Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഹനൂമദ്ഭരതസംവാദം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
പിന്നെ മുഹൂർത്തമാത്രം നിരൂപിച്ചഥ
ചൊന്നാനനിലാത്മജനോടു രാഘവൻ
2
Keep
"ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരൻ-
തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ
3
Keep
വന്നീടുകെന്നുടെ വൃത്താന്തവും പുന-
രൊന്നൊഴിയാതെയവനോടു ചൊല്ലണം
4
Keep
പോകുന്നനേരം ഗുഹനെയും ചെന്നു ക-
ണ്ടേകാന്തമായറിയിച്ചീടവസ്ഥകൾ"
5
Keep
മാരുതി മാനുഷവേഷം ധരിച്ചു പോയ്
ശ്രീരാമവൃത്തം ഗുഹനെയും കേൾപ്പിച്ചു
6
Keep
സത്വരം ചെന്നു നന്ദിഗ്രാമമുൾപ്പുക്കു
ഭക്തനായീടും ഭരതനെക്കൂപ്പിനാൻ
7
Keep
പാദുകവും വച്ചു പൂജിച്ചനാരതം
ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ്
8
Keep
സോദരനോടുമമാത്യജനത്തോടു-
മാദരപൂർവം ജടാവൽക്കലം പൂണ്ടു
9
Keep
മൂലഫലവും ഭുജിച്ചു കൃശാംഗനായ്
ബാലനോടുംകൂടെ വാഴുന്നതു കണ്ടു
10
Keep
മാരുതിയും ബഹുമാനിച്ചിതേറ്റവു-
'മാരുമില്ലിത്ര ഭക്തന്മാരവനിയിൽ'
11
Keep
എന്നു കല്പിച്ചു വണങ്ങി വിനീതനായ്
നിന്നു മധുരമാമ്മാറു ചൊല്ലീടിനാൻ
12
Keep
"അഗ്രജൻ തന്നെ മുഹൂർത്തമാത്രേണ നി-
ന്നഗ്രേ നിരാമയം കാണാം ഗുണനിധേ!
13
Keep
സീതയോടും സുമിത്രാത്മജൻതന്നോടു-
മാദരവേറും പ്ലവഗബലത്തൊടും
14
Keep
സുഗ്രീവനോടും വിഭീഷണൻതന്നോടു-
മുഗ്രമായുള്ള രക്ഷോബലം തന്നൊടും
15
Keep
പുഷ്പകമാം വിമാനത്തിന്മേലേറി വ-
ന്നിപ്പോളിവിടെയിറങ്ങും ദയാപരൻ
16
Keep
രാവണനെക്കൊന്നു ദേവിയേയും വീണ്ടു
ദേവകളാലഭിവന്ദിതനാകിയ
17
Keep
രാഘവനെക്കണ്ടു വന്ദിച്ചു മാനസേ
ശോകവും തീർന്നു വസിക്കാമിനിച്ചിരം"
18
Keep
ഇത്ഥമാകർണ്യ ഭരതകുമാരനും
ബദ്ധസമ്മോദം വിമൂർച്ഛിതനായ് വീണു
19
Keep
സത്വരമാശ്വസ്തനായ നേരം പുന-
രുത്ഥായ ഗാഢമായാലിംഗനം ചെയ്തു
20
Keep
വാനരവീരശിരസി മുദാ പര-
മാനന്ദബാഷ്പാഭിഷേകവും ചെയ്തിതു
21
Keep
"ദേവോത്തമനോ നരോത്തമനോ ഭവാ-
നേവമെന്നെക്കുറിച്ചിത്ര കൃപയോടും
22
Keep
ഇഷ്ടവാക്യം ചൊന്നതിന്നനുരൂപമായ്-
ത്തുഷ്ട്യാ തരുവതിനില്ല മറ്റേതുമേ
23
Keep
ശോകം മദീയം കളഞ്ഞ ഭവാനു ഞാൻ
ലോകം മഹാമേരു സാകം തരികിലും
24
Keep
തുല്യമായ് വന്നുകൂടാ പുനരെങ്കിലും
ചൊല്ലീടെടോ രാമകീർത്തനം സൗഖ്യദം
25
Keep
മാനവനാഥനു വാനരന്മാരോടു
കാനനേ സംഗമമുണ്ടായതെങ്ങനെ?
26
Keep
വൈദേഹിയെക്കട്ടുകൊണ്ടവാറെങ്ങനെ
യാതുധാനാധിപനാകിയ രാവണൻ?"
27
Keep
ഇത്തരം ചോദിച്ച രാജകുമാരനോ-
ടുത്തരം മാരുതപുത്രനും ചൊല്ലിനാൻ
28
Keep
"എങ്കിലോ നിങ്ങളച്ചിത്രകൂടാചല-
ത്തിങ്കൽനിന്നാധികലർന്നു പിരിഞ്ഞനാൾ
29
Keep
ആദിയായിന്നോളമുള്ളോരവസ്ഥക-
ളാദരമുൾക്കൊണ്ടു ചൊല്ലുന്നതുണ്ടു ഞാൻ
30
Keep
ഒന്നൊഴിയാതെ തെളിഞ്ഞു കേട്ടീടുക
വന്നുപോം ദുഃഖവിനാശം തപോനിധേ"
31
Keep
എന്നു പറഞ്ഞറിയിച്ചാനഖിലവും
മന്നവൻതൻ ചരിത്രം പവിത്രം പരം
32
Keep
ശത്രുഘ്നമിത്രഭൃത്യാമാത്യവർഗ്ഗവും
ചിത്രം വിചിത്രമെന്നോർത്തു കൊണ്ടീടിനാർ
Previous
←
അയോദ്ധ്യയിലേക്കുള്ള യാത്ര
Next
അയോദ്ധ്യാപ്രവേശം
→