മന്നവൻതന്നെത്തൊഴുതാരവർകളും
15
Keep
ചന്ദ്രചൂഡൻ പരമേശ്വരനും രാമ-
ചന്ദ്രനെ നോക്കിയരുൾചെയ്തിതന്നേരം
16
Keep
"നിന്നുടെ താതൻ ദശരഥൻ വന്നിതാ
നിന്നു വിമാനമമർന്നു നിന്നെക്കാണ്മാൻ
17
Keep
ചെന്നു വണങ്ങുകെ"ന്നൻപോടു കേട്ടഥ
മന്നവൻ സംഭ്രമം പൂണ്ടു വണങ്ങിനാൻ
18
Keep
വൈദേഹിതാനും സുമിത്രാതനയനു-
മാദരവോടു വന്ദിച്ചു ജനകനെ
19
Keep
ഗാഢം പുണർന്നു നിറുകയിൽ ചുംബിച്ചു
ഗൂഢനായോരു പരമപുരുഷനെ
20
Keep
സൗമിത്രിതന്നെയും മൈഥിലിതന്നെയും
പ്രേമപൂർണ്ണം പുണർന്നാനന്ദമഗ്നനായ്
21
Keep
ചിന്മയനോടു പറഞ്ഞു ദശരഥ-
"നെന്മകനായി പിറന്ന ഭവാനെ ഞാൻ
22
Keep
നിർമ്മലമൂർത്തേ! ധരിച്ചതിന്നാകയാൽ
ജന്മമരണാദി ദുഃഖങ്ങൾ തീർന്നിതു
23
Keep
നിന്മഹാമായ മോഹിപ്പിയായ്കെന്നെയും
കല്മഷനാശന! കാരുണ്യവാരിധേ!"
24
Keep
താതവാക്യം കേട്ടു രാമചന്ദ്രൻ തദാ
മോദേന പോവാനനുവദിച്ചീടിനാൻ
25
Keep
ഇന്ദ്രാദിദേവകളോടും ദശരഥൻ
ചെന്നമരാവതി പുക്കു മരുവിനാൻ
26
Keep
സത്യസന്ധൻ തന്നെ വന്ദിച്ചനുജ്ഞയാ
സത്യലോകം ചെന്നുപുക്കു വിരിഞ്ചനും
27
Keep
കാർത്യായനീദേവിയോടും മഹേശ്വരൻ
പ്രീത്യാ വൃഷാരൂഢനായെഴുന്നള്ളിനാൻ
28
Keep
ശ്രീരാമചന്ദ്രനിയോഗേന പോയിതു
നാരദനാദി മഹാമുനിവൃന്ദവും
29
Keep
പുഷ്കരനേത്രനെ വാഴ്ത്തി നിരാകുലം
പുഷ്കരചാരികളും നടന്നീടിനാർ
Previous
←
സീതാസ്വീകാരം
Next
അയോദ്ധ്യയിലേക്കുള്ള യാത്ര
→